ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും കലോത്സവം ശ്രദ്ധേയമാവുകയാണ്. പ്രവാസലോകത്തെ പഠനം അന്യമാക്കിയ നാട്ടിലെ കലോത്സവത്തില്‍ പങ്കെടുത്ത പ്രതീതിയാണ് യുഫെസ്റ്റിലൂടെയുണ്ടായതെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു.

റാസല്‍ഖൈമ: യുഎഇയിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കലാപ്രതിഭകളെ തെരഞ്ഞെടുക്കാനുള്ള യുഫെസ്റ്റ് മത്സരങ്ങള്‍ റാസല്‍ഖൈമയില്‍ പുരോഗമിക്കുന്നു. 27 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളില്‍ രണ്ടുവേദികളിലായി നടക്കുന്ന മത്സരത്തില്‍ റാസല്‍ഖൈമ, ഫുജൈറ, ഉമുല്‍ഖുവൈന്‍, അജ്മാന്‍ എമിറേറ്റുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 21 സ്കൂളുകളില്‍ നിന്നായി 1080 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരയ്ക്കുന്നു. തിരുവാതിര, ഭരതനാട്യം, നാടോടി നൃത്തം, ലളിതഗാനം തുടങ്ങിയ ഇനങ്ങളില്‍ ടീമുകള്‍ മികച്ച നിലവാരം പുലര്‍ത്തി.

ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും കലോത്സവം ശ്രദ്ധേയമാവുകയാണ്. പ്രവാസലോകത്തെ പഠനം അന്യമാക്കിയ നാട്ടിലെ കലോത്സവത്തില്‍ പങ്കെടുത്ത പ്രതീതിയാണ് യുഫെസ്റ്റിലൂടെയുണ്ടായതെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു.

തുടര്‍ച്ചയായി 12 വര്‍ഷം കേരള കലോത്സവം നിയന്ത്രിച്ച ആറംഗ സംഘമാണ് മത്സരത്തിന്‍റെ വിധികര്‍ത്താക്കള്‍. മേഖലാതല മത്സരങ്ങള്‍ക്കുശേഷം നവംബര്‍ മുപ്പത് ഡിസംബര്‍ ഒന്ന് തിയതികളില്‍ ദുബായില്‍ വച്ചു നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലൂടെയായിരിക്കും യുഎഇയിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കലാപ്രതിഭകളെ തിരഞ്ഞെടുക്കുക.