Asianet News MalayalamAsianet News Malayalam

പാസ്‍പോര്‍ട്ടല്ല മുഖമാണ് ദുബൈ വിമാനത്താവളത്തില്‍ ഇനി യാത്രാ രേഖ; അത്യാധുനിക സംവിധാനം നിലവില്‍ വന്നു

പാസ്‍പോർട്ട് മാത്രമല്ല  ബോഡിങ് പാസ് വരെ ഈ നടപടിക്ക് ആവശ്യമില്ല. എല്ലാം മുഖം തിരിച്ചറിയുവാനുള്ള സേഫ്റ്റ്‌വെയർ അതാത്  സമയത്ത് വേണ്ടത് ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ പാസ്‍പോർട്ടിന് പകരം മുഖം  കാണിച്ചു വിമാനയാത്ര ചെയ്യാൻ കഴിയുമെന്ന് അർത്ഥം. 

your face is your passport Now in Dubai Airports
Author
Dubai - United Arab Emirates, First Published Feb 22, 2021, 11:41 PM IST

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ പാസ്‍പോർട്ടോ, എമിറേറ്റ്സ്  ഐഡിയോ ഉപയോഗിച്ചാണ് മുമ്പ് ആളുകൾ എമിഗ്രേഷൻ നടപടികൾ  പൂർത്തീകരിച്ചിരുന്നത് .  എന്നാൽ ഇതെല്ലാം മടക്കിവെച്ച്,  ടിക്കറ്റ് ചെക്കിംഗ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറും വരെ  മുഖം മാത്രം കാണിച്ചു നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന യാത്രാ സംവിധാനം കഴിഞ്ഞദിവസം  ദുബായ് എയർപോർട്ടിൽ നിലവിൽ വന്നിരിക്കുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞ് നടപടി പൂർത്തികരിക്കാൻ സാധിക്കുന്ന ബയോമെട്രിക് അതിവേഗ  യാത്രാ സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്.

പാസ്‍പോർട്ട് മാത്രമല്ല  ബോഡിങ് പാസ് വരെ ഈ നടപടിക്ക് ആവശ്യമില്ല. എല്ലാം മുഖം തിരിച്ചറിയുവാനുള്ള സേഫ്റ്റ്‌വെയർ അതാത്  സമയത്ത് വേണ്ടത് ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ പാസ്‍പോർട്ടിന് പകരം മുഖം  കാണിച്ചു വിമാനയാത്ര ചെയ്യാൻ കഴിയുമെന്ന് അർത്ഥം. ഇവിടെ മുഖമാണ് യാത്ര രേഖ. അഞ്ചുമുതൽ 9 വരെ സെക്കൻഡുകൾക്കുള്ളിലാണ് ഈ യാത്ര നടപടി സാധ്യമാകുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി നിർവഹിച്ചു. ബയോമെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സമാന ഇരട്ടകളെ പോലും വേർതിരിച്ചറിയുവാൻ കഴിയുന്ന അത്യാധുനിക സേഫ്‍റ്റ്‍വെയറുകളിലൂടെയാണ്  ഈ നടപടി സാധ്യമാക്കുന്നത്.
your face is your passport Now in Dubai Airports

വിമാന ടിക്കറ്റ് ചെക്കിംഗ് പവലിയനിൽ മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ നോക്കുക എന്നതാണ് ഈ നടപടിയുടെ ആദ്യ ഘട്ടം. തുടർന്ന് എമിഗ്രേഷൻ നടപടിക്കുള്ള ഗേറ്റിൽ സ്ഥാപിച്ച ക്യാമറയിൽ മുഖം കാണിച്ചാൽ സിസ്റ്റത്തിലുള്ള മുഖവും, കണ്ണും യാത്രക്കാരന്റെതാണന്ന്  സിസ്റ്റം  ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നോരോന്നായി തുറക്കപ്പെടും. എന്നാൽ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ആദ്യത്തെ തവണ അവരുടെ പാസ്‍പോർട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും. മുഖവും, കണ്ണുകളും സിസ്റ്റത്തിലേക്ക് പകർത്തുകയും വേണം. പിന്നീട്  തുടർ യാത്രയ്ക്ക് ഈ രജിസ്‌ട്രേഷൻ ആവിശ്യമില്ല. ഈ യാത്രയ്ക്ക് പാസ്‍പോർട്ട് അവിശ്യമിലെങ്കിലും തങ്ങളുടെ എല്ലാ യാത്രരേഖകളും എപ്പോഴും യാത്രക്കാർ കൈയിൽ കരുതണമെന്ന് അധികൃതർ ഓർമിപ്പിച്ചു. 

 ആദ്യഘട്ടത്തിൽ  എമിറേറ്റ്‌സ് വിമാനത്തിന്റെ ബിസിനസ്, ഫാസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട്‌ ഗേറ്റിലൂടെയും, സ്മാർട്ട് ടണലിടെയും യാത്രക്കാർക്ക് കടന്ന് പോകാം. പുതിയ സംവിധാനം എയർപോർട്ടിലൂടെയുള്ള  യാത്രയുടെ ഭാവിയിലേക്കുള്ള ആദ്യപടിയാണെന്ന് ദുബായ്  ജി.ഡി.ആർ.എഫ്.എ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.  
your face is your passport Now in Dubai Airports

എമിറേറ്റ്‌സുമായി സഹകരിച്ച് ദുബായ് വിമാനത്താവളങ്ങളിൽ ഈ പുതിയ സംരംഭങ്ങൾ ആരംഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.  സ്മാർട്ട് ടണൽ സുഗമമായി പ്രവർത്തിക്കുന്നു, ഇപ്പോൾ തടസ്സമില്ലാത്ത യാത്രയ്ക്കായി ബയോമെട്രിക് പാത ഏകോപിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംരംഭങ്ങളെല്ലാം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്  ബിൻ റാഷിദ് അൽ മകതുമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് നിലവിൽ വന്നിരിക്കുന്നത്. സംരംഭം ആത്യന്തികമായി വിമാനത്താവളത്തിലെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ഞങ്ങളുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മേജർ ജനറൽ അൽ മർറി വ്യക്തമാക്കി.

കൊവിഡ് യാത്ര നിയന്ത്രണങ്ങൾക്ക് ശേഷം എമിറേറ്റ് വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നപ്പോൾ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എയിലെ ബ്രിഗേഡിയർ തലാൽ അഹ്മദ് അൽ ഷാൻകിറ്റി പറഞ്ഞു. പരീക്ഷണ ഘട്ടത്തിന്റെ ഭാഗമായി മുൻപ് സ്ഥാപിച്ച ബയോമെട്രിക് സംവിധാനത്തിലുടെ  പ്രതിദിനം മൂവായിരത്തോളം യാത്രക്കാരാണ് കടന്നുപോയിക്കൊണ്ടിരുന്നത്.  തടസ്സമില്ലാത്ത യാത്രയ്ക്കായി സ്മാർട്ട് ഗേറ്റുകൾ പരിഷ്‌ക്കരിച്ചന്ന് അദ്ദേഹം വെളിപ്പെടുത്തി
.
17 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് ബയോമെട്രിക് പാതയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മുഖം സ്കാൻ ചെയ്യുന്നതിനായി സ്മാർട്ട് ഗേറ്റുകളിൽ എത്തുമ്പോൾ മാസ്കുകൾ നീക്കം ചെയ്യണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലെ പരീക്ഷണ ഘട്ടത്തിൽ  ഒരു പിഴവുമില്ലാതെയാണ് സിസ്റ്റം പ്രതികരിച്ചതെന്ന് ബ്രിഗേഡിയർ തലാൽ അഹമ്മദ് അൽ ഷാൻകിറ്റി അറിയിച്ചു. യാത്രക്കാർക്ക് ബോർഡിംഗ് പാസ് ആവശ്യമില്ലാത്തതിനാൽ അത്യാധുനിക സംവിധാനം പേപ്പറുകളുടെ ഉപയോഗം കുറയ്ക്കും.  കൊവിഡ്  പശ്ചാത്തലത്തിൽ  ബയോമെട്രിക് പാത സുരക്ഷിതമായ യാത്രാ നടപടിയാണ് പ്രദാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios