Asianet News MalayalamAsianet News Malayalam

നിയമസഭയിൽ, എതിർചേരിയിൽ ചോദ്യങ്ങളുമായി നേർക്കുനേർ കെകെ രമയുണ്ടാകുമോ?

''യാത്ര ഒഞ്ചിയത്തെ ടിപി യുടെ വീട് ലക്ഷ്യമാക്കിത്തുടർന്നു. വഴികൾ ചെറുതായി പാടത്തിനിടയിലൂടെയെല്ലാം തിരിഞ്ഞ് പോകുമ്പോൾ ഒരുദശകത്തോളം മുമ്പ് കേരളത്തെ പിടിച്ചുലച്ച ആ സംഭവത്തിന്റെ ഏടുകൾ മിന്നിമാഞ്ഞു. ആ രാത്രി വന്ന ബ്രേക്കിം​ഗ് ന്യൂസ്, പിന്നീടുള്ള സംഭവങ്ങൾ... രമയുടെ ആദ്യ അഭിമുഖം... 50 ദിവസത്തോളം രാത്രി പ്രൈംടൈം ചർച്ചകൾ, വിഎസ്സിന്റെ സന്ദർശനം... എല്ലാം ഒരു ഫ്ളാഷ്ബാക്ക് പോലെ....''  കെ കെ രമയെക്കാണാന്‍ ഒഞ്ചിയത്തേക്കുള്ള യാത്രയെക്കുറിച്ചാണ് ഇത്തവണ 'ഇലക്ഷന്‍ ഡയറി'...

election diary about kk rema
Author
Kozhikode, First Published Mar 26, 2021, 12:04 PM IST

കണ്ണൂരിൽനിന്നുള്ള യാത്ര നേരെ കോഴിക്കോട്ടേക്ക്. ആദ്യലക്ഷ്യം വടകര. കെ കെ രമ സ്ഥാനാർത്ഥിയാകുമോ...? കടുത്ത അനിശ്ചിതത്വം നിലനിന്ന ദിവസം. രമ മത്സരിക്കുമെന്ന് കോൺ​ഗ്രസ്. പാർട്ടി തീരുമാനിക്കുമെന്ന് ആർഎംപി. യുഡിഎഫ് ക്യാമ്പിലും ആർഎംപി കേന്ദ്രങ്ങളിലും കടുത്ത പിരിമുറുക്കം. നേരെ ഒഞ്ചിയത്തേക്ക്. കെകെ രമയെ കാണണം. കൊവിഡ് മുക്തയായെങ്കിലും ക്വാറൻറീൻ തീർന്നിട്ടില്ല. മാധ്യമങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് നില്ക്കുകയാണ്. പുലർച്ചെമുതൽ തുടരെ വിളിച്ചിട്ടും കോൾ കണക്ടാവുന്നില്ല. തുടരെ ബിസി. യാത്ര ഒഞ്ചിയത്തെ ടിപി യുടെ വീട് ലക്ഷ്യമാക്കിത്തുടർന്നു. വഴികൾ ചെറുതായി പാടത്തിനിടയിലൂടെയെല്ലാം തിരിഞ്ഞ് പോകുമ്പോൾ ഒരുദശകത്തോളം മുമ്പ് കേരളത്തെ പിടിച്ചുലച്ച ആ സംഭവത്തിന്റെ ഏടുകൾ മിന്നിമാഞ്ഞു. ആ രാത്രി വന്ന ബ്രേക്കിം​ഗ് ന്യൂസ്, പിന്നീടുള്ള സംഭവങ്ങൾ... രമയുടെ ആദ്യ അഭിമുഖം... 50 ദിവസത്തോളം രാത്രി പ്രൈംടൈം ചർച്ചകൾ, വിഎസ്സിന്റെ സന്ദർശനം... എല്ലാം ഒരു ഫ്ളാഷ്ബാക്ക് പോലെ. 

ടിപി കൊല്ലപ്പെട്ട് വർഷത്തിന് ശേഷം ഒരിക്കൽ തിരുവനന്തപുരത്ത് ഒരു ചർച്ചക്കെത്തിയപ്പോൾ കെകെ രമയെ നേരിട്ടുകണ്ടിരുന്നു. അന്നവർ പറഞ്ഞതോർത്തു. നിങ്ങൾ കുറച്ച് ചെറുപ്പക്കാരായ മാധ്യമപ്രവർത്തകർ അക്കാലത്ത് തന്ന മനോബലം മറക്കാനാവില്ല. വടകര വഴി വരുമ്പോൾ വീട്ടിൽ കയറണം. അമ്മക്ക് സുരേഷിനെ കാണാനാഗ്രഹവുമുണ്ട്. പിന്നീട് കാലങ്ങൾ കഴിഞ്ഞ് ആദ്യയാത്ര രമയുടെ സ്ഥാനാർത്ഥിത്വമന്വേഷിച്ചെന്ന കൗതുകത്തിൽ നോട്ടം മുൻ വഴിയിലേക്ക് തന്നെ നീട്ടി. അന്വേഷിച്ചധികമാകാതെ വീടിനടുത്തെത്തി. ടാറിടാതെ മണ്ണുനിറഞ്ഞിളകിയ ഒരുവണ്ടിക്ക് കഷ്ടി പോകാവുന്ന റോഡിലൂടെ അല്പം കടന്ന് ടിപി യുടെ വീടെത്തി. ഒരുവശത്ത് പ്രതിമ. പ്രായമായ രണ്ടുപേർ മുറ്റത്ത്. അപ്പോഴാണറിയുന്നത് രമ അവിടെയില്ല. കോവിഡ് ബാധിതയായമുതൽ ടിപി യുടെ സഹോദരന്റെ വീട്ടിലാണ്. മകന്റെ ഫോണിൽ വിളിച്ച് രമയെ കണക്ട് ചെയ്തു. വഴിപറഞ്ഞതനുസരിച്ച് അരമണിക്കൂറിനകമവിടെയെത്തി. 

കൊവിഡ് പ്രോട്ടാക്കോൾ പ്രശ്നമല്ലെങ്കിൽ ചായയെടുക്കാമെന്ന മുഖവുരയോടെയാണ് സ്വീകരണം. ഒപ്പം കാമറയിലൊന്നും പറയാനില്ലെന്ന മുന്നറിയിപ്പും. ചായകുടിച്ച് അരമണിക്കൂറോളം സംസാരിച്ചു. 8 വർഷത്തിനപ്പുറം കടന്നുപോയ വഴികൾ നേരിട്ട രാഷ്ട്രീയ പരീക്ഷണങ്ങൾ. ഇത്തവണ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനം വേണു തന്നെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് രമ അവസാനിപ്പിച്ചു. സംസാരം തുടങ്ങുമ്പോൾ ഞാൻ തിരഞ്ഞത് അഭിനന്ദിനെയാണ്. ഗൾഫിലെ ജോലിക്കിടവേളയിട്ട് രമക്കൊപ്പമുണ്ട്.
 
സംസാരിച്ചിറങ്ങുമ്പോഴും തലേന്ന് മുതൽ എൻ വേണുവിനെ വിളിച്ചുകൊണ്ടിരുന്ന പണി ഞാൻ തുടർന്നു. സന്ദീപും ഞാനും തുടരെ ശ്രമിച്ചിട്ടും വേണുവിനെ ഫോണിൽ കിട്ടിയിട്ടില്ല. പാർട്ടി ഓഫീസിൽ മണ്ഡലം കമ്മിറ്റി ചേരുന്നെന്നറിഞ്ഞ് നേരെ അവിടേക്ക്. പ്രവർത്തകർ വന്നു തുടങ്ങുന്നേയുള്ളൂ. ചെരുപ്പഴിച്ചകത്ത് കയറി. സെക്രട്ടറിയുടെ മുറിയിൽ വേണുവുണ്ട്. വിളിച്ചുകൊണ്ടിരുന്നു എന്ന് മാത്രം ഞാൻ. കമ്മിറ്റി കഴിയുന്നവരെ ആരോടും മിണ്ടേണ്ടെന്ന് തീരുമാനിച്ചെന്ന് മറുപടിയും. കടുത്ത സമ്മർദ്ദവും പിരിമുറുക്കവും വേണുവിന്റെ മുഖത്ത് കാണാം. വേണു തന്നെ സ്ഥാനാർത്ഥിയാകാനുള്ള തീരുമാനത്തിൽ പാർട്ടി കാര്യങ്ങൾ നീക്കിത്തുടങ്ങിയിരുന്നു. താൽപ്പര്യമില്ലെന്ന് രമയും അറിയിച്ചു. രമയെങ്കിലെ പിന്തുണയുള്ളുവെന്ന് കോൺ​ഗ്രസ്  ശാഠ്യം പിടിച്ചു. തീരുമാനങ്ങൾ പാർട്ടിയുടെ വരുതിയിൽ നിന്ന് പോയതിനെ അതൃപ്തി അദ്ദേഹം കാമറയിലും തുറന്നു സമ്മതിച്ചു.

തീരുമാനം അറിഞ്ഞും പറഞ്ഞും പണിപൂർത്തിയാക്കി ഇറങ്ങുമ്പോൾ ഒരുകാര്യമുറപ്പിച്ചു. ഇത്തവണ സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധയൂന്നുന്ന മണ്ഡലങ്ങളിലൊന്നായി വടകര മാറിക്കഴിഞ്ഞു. പതിനായിരം വോട്ടിന് തോറ്റിടത്ത് ഒറ്റക്ക് ഇരുപതിനായിരം നേടിയ രമയെ ഇറക്കി യുഡിഎഫ്. സോഷ്യലിസ്റ്റ് ശക്തികൾ ഒന്നിച്ച കരുത്തിൽ ആത്മവിശ്വാസവുമായി ഇടതുമുന്നണി. 

കാലം ഒഞ്ചിയത്തെയും ഓർക്കാട്ടേരിയെയും അല്പം മാറ്റിയിട്ടുണ്ട്. ഒറ്റക്കിനി അധികദൂരം പോകാനാവില്ലെന്ന ബോധ്യം ആർഎംപി ക്ക്. അണികളിലൊരുവിഭാഗം സിപിഎമ്മിലേക്ക് മടങ്ങി. പിജയരാജനെ നിർത്തിയതുപോലെയുള്ള കടുത്ത പരീക്ഷണങ്ങൾക്കിനി വാശി വേണ്ടെന്ന് സിപിഎം. പാർട്ടിമൂല്യങ്ങൾക്കായി പരസ്യമായി പോരിനിറങ്ങിയ കുറ്റ്യാടിയോടു ചേർന്ന രക്തസാക്ഷികളുടെ മണ്ണിലാണ് ചെങ്കൊടിയുമായി രമയുടെ പോരാട്ടം. കൗതുകത്തോടെ ഞാൻ മനസ്സിൽ ചോദിച്ചു. പിണറായി നയിച്ച് ജയിച്ചെത്തുന്ന നിയമസഭയിൽ എതിർ ചേരിയിൽ ചോദ്യങ്ങളുമായി നേർക്കുനേർ കെകെ രമയുണ്ടാകുമോ? 
കാത്തിരിക്കാം. 
തുടരും...

Follow Us:
Download App:
  • android
  • ios