Asianet News MalayalamAsianet News Malayalam

ദ്രുപതിന്‍റെ സെല്‍ഫി, കലോത്സവത്തില്‍ ഒന്നാംസ്ഥാനം ലഭിച്ച കവിത

school youth festival versification first prize winning poem
Author
Kannur, First Published Jan 20, 2017, 4:14 AM IST

ഫാസിസം വളര്‍ന്ന് രാജ്യമെമ്പാടും എഴുത്തുകാരന്‍മാരും കലാകാരന്‍മാരും ആക്രമിക്കപ്പെടുമ്പോഴാണ് ഫേസ്ബുക്കില്‍ ഒരു കവിത വൈറലാകുന്നത്. 'ഭയം' എന്ന ആ കവിത എഴുതിയതാരെന്ന് അന്വേഷിച്ചപ്പോള്‍ ആ അന്വേഷണം ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയിലാണ് അവസാനിച്ചത്. വയനാട്ടിലെ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ദ്രുപത് ഗൗതം. അതോടെ ദ്രുപത് ഫേസ്ബുക്കിന്റെ പ്രിയപ്പെട്ട കുട്ടക്കവിയായി മാറി.

അമ്പത്തേഴാമത് സ്‌കൂള്‍ കലോത്സവത്തില്‍ ദ്രുപത് മത്സരത്തിനെത്തുമ്പോള്‍ അവന്റെ അധ്യാപകരുടെയും  രക്ഷിതാക്കളുടെയും ഫേസ്ബുക്കിലെ ചങ്ങാതിമാരുടെയും പ്രതീക്ഷ തെറ്റിയില്ല. ദ്രുപത് ഗൗതമിന് സംസ്ഥാന കലോത്സവത്തിലെ  ഹയര്‍സെക്കന്‍ഡറി മലയാളം കവിതാരചനയില്‍ ഒന്നാം സ്ഥാനം. 'പല തരം സെല്‍ഫികള്‍'  എന്നതായിരുന്നു കവിതാ രചനാ മല്‍സരത്തിന്റെ വിഷയം. ദ്രൂപതിനെ ഒന്നാമനാക്കിയ കവിത വായിക്കാം.

 

ഒറ്റ വെട്ടിന് തിരകള്‍ നീക്കിയ കടല്‍

തൊട്ടും തോണ്ടിയും 
തന്നെയാവും തുടക്കം
ഒരു അടുക്കളയുടെ സെല്‍ഫി
നിങ്ങള്‍ കണ്ടിട്ടുണ്ടോ...?

വരച്ചുവച്ചതുപോലെ
അതൊരു കടലാണ്.
മുറിച്ചുനീന്താനാവാത്തത്
ഒരു നീന്തലും കരപറ്റാത്തത്ര
ആഴമുള്ള പിടച്ചിലുകള്‍ 
അതില്‍ ഞൊറിഞ്ഞുഞൊറിഞ്ഞുവച്ചിരിയ്ക്കും

എന്നാല്‍,
ചിറകഴിച്ചുവച്ചൊരാകാശം
അതില്‍
നീന്തിനീന്തിനീലിയ്ക്കുന്നത്
സൂക്ഷിച്ചുനോക്കിയാല്‍ കാണാം

യാത്രയ്ക്കിടയില്‍
മുന്നറിയിപ്പില്ലാതെ
റദ്ദാക്കപ്പെടുന്ന
തീവണ്ടിയാണ്
അതിന്റെയിഷ്ടങ്ങള്‍

വീടിന്റെ ഒച്ചയിലേയ്ക്ക്
ഒരീച്ചപോലും കയറും മുമ്പേ
കിളിയൊച്ചകള്‍ ഒക്കത്തെടുത്ത്,
വെളിച്ചം കുന്നിറങ്ങിവരും മുമ്പേ
അത്ര തിളക്കമില്ലാത്ത
ഒരു വരിയിലേയ്ക്ക്
തന്നെത്തന്നെ കൊളുത്തിവച്ചിരിയ്ക്കും
അത്.

ഒരു കട്ടന്‍കാപ്പിയില്‍
അത് വീടിന്റെയുറക്കം
അലിയിച്ചുകളയും
ഇരുളിന്റെ
വക്കുകള്‍ വെട്ടിയെടുത്ത്
അതൊരു
പകലിനെത്തുന്നിയെടുക്കും.

പിന്നെ,
പതിവുകള്‍ ഉപ്പിലിട്ട
കാന്താരിനീറ്റലില്‍
അച്ചാറുപോലെ
പാകപ്പെടും.

വാക്കിനെ
കവിതയിലേയ്‌ക്കെന്നപോലെ
സങ്കടത്തുള്ളികളെ
കൂട്ടുകറിയിലേയ്ക്ക്! ചേര്‍ത്തിളയ്ക്കിവയ്ക്കും.

ചില,ഇഷ്ടങ്ങളെ
തിളപ്പിച്ച്
പാലൊഴിച്ച്
ചായയെന്നപോലെ
നീട്ടിയൊഴിച്ചാറ്റിവയ്ക്കും

എപ്പോഴും ഒച്ചവയ്ക്കുന്ന
പഴയ മിക്‌സിക്ക്
ഇടയ്ക്ക് ചവയ്ക്കാന്‍
എന്തെങ്കിലുമിട്ടുകൊടുക്കും

കാടിയും
കഞ്ഞിവെള്ളവും തൂവിപ്പോയവറ്റും
മാത്രം കൊടുത്ത്
ജീവിതത്തെയൊന്നു കറന്നുനോക്കാം
എന്ന സാധ്യതയിലേയ്ക്ക്
ഇടയ്‌ക്കൊന്നിറങ്ങിപോകും.

ഇതിനിടയ്ക്ക് തുളുമ്പിയ
കുഞ്ഞിക്കലത്തെ മറക്കും.

സങ്കടത്തുള്ളികളെയെല്ലാം
വിറകുപോലെകീറി
അടുക്കി അടുക്കി വയ്ക്കും
പിന്നെ
അടുപ്പുപോലെ
പുകഞ്ഞുകൊണ്ടിരിയ്ക്കും

എങ്കിലും,
ഒരു ചിരി
ചുമരിലെ
ഓര്‍മ്മച്ചിത്രത്തിന്റെ മുമ്പിലെന്നപോലെ
എപ്പോഴും
തെളിച്ചുവച്ചിരിയ്ക്കും

വിശപ്പിനെ
കൊളുന്തുപോലെ നുള്ളുന്ന
സമരങ്ങള്‍ക്കിടയിലും
ഒട്ടും രസമായിരിയ്ക്കില്ല
അതിന്റെ പുറംകാഴ്ചകള്‍.

ഇതിനിടയ്‌ക്കെപ്പോഴോ
വെളിയിലിറങ്ങിപ്പോയ
ഒരച്ചാറുമണം
ആടിയാടിക്കയറിവരും.

വാക്കുകളുടെ സാമ്പാറില്‍നിന്നും
അപ്പോള്‍
ബുദ്ധന്റെ മുഖമുള്ള
ഒരു മുരിങ്ങാക്കോല്‍ മാത്രം
തിരക്കിട്ടിറങ്ങിപ്പോകും

അപ്പോഴേയ്ക്കും,അതിന്റെ
പപ്പടംപോലെ പൊള്ളിച്ച
കിനാവുകളെല്ലാം
പൊടിഞ്ഞുപോയിരിയ്ക്കും

എത്രയടച്ചുവച്ചാലും
ഒറ്റത്തിളപ്പിന്
മൂടിതെറിയ്ക്കുന്ന
നിശ്വാസത്തില്‍
വെന്തുവെന്തിരിയ്ക്കും
എന്നും
അടുക്കള.

കടല്‍ച്ചട്ടിയില്‍
സൂര്യന്‍
മുളകരച്ചരച്ച്
കടമ്പുളിയിട്ടുവറ്റിച്ച
മീന്‍കറിയാണ്
സന്ധ്യ.

നിലാവിന്റെ
വെളിച്ചെണ്ണയുറ്റിച്ച്
ചൂടോടെ
അതടച്ചുവയ്ക്കുന്നു
രാത്രി.


കടല്‍ച്ചട്ടിയില്‍
സൂര്യന്‍
മുളകരച്ചരച്ച്
കടമ്പുളിയിട്ടുവറ്റിച്ച
മീന്‍കറിയാണ്
സന്ധ്യ.
 

Follow Us:
Download App:
  • android
  • ios