കണ്ണൂര്‍: വിധികര്‍ത്താക്കളടക്കം വിജിലന്‍സ് നിരീക്ഷണത്തിലാണ് എന്നത് കണ്ണൂര്‍ കലോത്സവത്തിന്‍റെ പ്രധാന പ്രത്യേകതയായി പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കലോത്സവം മൂന്നാം ദിനത്തില്‍ എത്തുമ്പോള്‍ വിജിലന്‍സ് എവിടെ എന്നാണ് കാണികളുടെ സംശയം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലാ കലോത്സവങ്ങളില്‍ കോഴയും വിധിയില്‍ അട്ടിമറിയും വ്യാപകമായി നടന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഇടപെടലുണ്ടായത്. എറണാകുളം അടക്കമുള്ള ജില്ലകളിലെ കലോത്സവങ്ങളില്‍ കോഴവാങ്ങിയ ജഡ്ജിന് എതിരെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.

എന്നാല്‍ കണ്ണൂരിലെ സംസ്ഥാന കലോത്സവത്തില്‍ ഗൗരവമായ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് പറയുന്നു. വിജിലന്‍സിന്‍റെ ഒരു വിഭാഗം ജാഗ്രതയോടെ കലോത്സവ വേദികള്‍ മോണിറ്റര്‍ ചെയ്യുന്നുണ്ട്. പണം വാങ്ങി മത്സരഫലം അട്ടിമറിച്ചത് പോലുള്ള ഒരു പരാതിയും ഇതുവരെ കിട്ടിയില്ലെന്ന് സ്ഥലത്തെ വിജിലന്‍സ് ഡിവൈഎസ്പി ഏഷ്യാനറ്റ് ന്യൂസ്.ടിവിയോട് പറഞ്ഞു.

അതേ സമയം വിധികര്‍ത്താക്കളെ വിന്യസിക്കുന്നതതിലും, തിരഞ്ഞെടുക്കുന്നതിലും വിദ്യാഭ്യാസ വകുപ്പ് പുലര്‍ത്തുന്ന കര്‍ശനമായ ചിട്ടകള്‍ ഒരു പരിധിവരെ വിധിനിര്‍ണ്ണയം സംബന്ധിച്ച പരാതികള്‍ ഇല്ലാതാക്കിയിട്ടുണ്ട്.