ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള സിസ്‌ലൂണർ മേഖലയിൽ 97,000 സ്ഥിരതയുള്ള ഭ്രമണപഥങ്ങൾ ഉള്ളതായി പുതിയ പഠനം. ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി സൂപ്പർകമ്പ്യൂട്ടർ ഉപയോഗിച്ച് നടത്തിയ സിമുലേഷനിലാണ് ഈ കണ്ടെത്തൽ.
ഭൂമിയും ചന്ദ്രനും ഇടയിലുള്ള സിസ്‌ലൂണർ പ്രദേശത്ത് (cislunar space) 97,000 സ്ഥിരതയുള്ള ഭ്രമണപഥങ്ങൾ ഉണ്ടെന്ന് കണ്ടെത്തി പുതിയ പഠനം. അമേരിക്കയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി (LLNL) നടത്തിയ ഗവേഷണമാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഭൂമിയുടെയും ചന്ദ്രന്റെയും ഇടയിൽ സാദ്ധ്യതയുള്ള ഒരു ദശലക്ഷം സാറ്റലൈറ്റ് ഭ്രമണപഥങ്ങൾ സൂപ്പർകമ്പ്യൂട്ടർ ഉപയോഗിച്ച് സിമുലേറ്റ് ചെയ്താണ് ഈ നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ആറു വർഷത്തെ നിരീക്ഷണകാലയളവിൽ ഇവയിൽ 10 ശതമാനത്തിൽ താഴെ ഭ്രമണപഥങ്ങൾ മാത്രമാണ് സ്ഥിരത പുലർത്തിയത്.
സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള പഠനം
പഠനത്തിനായി ശാസ്ത്രജ്ഞർ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെ ഏറ്റവും ശക്തമായ രണ്ട് സൂപ്പർ കമ്പ്യൂട്ടറുകളായ ക്വാർട്‌സും റൂബിയും ഉപയോഗിച്ചു. ഏകദേശം 1.6 ദശലക്ഷം സിപിയു മണിക്കൂറുകൾ എടുക്കുന്ന ഈ കണക്കുകൂട്ടൽ സമാന്തര പ്രോസസിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വെറും മൂന്ന് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി. പരമ്പരാഗത രീതിയിൽ ഇങ്ങനെ ചെയ്യേണ്ടിവന്നിരുന്നെൽ ഏകദേശം 182 വർഷത്തെ കമ്പ്യൂട്ടിംഗ് സമയം എടുത്തേനെയെന്ന് ഗവേഷകർ വ്യക്തമാക്കി.
“ഈ മേഖലയെക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടിൽ നിന്നാണ് ഞങ്ങൾ പഠനം ആരംഭിച്ചത്” പഠനത്തിന്റെ മുഖ്യരചയിതാവായ ട്രാവിസ് യെഗർ പറഞ്ഞു. മുൻകൂട്ടി ഏതെങ്കിലും പ്രത്യേക ഭ്രമണപഥം ധരിപ്പിക്കാതെ, വ്യാപകമായ പ്രാരംഭ സാഹചര്യങ്ങൾ ഉൾപ്പെടുത്തി സിസ്‌ലൂണർ മേഖലയെ സമഗ്രമായി വിശകലനം ചെയ്യുകയായിരുന്നു ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.
സാറ്റലൈറ്റുകളുടെ കൂട്ടയിടി സംഭവിക്കുമോ?
അതേസമയം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥം (Low Earth Orbit) ഇതിനകം തന്നെ സാറ്റലൈറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഏകദേശം 100,000 സാറ്റലൈറ്റുകൾ വരെ സുരക്ഷിത പരിധിയെന്നാണ് കണക്കാക്കുന്നത്. അതിനപ്പുറം വർധിച്ചാൽ കൂട്ടിയിടികൾ മൂലം ശൃംഖലാപ്രതിഭാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പഠനഫലങ്ങൾ പ്രകാരം, സിമുലേറ്റ് ചെയ്ത ഭ്രമണപഥങ്ങളിൽ 9.7 ശതമാനം മാത്രമാണ് ആറു വർഷം മുഴുവൻ സ്ഥിരത പുലർത്തിയത്. എങ്കിലും ഇത് ഭൂമിക്കും ചന്ദ്രനും ഇടയിൽ 97,000 സ്ഥിരമായ ഭ്രമണപഥങ്ങൾ ലഭ്യമാണെന്നതിനെ സൂചിപ്പിക്കുന്നു. ഭാവിയിലെ ദൗത്യങ്ങൾക്കും സാറ്റലൈറ്റ് വിന്യാസത്തിനും ഇത് വലിയ സാധ്യതകൾ തുറന്നുകൊടുക്കുമെന്ന് ഗവേഷകർ വിലയിരുത്തുന്നു. സ്ഥിരതയില്ലാത്ത ഭ്രമണപഥങ്ങളുടെയും ഡാറ്റ ഭാവി പഠനങ്ങൾക്ക് ഉപകാരപ്രദമാണെന്നും അവർ കൂട്ടിച്ചേർത്തു.



