ഛിന്നഗ്രഹങ്ങളുമായും ഉൽക്കാശിലകളുമായും കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഭൂമിയിലെ ജലത്തിന്‍റെ ഭൂരിഭാഗവും ലഭിച്ചതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്

ഓക്‌സ്‌ഫോർഡ്: നമ്മുടെ ഗ്രഹത്തിന്‍റെ ഭൂരിഭാഗവും ജലത്താൽ മൂടപ്പെട്ടിരിക്കുന്നു. അതിനാൽ, കാലാകാലങ്ങളായി ശാസ്ത്രജ്ഞർ ഒരു അടിസ്ഥാന ചോദ്യത്തിന് ഉത്തരം നൽകുന്നതിനായി വിവിധ ആശയങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ഈ ജലശേഖരം എവിടെ നിന്ന് വന്നു എന്നതാണ് ആ ചോദ്യം. ഇതുസംബന്ധിച്ച ഒരു ജനപ്രിയ സിദ്ധാന്തം ഇത്രകാലവും പറഞ്ഞിരുന്നത്, ഛിന്നഗ്രഹങ്ങളോ വാൽനക്ഷത്രങ്ങളോ ആകസ്മികമായി ഭൂമിയിലേക്ക് ജലം എത്തിക്കാൻ സഹായിച്ചിരുന്നു എന്നാണ്. എന്നാൽ പുതിയ ചില പഠനങ്ങളും തെളിവുകളും ഈ ആശയത്തെ തള്ളിക്കളയുന്നു. ഇക്കാറസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് ഭൂമിയുടെ വികാസത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ജലത്തിന്‍റെ ഘടകങ്ങൾ ഇവിടെ ഉണ്ടായിരുന്നിരിക്കാം എന്നാണ്.

ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെയും യുകെയിലെ നാഷണൽ സിൻക്രോട്രോൺ സയൻസ് ഫെസിലിറ്റിയിലെയും ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. നമ്മുടെ ഗ്രഹം ആദ്യം നിർമ്മിക്കപ്പെട്ട പാറകളുമായി ഘടനയിൽ സമാനമാണെന്ന് കരുതപ്പെടുന്ന എൻസ്റ്റാറ്റൈറ്റ് കോണ്ട്രൈറ്റുകൾ (ECs) എന്നറിയപ്പെടുന്ന അപൂർവ ഉൽക്കാശിലകളെയാണ് ഈ പഠനം പരിശോധിക്കുന്നത്. ആദ്യകാല ഭൂമിയുടേതിന് സമാനമായ ഈ ഉൽക്കാശിലയിൽ ഗവേഷകർ ഹൈഡ്രജൻ സൾഫൈഡിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തി.

എക്സ്-റേ അബ്സോർപ്ഷൻ നിയർ-എഡ്‍ജ് സ്പെക്ട്രോസ്കോപ്പി എന്ന ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗ്രഹ ശാസ്ത്രജ്ഞനായ ജെയിംസ് ബ്രൈസണും സഹപ്രവർത്തകരും ഉൽക്കാശിലകൾക്കുള്ളിൽ ഹൈഡ്രജൻ സൾഫറുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സംശയിച്ചു. 2012-ൽ അന്‍റാർട്ടിക്കയിൽ നിന്നും ആദ്യമായി കണ്ടെത്തിയ ഒരു എൻസ്റ്റാറ്റൈറ്റ് കോണ്ട്രൈറ്റിനുള്ളിൽ സൾഫറുമായി ഹൈഡ്രജൻ ഘടിപ്പിച്ചിരിക്കുന്നതിന്‍റെ ലക്ഷണങ്ങൾ ഗവേഷകർ പരിശോധിച്ചു. ഉൽക്കാശിലയിൽ ഉടനീളം പ്രതീക്ഷിച്ചതിലും കൂടുതൽ ഹൈഡ്രജൻ, ഹൈഡ്രജൻ സൾഫൈഡിന്‍റെ രൂപത്തിൽ അവർ കണ്ടെത്തി. ഗ്രഹ രൂപീകരണത്തിനുശേഷം ഭൂമിയിൽ ഹൈഡ്രജൻ ഉണ്ടായിരുന്നിരിക്കാമെന്നത് ഹൈഡ്രജന്‍റെ സമൃദ്ധി സൂചിപ്പിക്കുന്നുവെന്ന് ഗവേഷകർ ലൈവ് സയൻസിനോട് വ്യക്തമാക്കി.

അതായത് ഈ പാറക്കെട്ടുകളിൽ ധാരാളമായി ഹൈഡ്രജൻ അടങ്ങിയിട്ടുണ്ടെങ്കിൽ, ജലം നിർമ്മിക്കാനുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഭൂമി രൂപപ്പെട്ടിരിക്കാൻ സാധ്യതയുള്ളത് എന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്. ഭൂമിയുടെ രാസഘടന എൻസ്റ്റാറ്റൈറ്റ് കോണ്ട്രൈറ്റുകൾ എന്നറിയപ്പെടുന്ന വെള്ളമില്ലാത്ത ഈ പാറക്കെട്ടുകൾക്ക് സമാനമാണ്. ഇത് സൂചിപ്പിക്കുന്നത് ഇത്തരത്തിലുള്ള വസ്തുക്കളിൽ നിന്നാണ് ഗ്രഹം രൂപപ്പെട്ടത് എന്നാണ്. ബാഹ്യ സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളോ വാൽനക്ഷത്രങ്ങളോ ഉൾപ്പെടെയുള്ള വസ്തുക്കളിൽ നിന്നാണ് ഭൂമിയിലേക്ക് വെള്ളം എത്തിയതെന്നായിരുന്നു വർഷങ്ങളായി ശാസ്ത്രജ്ഞർ കരുതിയിരുന്നത്. അതായത് ഛിന്നഗ്രഹങ്ങളുമായും ഉൽക്കാശിലകളുമായും കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഭൂമിയിലെ ജലത്തിന്റെ ഭൂരിഭാഗവും ലഭിച്ചതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അത്തരം കൂട്ടിയിടികൾക്ക് സാധ്യതയില്ല എന്നാണ് ഗവേഷകർ ഇപ്പോൾ പറയുന്നത്.

എൻസ്റ്റാറ്റൈറ്റ് കോണ്ട്രൈറ്റുകളിൽ ജലം അടങ്ങിയിട്ടില്ലെങ്കിലും അവയിൽ ഹൈഡ്രജൻ അടങ്ങിയിട്ടുണ്ടെന്നാണ് 2020ലെ ഒരു പഠനം കാണിക്കുന്നത്. അവയെ വഹിച്ചിരുന്ന ഹൈഡ്രജൻ ഭൂമിയുടെ ആദ്യകാലങ്ങളിൽ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് സമൃദ്ധമായ ജലം രൂപപ്പെടുത്തിയിരിക്കാം എന്നും ഈ സിദ്ധാന്തം പറയുന്നു. എന്നാൽ ഹൈഡ്രജൻ ഏത് രൂപത്തിലായിരുന്നുവെന്ന് ഇതുവരെ വ്യക്തമല്ലായിരുന്നു. ഇതാണ് പുതിയ പഠനം വ്യക്തമാക്കിയത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെയും യുകെയിലെ നാഷണൽ സിൻക്രോട്രോൺ സയൻസ് ഫെസിലിറ്റിയിലെയും ഗവേഷകർ നടത്തിയ ഈ പുതിയ പഠനത്തിലെ കണ്ടെത്തലുകൾ ഏപ്രിൽ 16-നാണ് ഇക്കാറസ് ജേണലിൽ പ്രസിദ്ധീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം