സൗരയൂഥത്തിലെ നിഗൂഢതകള്‍ ഏറെ നിറഞ്ഞ വ്യാഴത്തിന്‍റെ ഉള്ളറകളിലൂടെ അന്വേഷണം നടത്തിവരികയാണ് നാസ അയച്ച ജൂണോ ബഹിരാകാശ പേടകം
കാലിഫോര്‍ണിയ: നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലുതും നിഗൂഢവുമായ ഗ്രഹങ്ങളിൽ ഒന്നാണ് ജൂപ്പിറ്റർ അഥവാ വ്യാഴം. ഈ ഭീമൻ വാതക ഗ്രഹത്തിൽ അതിശക്തമായ ചുഴലിക്കാറ്റുകളും ശക്തമായ കാന്തിക മേഖലകളുമുണ്ട്. ഇതോടൊപ്പം വ്യാഴത്തിന്‍റെ അഗ്നിപർവ്വത ഉപഗ്രഹമായ അയോയും കോസ്‍മിക് വിസ്‍മയങ്ങളുടെ കൂടാരമാണ്. ഇപ്പോള്‍ നാസയുടെ ജൂണോ ബഹിരാകാശ പേടകം വ്യാഴത്തില്‍ നടക്കുന്ന അത്ഭുതകരമായ സംഭവങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ്.
നാസയുടെ ജൂണോ ബഹിരാകാശ പേടകം വ്യാഴത്തിന്‍റെ ഉള്ളറകളിലൂടെ അന്വേഷണം നടത്തിവരികയാണ്. വ്യാഴത്തിലും അതിന്‍റെ ഉപഗ്രഹമായ അയോയുടെ ഉപരിതലത്തിലും എന്താണ് സംഭവിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന പുതിയ കണ്ടെത്തലുകൾ ജൂണോ ബഹിരാകാശ പേടകം ശേഖരിച്ച് ശാസ്ത്രജ്ഞർക്ക് അയച്ചു. വ്യാഴത്തിന്‍റെ ഈ മറഞ്ഞിരിക്കുന്ന മുഖം റേഡിയോ സിഗ്നലുകൾ, മൈക്രോവേവ് സെൻസറുകൾ, ഇൻഫ്രാറെഡ് ഇമേജിംഗ് തുടങ്ങിയവയിലൂടെയാണ് ജൂണോ ശാസ്ത്രജ്ഞർക്ക് വെളിപ്പെടുത്തിയതെന്ന് എർത്ത് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. വ്യാഴത്തിലെ ചുഴലിക്കാറ്റുകൾ എങ്ങനെ പെരുമാറുന്നുവെന്നും അതിന്‍റെ ഉപഗ്രഹമായ അയോ സ്വന്തം ആന്തരിക ചൂട് കാരണം നിരന്തരം തിളച്ചുമറിയുന്നത് എങ്ങനെയെന്നും ജൂണോ അയച്ച ഡാറ്റകൾ വ്യക്തമാക്കുന്നു.
വിയന്നയിൽ നടന്ന ഒരു ശാസ്ത്ര സമ്മേളനത്തിൽ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെയും സൗത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും ശാസ്ത്രജ്ഞർ സംയുക്തമായി ജൂണോ അയച്ച ഡാറ്റകൾ സംബന്ധിച്ച ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ഈ പ്രബന്ധം വ്യാഴത്തെ സംബന്ധിച്ച രണ്ട് പ്രധാന വിവരങ്ങൾ വെളിപ്പെടുത്തുന്നു. വ്യാഴത്തിന്‍റെ ഉപഗ്രഹമായ അയോയുടെ ഉപരിതലത്തിന് താഴെയുള്ള താപനിലയുടെ ഒരു പുതിയ ഭൂപടവും, വ്യാഴത്തിന്‍റെ ധ്രുവങ്ങളിൽ ചുഴലിക്കാറ്റുകൾ എങ്ങനെ രൂപം കൊള്ളുന്നു എന്നതുമാണ് ഈ ഡാറ്റകള്‍.
സാൻ അന്‍റോണിയോയിലെ സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂനോയുടെ പ്രധാന ഗവേഷകനായ സ്കോട്ട് ബോൾട്ടൺ പറയുന്നത് വ്യാഴത്തിൽ നടക്കുന്നതെല്ലാം അതിരുകടന്ന കാര്യങ്ങളാണ് എന്നാണ്. ഓസ്ട്രേലിയയുടെ വലിപ്പത്തേക്കാൾ വലിയ ഭീമൻ ധ്രുവ ചുഴലിക്കാറ്റുകൾ, ശക്തമായ ജെറ്റ് പ്രവാഹങ്ങൾ, സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വത പ്രവാഹങ്ങൾ, ഏറ്റവും ശക്തമായ അറോറകൾ, ഏറ്റവും കഠിനമായ റേഡിയേഷൻ ബെൽറ്റുകൾ തുടങ്ങിയ എല്ലാ വൻ പ്രതിഭാസങ്ങളുടെയും ആവാസ കേന്ദ്രമാണ് ഈ ഗ്രഹം.
വ്യാഴത്തിന്‍റെ ഇടതൂർന്ന മേഘങ്ങളെ പഠിക്കുന്നതിനാണ് ജൂണോയുടെ മൈക്രോവേവ് റേഡിയോമീറ്റർ ആദ്യം രൂപകൽപ്പന ചെയ്തത്. പക്ഷേ ശാസ്ത്രജ്ഞർ അതിനെ അയോയിലേക്ക് തിരിക്കാൻ തീരുമാനിച്ചു. JIRAM എന്ന മറ്റൊരു ഉപകരണത്തിൽ നിന്ന് ലഭിച്ച ഇൻഫ്രാറെഡ് ചിത്രങ്ങളുമായി അവർ ഈ ഡാറ്റ സംയോജിപ്പിച്ചു. അയോയിൽ ഇപ്പോഴും മാഗ്മ ഉണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അയോയുടെ തണുത്ത പാളിക്ക് കീഴിൽ മാഗ്മ ഉറയാതെ കിടക്കുന്നു. എല്ലാ അക്ഷാംശങ്ങളിലും രേഖാംശങ്ങളിലും ലാവ ഒഴുകുന്നുണ്ടായിരുന്നു. അയോയുടെ ഉപരിതലത്തിന്റെ ഏകദേശം 10 ശതമാനം ഭാഗങ്ങളിലായി പുറംതോടിന്റെ തൊട്ടുതാഴെയായി ലാവയുടെ കൂടുകൾ ഉണ്ടെന്ന് ഡാറ്റ കാണിക്കുന്നു. ഈ ലാവ പതുക്കെ തണുക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
വ്യാഴത്തിന്‍റെ ഉത്തരധ്രുവത്തിൽ ഒമ്പതോളം ഭീമൻ ചുഴലിക്കാറ്റുകൾ രൂപംകൊണ്ടതായാണ് സൂചന. ഇവയിൽ ഒരെണ്ണം മധ്യഭാഗത്തും ബാക്കി എട്ടെണ്ണം ഇലകൾ ഒരു പുഷ്‌പത്തിന്‍റെ മധ്യഭാഗത്തെ വലയം ചെയ്യുന്നതുപോലെ അതിനെ ചുറ്റുന്നു. ഈ ചുഴലിക്കാറ്റുകൾ ഭൂമിയിലേത് പോലെയല്ല. ഭൂമിയിലെ കൊടുങ്കാറ്റുകൾ പെട്ടെന്ന് വരികയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്നാൽ വ്യാഴത്തിലെ ചുഴലിക്കാറ്റുകൾ കൂടുതൽ നേരം നീണ്ടുനിൽക്കുകയും ധ്രുവങ്ങൾക്ക് സമീപം തുടരുകയും ചെയ്യും. ഭൂമിയിൽ, ധ്രുവങ്ങളോട് അടുക്കുമ്പോൾ കൊടുങ്കാറ്റുകളുടെ ശക്തി കുറയുന്നു. എന്നാൽ വ്യാഴത്തിൽ, ധ്രുവീയ ചുഴലിക്കാറ്റുകൾ ഒത്തുചേരുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു. അവ പരസ്പരം കൂട്ടിയിടിക്കാൻ തുടങ്ങുമ്പോൾ അവയുടെ വേഗത കുറയുന്നു.
എന്തായാലും സൗരയൂഥത്തിലെ ഏറ്റവും ശക്തമായ ഗ്രഹത്തെയും അതിന്‍റെ ഏറ്റവും വന്യമായ ഉപഗ്രഹത്തെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് ജൂണോയുടെ ദൗത്യം മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ പറക്കലുകളും ഗവേഷണങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ, ജൂണോയുടെ കണ്ടെത്തലുകൾ അടുത്തെങ്ങും അവസാനിക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ.


