Asianet News MalayalamAsianet News Malayalam

ആദിത്യ എൽ 1 വിക്ഷേപണം സെപ്റ്റംബർ 2ന്: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം

സെപ്റ്റംബർ 2-ന് രാവിലെ 11.50 നായിരിക്കും വിക്ഷേപണം. പി എസ് എൽ വിയായിരിക്കും വിക്ഷേപണ വാഹനം.  വിക്ഷേപണത്തിന്  ശേഷം 125 ദിവസം നീളുന്ന യാത്ര.

Aditya L1 to  launch on September 2: India's first solar study mission
Author
First Published Aug 28, 2023, 4:10 PM IST

ചെന്നൈ: ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ്ങ് കഴിഞ്ഞ് പത്ത് നാൾ തികയും മുമ്പ് ഇസ്രൊയുടെ അടുത്ത വിക്ഷേപണ ദൗത്യം ആരംഭിക്കും. ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1 ന്റെ വിക്ഷപണം സെപ്റ്റംബർ 2-ന് നടക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പ‌‍‌ർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 നാണ് വിക്ഷേപണം. പി എസ് എൽ വിയായിരിക്കും ദൗത്യത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം.  ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റ‌‍ർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്. എൽ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓ‍‌ർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. 

സൂര്യന്റെയും ഭൂമിയുടെ ​ഗുരുത്വാക‌ർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ല​ഗ്രാ‍ഞ്ച് പോയിന്റ്.  സൗരാന്തരീക്ഷത്തിലെ ബാഹ്യഭാ​ഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും ദൗത്യത്തിൽ വിശദമായി പഠിക്കും. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എൽ-1 സഞ്ചരിക്കുക.

Read More: ചാന്ദ്രയാൻ-3 വിജയം, അടുത്ത ലക്ഷ്യം അതുക്കും മേലെ, സൂര്യനെക്കുറിച്ച് പഠിക്കാനൊരുങ്ങി ആദിത്യ എൽ 1, ചെലവും കുറവ്

ഭൂമിക്കും സൂര്യനും ഇടയിൽ നിലയുറപ്പിച്ച് തടസമില്ലാതെ സൗര നിരീക്ഷണം നടത്താൻ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ സ്ഥാപിക്കുന്ന പേടകങ്ങൾക്ക് ആകും. ഏഴ് ശാസ്ത്ര പേ ലോഡുകളാണ് ഉപഗ്രഹത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിസിന്റെ വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ്, ഐയൂക്കയുടെ സോളാ‌ർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ്, തിരുവനന്തപുരം സ്പേസ് ഫിസികിസ് ലബോറട്ടറിയുടെ പ്ലാസ്മ അനലൈസ‍ർ പാക്കേജ് ഫോ‌ർ ആദിത്യ എന്നിവ അതിൽ ചിലതാണ്. ലഗ്രാഞ്ച് പോയിന്റിൽ ഗുരുത്വബലം സന്തുലിതമായതിനാൽ ഇവിടെ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി. ദൗത്യത്തിന് ആവശ്യമായ ചെലവ് ചാന്ദ്രയാൻ മൂന്നിന്റേതിനേക്കാൾ പകുതി മതിയെന്നാണ് റിപ്പോർട്ടുകൾ. സൂര്യനെ പറ്റിയും ബഹിരാകാശ കാലാവസ്ഥയെ പറ്റിയും കൂടുതൽ വിവരങ്ങൾ നൽകാൻ ആദിത്യ ദൗത്യത്തിന് ആകുമെന്നാണ് പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios