Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ 'ആഗ്നേയാസ്ത്രം' 5.0; ചൈനയും പാകിസ്ഥാനും ഇനി മുട്ടാന്‍ മടിക്കും.!

കനിസ്‌റ്റർ ലോഞ്ചറിൽ നിന്നായിരുന്നു മിസൈൽ പരീക്ഷിച്ചത്. ഇന്ത്യയുടെ ആദ്യ ആണവ–ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി –5. 

Agni 5 Is A Formidable Missile That Directly Troubles China
Author
Balasore, First Published Oct 28, 2021, 6:00 PM IST

ഗ്നി-5 ന്റെ (Agni 5) എട്ടാം പരീക്ഷണം വിജയമായതോടെ ഇന്ത്യന്‍ പ്രതിരോധ ആത്മവിശ്വാസം ഭൂഖണ്ഡത്തിന്‍റെ അതിരോളം ഉയര്‍ന്നിരിക്കുകയാണ്. ബുധനാഴ്ച രാത്രി 7.50 നാണ് ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽനിന്ന് (APJ Abdul Kalam Island )  അഗ്നി-5 തൊടുത്തത്. കനിസ്‌റ്റർ ലോഞ്ചറിൽ നിന്നായിരുന്നു മിസൈൽ പരീക്ഷിച്ചത്. ഇന്ത്യയുടെ ആദ്യ ആണവ–ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി –5. ഇതിന്‍റെ ദൂരപരിധിയിൽ ഏഷ്യ പൂർണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും ഉള്‍പ്പെടും എന്നത് ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയായി പ്രതിരോധ വിദഗ്ധര്‍ കാണുന്നു. 

വിക്ഷേപണത്തിലും, ആക്രമണത്തിലും ഏറ്റവും വേഗത്തില്‍ പരമാവധി ശേഷി അഗ്നി 5 കൈവരിക്കുന്നു. വിക്ഷേപണത്തിനു തൊട്ടുപിന്നാലെ ഒന്നാംഘട്ട മോട്ടോറിന്റെ ശക്‌തിയിൽ മികച്ച ഉയരം ലഭിക്കുന്ന മിസൈല്‍ തുടർന്നു രണ്ടും മൂന്നും ഘട്ട മോട്ടോറുകളുടെ ശക്‌തിയിൽ 600 കിലോമീറ്റർ ഉയരത്തില്‍ വരെ എത്തുന്നു, തുടര്‍ന്ന് ഭൂമിയിലെ ടാര്‍ഗറ്റ് നോക്കി തിരിച്ചെത്തും, ഈ കുതിപ്പില്‍  ഭൂഗുരുത്വാകർഷണം കൂടി പകരുന്ന അമിതവേഗം മിസൈലിനെ കൂടുതൽ മാരകമാക്കും.

എന്നാല്‍ ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ഘട്ടത്തില്‍ ഉള്ള പ്രതിസന്ധികളെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയുടെ പ്രതിരോധ ഗവേഷകര്‍ മറികടന്നുവെന്നത് അഗ്നി 5 ന്‍റെ വികാസത്തിലെ നാഴികകല്ല് തന്നെയാണ് അന്തരീക്ഷത്തിന്റെ ഘർഷണത്തിൽ മിസൈലിൽ 4000 സെൽഷ്യസ് വരെയാകും താപം. ഇതിൽ നിന്നു മിസൈലിനെ സംരക്ഷിക്കുന്ന കാർബൺ കവചത്തിന്റെ സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറാകാതിരുന്നപ്പോള്‍ സ്വയം രാജ്യം വികസിപ്പിച്ചതാണ് ഇത്. 

അതുപോലെ തന്നെ  മിസൈലിനെ കൃത്യമായ ലക്ഷ്യത്തില്‍ എത്തിക്കാനുള്ള ജൈറോ സംവിധാനവും  ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്തതാണ്.  ഇന്ത്യ വികസിപ്പിച്ചെടുത്ത മിസൈൽ പരമ്പരയിൽ ഏറ്റവും പ്രഹര ശേഷിയുള്ളത് എന്ന് അഗ്നി അഞ്ചിനെ വിശേഷിപ്പിക്കാം. വേഗത, ഗതിനിയന്ത്രണം, പോര്‍മുനയുടെ ശേഷി എന്നിവ മികച്ചതാണ് എന്നതാണ് അഗ്നി 5 ന്‍റെ പ്രത്യേകത. കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് പ്രഹരിക്കാനുമുള്ള മിസൈലിന്റെ ശേഷിയാണു പ്രധാനനേട്ടം. ഒരു ടൺ വരുന്ന ആണവ പോർമുനവരെ വഹിക്കാനാകും അഗ്നി 5ന്.

Follow Us:
Download App:
  • android
  • ios