ഹിരോഷിമയില്‍ പതിച്ച അണുബോംബ് ഉണ്ടാക്കിയ നാശനഷ്ടത്തേക്കാള്‍ വലിയ നാശനഷ്ടമുണ്ടാക്കാന്‍ ഭീമന്‍ ഛിന്നഗ്രഹം ഭൂമിയിലേക്കെത്തിയേക്കുമെന്ന് ശാസ്ത്രജ്ഞര്‍. ഹവായ് സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയുടേതാണ് നിരീക്ഷണം.  അപോഫിസ് അഥവാ ഗോഡ് ഓഫ് കേയോസ് എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. 

370 മീറ്റര്‍ വ്യാസമുള്ള ഈ ഛിന്നഗ്രഹം 2068ഓടെ ഭൂമിയില്‍ ഇടിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്. ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തേക്കാള്‍ 65000 തവണ പ്രഹര ശേഷിയുണ്ടാവും ഇതിനെന്നാണ് വിലയിരുത്തല്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന അകലത്തിലൂടെയാണ് നിലവിലെ ഇതിന്‍റെ ഭ്രമണപഥം. എന്നാല്‍ യാര്‍ക്കോവ്സ്കി പ്രഭാവത്തേത്തുടര്‍ന്ന് ഇതിന്‍റെ ഭ്രമണ പഥത്തില്‍ ചെറിയ മാറ്റമുണ്ടായാല്‍ പോലും അത് ഭൂമിയെ സാരമായി ബാധിച്ചേക്കുമെന്നാണ്  പഠനം. 

ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന വസ്തുക്കളുടെ ചൂട് പെട്ടന്ന് കൂടുകയും ഈ ചൂട് പുറന്തള്ളുന്നതിന്‍റെ ഭാഗമായി ഇവയുടെ വേഗത കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് യാര്‍ക്കോവ്സ്കി പ്രഭാവം. ബഹിരാകാശത്തെഇവയുടെ ഭ്രമണപഥങ്ങളില്‍ ഇതുമൂലം മാറ്റമുണ്ടാന്‍ സാധ്യതയുണ്ടെന്നാണ് പഠനം. ജപ്പാനിലെ സുബാറു ടെലിസ്കോപാണ് ഈ ഛിന്നഗ്രഹത്തിലെ യാര്‍ക്കോവ്സ്കി പ്രഭാവം കണ്ടെത്തിയത്. സൂര്യപ്രകാശമേല്‍ക്കുന്നതാണ് ഇത്തരത്തില്‍ വലിയതോതില്‍ ചൂട് പുറന്തള്ളാന്‍ കാരണമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. 

നേരത്തെ ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കുമെന്ന സംശയം ശാസ്ത്രജ്ഞര്‍ തള്ളിയിരുന്നു. എന്നാല്‍ യാര്‍ക്കോവ്സ്കി പ്രഭാവം കണ്ടെത്തിയതോടെ ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഓരോ വര്‍ഷവും അപോഫിസിന്‍റെ ഭ്രമണ പഥത്തില്‍ സാരമായ വ്യതിയാനമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നതെന്നാണ് ശാസ്ത്ര സംബന്ധിയായ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ വര്‍ഷമുണ്ടാകുന്ന ഈ വ്യതിയാനമാണ് ഭാവിയില്‍ അപോഫിസ് ഭൂമിക്ക് വന്‍ ഭീഷണിയായേക്കുമെന്ന നിരീക്ഷണത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിക്കുന്നത്. 2004 ജൂണിലാണ് അപോഫിസിനെ കണ്ടെത്തിയത്. 2029 ഏപ്രിലില്‍ ഈ ഛിന്നഗ്രഹം ഭൂമിയോട് വളരെ അടുത്തെത്തുമെന്നാണ് നിരീക്ഷണം.