ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി62 റോക്കറ്റ് വിക്ഷേപണം സമ്പൂര്‍ണ വിജയമായില്ല. അന്വേഷ അടക്കമുള്ള പേലോഡുകള്‍ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രയുടെ മൂന്നാം ഘട്ടത്തിലാണ് പിഎസ്എല്‍വി തിരിച്ചടി നേരിട്ടത്. 

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്‌ത ബഹിരാകാശ വിക്ഷേപണ വാഹനം എന്നറിയപ്പെടുന്ന പിഎസ്എൽവിയുടെ ചരിത്രത്തില്‍ ഇതാദ്യമായി തുടര്‍ച്ചയായ തിരിച്ചടി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഇന്ന് രാവിലെ 10.17-ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എല്‍വി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തില്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു. 2025 മേയ് മാസം നടന്ന പിഎസ്എല്‍വിയുടെ കഴിഞ്ഞ വിക്ഷേപണവും പരാജയമായിരുന്നു. ഇന്നത്തെ ദൗത്യത്തില്‍ 'അന്വേഷ' ഉപഗ്രഹം അടക്കമുള്ള 16 പേലോഡുകള്‍ വിജയകരമായി വിന്യസിക്കാന്‍ കഴിഞ്ഞോ എന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടില്ല. 

പിഎസ്എൽവിക്ക് തുടര്‍ പരാജയം

തുടര്‍ച്ചയായ രണ്ടാം വിക്ഷേപണത്തിലാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എൽവി റോക്കറ്റ് തിരിച്ചടി നേരിടുന്നത്. ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നതിന് പിന്നാലെ റോക്കറ്റിന്‍റെ മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്‌നം ഉടലെടുത്തത്. ഇതോടെ റോക്കറ്റിന്‍റെ സഞ്ചാരപാത മാറിയെന്നും ഇസ്രോ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പഠിച്ച ശേഷം പുറത്തുവിടുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍റെ വാക്കുകളിലുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പിഎസ്എല്‍വി-സി61 വിക്ഷേപണത്തിലും സമാന പ്രശ്‌നമായിരുന്നു ഐഎസ്ആര്‍ഒ നേരിട്ടത്. പിഎസ്എല്‍വിയുടെ കഴിഞ്ഞ വിക്ഷേപണത്തില്‍ ഉപഗ്രഹം നഷ്‌ടമായിരുന്നെങ്കിലും അന്ന് എന്താണ് പിഎസ്എല്‍വി റോക്കറ്റിന് സംഭവിച്ച സാങ്കേതിക പ്രശ്‌നം എന്നുള്ള വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നില്ല. അതിനാല്‍തന്നെ, പിഎസ്എല്‍വിയുടെ തുടര്‍ച്ചയായ പരാജയം വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തും.