സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് എലികളുടെ ശല്യം വര്‍ദ്ധിച്ചതോടെ ഇന്ത്യയില്‍ നിന്നും 5,000 ലിറ്റര്‍ എലിവിഷം ഇറക്കുമതി ചെയ്യും. കൊറോണക്കാലത്ത് പ്ലേഗ് ഭീതി ഉണ്ടാക്കുന്ന തരത്തിലാണ് ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ മേഖലയില്‍ എലിശല്യം വര്‍ദ്ധിക്കുന്നത്. ഇത് സംബന്ധിച്ച് വീഡിയോകളും ചിത്രങ്ങളും വൈറലായതിന് പിന്നാലെയാണ് ഇത് വലിയ ചര്‍ച്ചയായി മാറിയത്.

ബ്രോമാഡിയോലോണ്‍ എന്ന വിഷമാണ് എലികളെ നശിപ്പിക്കാന്‍ ഓസ്ട്രേലിയ ഇറക്കുമതി ചെയ്യാനിരിക്കുന്നത്. എലികളെ കാര്‍പ്പറ്റ് ബോംബിംഗ് ചെയ്ത് കൊലപ്പെടുത്താന്‍ ശേഷിയുള്ള അര്‍ത്ഥത്തില്‍ 'എലികളുടെ നാപാം' എന്നാണ് ഈ എലിവിഷത്തെ വിശേഷിപ്പിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സ് കൃഷി മന്ത്രി ആഡം മാര്‍ഷലിന്‍റെ വാക്കുകള്‍ പ്രകാരം, ഇത്രയും എലികളെ കൂട്ടത്തോടെ 24 മണിക്കൂറില്‍ കൊലപ്പെടുത്താന്‍ കഴിയുന്ന ഒരു മരുന്ന് ലോകത്ത് വേറെയില്ലെന്നാണ് പറയുന്നത്. 

ബ്രോമാഡിയോലോണ്‍ ഓസ്ട്രേലിയയില്‍ നിരോധിത മരുന്നാണ്, അതിനാല്‍ തന്നെ ഇവയുടെ ഉപയോഗത്തിന് ഓസ്ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്‍റെ അനുമതി അത്യവശ്യമാണ്. മറ്റ് ജീവികളുടെ സുരക്ഷയും കണക്കിലെടുക്കണമെന്ന് ചില കേന്ദ്രങ്ങള്‍ ഈ തീരുമാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. 

ഓസ്ട്രേലിയന്‍ ഗ്രാമപ്രദേശങ്ങളിലെ കൃഷിയെ സാരമായി ബാധിക്കുന്ന രീതിയിലാണ് എലികളുടെ ശല്യം കൂടുന്നത് എന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. പലയിടത്തും പാടങ്ങളില്‍ എലി ശല്യം കുറയ്ക്കാന്‍ തീയിടുന്ന അവസ്ഥയുണ്ടായി. ധന്യപുരകളില്‍ എലികള്‍ ധന്യശേഖരം നശിപ്പിക്കുന്ന വീഡിയോകളും വൈറലാകുന്നുണ്ട്. ഒപ്പം പകര്‍ച്ചവ്യാധി മുന്നറിയിപ്പും ആരോഗ്യവകുപ്പ് അടക്കം നടത്തിയിട്ടുണ്ട്.

വിഷ ഉപയോഗത്തില്‍ പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഒരു സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയായി എലികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇട നല്‍കരുത് അതിനാലാണ് ഈ തീരുമാനം എന്നാണ് ന്യൂ സൌത്ത് വെയില്‍സ് കൃഷി മന്ത്രി പറയുന്നത്. ഇതിനകം എലിക്കൂട്ടം നശിപ്പിച്ചത് 775 ദശലക്ഷം ഡോളറിന്‍റെ കാര്‍ഷിക വിളകളാണ് എന്നാണ് എന്‍എസ്ഡബ്യൂ ഫാര്‍മേര്‍സ് എന്ന സംഘടന പറയുന്നത്.