ശുഭാംശുവിന് ഭാര്യ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്, അവരുടെ പിന്തുണയില്ലാതെ ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ ശുഭാംശുവിനാകുമായിരുന്നില്ല എന്നും അമ്മയുടെ വാക്കുകള്‍
ലക്നൗ: ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകാനിരിക്കുന്നതിന്‍റെ ത്രില്ലില്‍ അദേഹത്തിന്‍റെ മാതാപിതാക്കള്‍. ഈ വരുന്ന ജൂണ്‍ എട്ടിനാണ് ആക്സിയം 4 മിഷന്‍റെ ഭാഗമായി ശുഭാംശു അടങ്ങുന്ന സംഘം ഐഎസ്എസിലേക്ക് പോകുന്നത്. 1984-ലെ രാകേഷ് ശര്‍മ്മയുടെ ഐതിഹാസിക ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ഐഎസ്ആര്‍ഒയില്‍ നിന്ന് ഇതാദ്യമായാണ് ഒരാള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത് എന്ന പ്രത്യേകതയുമുണ്ട് ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക്.
ശുഭാംശു ശുക്ല ബഹിരാകാശ സഞ്ചാരിയാവുന്നതിന്‍റെ സന്തോഷം അദേഹത്തിന്‍റെ മാതാപിതാക്കള്‍ പങ്കിട്ടു. 'ഞങ്ങള്‍ക്കേറെ സന്തോഷമുണ്ട്, ഇപ്പോള്‍ അവന്‍ അവന്‍റെ സ്വപ്നം സാക്ഷാത്ക്കരിച്ചു. 2019 മുതല്‍ ഈ ബഹിരാകാശ യാത്രക്കായി ശുഭാംശു തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. മകന് എല്ലാവിധ ആശംസകളും നേരുകയാണ്. രാജ്യത്തിന് അഭിമാന നിമിഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര'- എന്നും പിതാവ് ശംഭു ദയാല്‍ ശുക്ല പറഞ്ഞു. ശുഭാംശു ശുക്ലയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അദേഹം നന്ദി രേഖപ്പെടുത്തി. 'ശുഭാംശു ശുക്ലയുടെ വലിയ നേട്ടമാണ് ഈ യാത്ര, മകനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ശുഭാംശുവിന് അവന്‍റെ ഭാര്യ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. അവളുടെ പിന്തുണയില്ലാതെ ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ ശുഭാംശുവിനാകുമായിരുന്നില്ല'- എന്നും ശുഭാംശു ശുക്ലയുടെ മാതാവ് ആശ ശുക്ല കൂട്ടിച്ചേര്‍ത്തു.
നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുമായി ചേര്‍ന്നുള്ള ഐഎസ്ആര്‍ഒയുടെ ദൗത്യമാണ് ആക്സിയം 4. ജൂണ്‍ എട്ടിന് ശുഭാംശു ആക്സിയം 4 ദൗത്യം വിക്ഷേപിക്കും. ശുഭാംശു ശുക്ലയ്ക്ക് പുറമെ നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങൾ. 14 ദിവസം ഇവർ ബഹിരാകാശ നിലയത്തിൽ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തും. രാകേഷ് ശർമ്മയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത്. ഐഎസ്എസിലേക്ക് ഒരു ഇന്ത്യക്കാരന്‍ ആദ്യമായി പോകുന്നു എന്ന പ്രത്യേകതയും ശുഭാംശു ശുക്ലയുടെ ആക്‌സിയം 4 യാത്രയ്ക്കുണ്ട്. 1984ല്‍ സഞ്ചരിച്ച രാകേഷ് ശര്‍മ്മയാണ് ഇതുവരെ ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍. സോവിയറ്റ് യൂണിയന്‍റെ സോയൂസ് ടി-11 പേടകത്തിലായിരുന്നു രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്ര.
ഐഎസ്ആര്‍ഒയുടെ ഗഗൻയാനായി തെരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളിൽ ഒരാളാണ് ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ എന്നിവരാണ് ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍.


