ശുഭാംശുവിന്റെ ബഹിരാകാശയാത്ര മറ്റന്നാൾ വൈകിട്ട് 5.30 ന് 

ഫ്ലോറിഡ: ആക്സിയം 4 വിക്ഷേപണം മാറ്റിവെച്ചതായി വിവരം. നാളെ നടത്താനിരുന്ന വിക്ഷേപണം ഒരു ദിവസത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. മറ്റന്നാള്‍ വൈകിട്ട് 5.30 ന് ആയിരിക്കും ശുഭാംശുവിന്‍റെ ബഹിരാകാശ യാത്ര. കാലാവസ്ഥ സാഹചര്യം പരിഗണിച്ചാണ് ബഹിരാകാശ യാത്ര മാറ്റിവെച്ചിരിക്കുന്നത്. ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തില്‍ നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്‍റെ ഭാഗമായാണ് ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് 39-കാരനായ ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്.

1984-ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐക്കോണിക് ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ശുഭാംശുവിന് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരും ആക്സിയം 4 ക്രൂവിൽ ഉൾപ്പെടുന്നു. 

ഈ ദൗത്യത്തിനായി ആക്സിയം സ്പേസ് ഉപയോഗിക്കുന്നത് സ്പേസ് എക്സിന്‍റെ വിശ്വസ്ത ക്രൂ ഡ്രാഗണ്‍ പേടകമാണ്. ജൂണ്‍ 10ന് സ്പേസ് എക്സിന്‍റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ആക്സിയം 4 ദൗത്യം വിക്ഷേപിക്കുക. വിക്ഷേപണത്തിനായി ഡ്രാഗണ്‍ ക്യാപ്‌സ്യൂളും ഫാല്‍ക്കണ്‍ 9 റേക്കറ്റും 39എ ലോഞ്ച്‌പാഡില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്