ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കുന്ന ക്രൂ ഡ്രാഗണ്‍ പേടകത്തിന്‍റെ ആദ്യ ചിത്രം പുറത്ത്

ഫ്ലോറിഡ: ആക്സിയം 4 ദൗത്യത്തില്‍ ഇന്ത്യന്‍ വ്യോമസേന ടെസ്റ്റ് പൈലറ്റ് ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകാനിരിക്കുന്ന ക്രൂ ഡ്രാഗണ്‍ പേടകത്തിന്‍റെ ആദ്യ ചിത്രം പുറത്ത്. ഡ്രാഗണ്‍ ക്യാപ്‌സ്യൂളിന്‍റെ നിര്‍മ്മാതാക്കളായ സ്പേസ് എക്സാണ് ചിത്രം പുറത്തുവിട്ടത്.

നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടാണ് സ്പേസ് എക്സിന്‍റെ തന്നെ ഫാള്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ജൂണ്‍ 10ന് ഫ്ലോറിഡയിലെ കെന്നഡ‍ി സ്പേസ് സെന്‍ററില്‍ നിന്ന് കുതിച്ചുയരുക. ആക്സിയം 4 എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്ക് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ക്രൂവിൽ ഉൾപ്പെടുന്നത്. ബഹിരാകാശ ദൗത്യങ്ങളിലെ ഇതിഹാസമായ പെഗ്ഗിയാണ് ആക്സിയം 4 സംഘത്തിന്‍റെ നെടുംതൂണ്‍. സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും ഐഎസ്ആര്‍ഒയും സ്പേസ് എക്‌സുമായി സഹകരിച്ചാണ് ഈ നാല്‍വര്‍ സംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നത്.

ജൂണ്‍ 10ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.52നാണ് ആക്സിയം 4 ദൗത്യം വിക്ഷേപിക്കേണ്ടത്. ദൗത്യം പ്രതീക്ഷിക്കുന്നതുപോലെ നടന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ല സ്വന്തമാക്കും. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യന്‍ എന്ന റെക്കോര്‍ഡും ശുഭാംശുവിന്‍റെ പേരിനൊപ്പം എഴുതപ്പെടും. 1984-ല്‍ സോവിയറ്റ് യൂണിയന്‍റെ സോയൂസ് ടി-11 പേടകത്തിലായിരുന്നു രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്ര. ജൂണ്‍ 10-നാരംഭിക്കുന്ന ആക്സിയം 4 ദൗത്യം ഏകദേശം 14 ദിവസം നീണ്ടുനിൽക്കും. ദൗത്യം പൂര്‍ത്തിയാക്കി ജൂൺ 22-ഓടെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂളിന്‍റെ സ്പ്ലാഷ്‌ഡൗണ്‍ പ്രതീക്ഷിക്കുന്നു.

ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സ് കമ്പനി നിര്‍മ്മിച്ച ബഹിരാകാശ യാത്രാവാഹനമാണ് ഡ്രാഗണ്‍. 8.1 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വ്യാസവുമാണ് ഡ്രാഗണ്‍ പേടകത്തിനുള്ളത്. ലോഞ്ച് പേലോഡ് മാസ് 6,000 കിലോഗ്രാമും റിട്ടേണ്‍ പേലോഡ് മാസ് 3,000 കിലോഗ്രാമുമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും ദൗത്യങ്ങളിൽ സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിന് ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ആദ്യത്തെ സ്വകാര്യ പേടകവുമാണിത്. നിലവിൽ ഭൂമിയിലേക്ക് ബഹിരാകാശ നിലയത്തില്‍ നിന്ന് ഗണ്യമായ അളവിൽ മാലിന്യങ്ങള്‍ ഭൂമിയില്‍ തിരികെ എത്തിക്കാന്‍ കഴിവുള്ള ഒരേയൊരു ബഹിരാകാശ പേടകമാണ് ഡ്രാഗണ്‍. 2020-ലാണ് നാസ ആദ്യമായി ക്രൂ ലോഞ്ചിനായി ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഉപയോഗിച്ചത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News