ഒരു തമോഗർത്തം സമീപത്തുള്ള നക്ഷത്രത്തിൽ നിന്ന് വസ്തുക്കൾ വലിച്ചെടുത്ത് ഭാഗികമായി വിഴുങ്ങുകയും, ബാക്കി ഭാഗം അതിവേഗ ജെറ്റുകളായും വാതക പ്രവാഹങ്ങളായും ബഹിരാകാശത്തേക്ക് പുറന്തള്ളുന്നതായി ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. തമോഗർത്തങ്ങൾ ചുറ്റുമുള്ളതെല്ലാം വിഴുങ്ങുന്നില്ലെന്നും അവയ്ക്ക് സങ്കീർണ്ണമായ ഒരു 'ദഹന സംവിധാനം' ഉണ്ടെന്നും ഈ പഠനം വ്യക്തമാക്കുന്നു.
പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ വസ്‍തുക്കളിലൊന്നായ തമോഗർത്തങ്ങളുടെ (ബ്ലാക്ക് ഹോൾ) ‘ഭക്ഷണരീതി’യെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ജ്യോതിശാസ്ത്രജ്ഞർ. ദൂരെയുള്ള ഒരു തമോഗർത്തം നക്ഷത്രത്തിൽ നിന്ന് വസ്‍തുക്കൾ വലിച്ചെടുത്ത ശേഷം അവയുടെ ഒരു ഭാഗം വിഴുങ്ങുകയും ബാക്കി ഭാഗം അതിവേഗ ജെറ്റുകളായും ശക്തമായ വാതക പ്രവാഹങ്ങളായും ബഹിരാകാശത്തിലേക്ക് പുറന്തള്ളുകയും ചെയ്യുന്നതാണ് ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ഈ അപൂർവ നിരീക്ഷണം നടത്തിയത്. തമോഗർത്തങ്ങൾ ചുറ്റുമുള്ളതെല്ലാം വിഴുങ്ങുന്ന 'വൻകുഴികൾ’ അല്ലെന്നും സങ്കീർണമായ ഒരു കോസ്‍മിക് ദഹന സംവിധാനമാണ് അവയെന്നും പഠനം വ്യക്തമാക്കുന്നു. ഈ ഗവേഷണ ഫലങ്ങൾ റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ മാസിക നോട്ടീസസ് (എംഎൻആർഎഎസ്) ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
8800 പ്രകാശവർഷം അകലെയുള്ള തമോഗർത്തം
ഭൂമിയിൽ നിന്ന് ഏകദേശം 8800 പ്രകാശവർഷം അകലെയുള്ള സ്വിഫ്റ്റ് ജെ1727.8−1613 എന്ന തമോഗർത്ത സംവിധാനത്തെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. 2023-ൽ ഉണ്ടായ ശക്തമായ എക്സ്-റേ പൊട്ടിത്തെറിയോടെയാണ് ഈ സംവിധാനം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് ഭൂമിയിൽ നിന്ന് നിരീക്ഷിക്കാവുന്ന ഏറ്റവും പ്രകാശമുള്ള എക്സ്-റേ സ്രോതസുകളിൽ ഒന്നായി ഇത് മാറിയിരുന്നു.
നക്ഷത്രത്തെ വിഴുങ്ങിയെങ്കിലും എല്ലാം ഉള്ളിലെത്തിയില്ല
ഈ തമോഗർത്തം സമീപത്തുണ്ടായിരുന്ന ഒരു നക്ഷത്രത്തിലെ വസ്‍തുക്കൾ ശക്തമായ ഗുരുത്വാകർഷണത്തിലൂടെ വലിച്ചെടുത്തതായി ഗവേഷകർ പറയുന്നു . അതിൽ ഒരു ഭാഗം തമോഗർത്തത്തിനുള്ളിലേക്ക് കടന്നെങ്കിലും വലിയൊരു അളവ് വസ്‍തുക്കൾ അതിവേഗ ജെറ്റുകളായും ശക്തമായ വാതക പ്രവാഹങ്ങളായും വീണ്ടും ബഹിരാകാശത്തിലേക്ക് തെറിച്ചുപോയി. തമോഗർത്തത്തിന്റെ ഭക്ഷണപ്രക്രിയ കുറഞ്ഞ സമയത്താണ് ഏറ്റവും വലിയ അളവിലുള്ള വസ്തുക്കൾ പുറത്തേക്ക് ഒഴുകിയതെന്നും ഗവേഷകർ കണ്ടെത്തി. ഇത് അതിശയകരമായ കാര്യമാണെന്നും ഗവേഷകർ പറയുന്നു.
തമോഗർത്തങ്ങൾ എല്ലാം വിഴുങ്ങുന്നില്ല
ബ്രിട്ടനിലെ വാർവിക് സർവകലാശാലയിലെ ഗവേഷകനും സംഘത്തലവനുമായ നോയൽ കാസ്ട്രോ സെഗുറ പറഞ്ഞു: “തമോഗർത്തങ്ങൾ ചുറ്റുമുള്ളതെല്ലാം വിഴുങ്ങുന്നു എന്നാണ് സാധാരണ ആളുകൾ കരുതുന്നത്. എന്നാൽ നമ്മൾ കാണുന്നത് അതിനേക്കാൾ സങ്കീർണമായ പ്രക്രിയയാണ്. വസ്‍തുക്കൾ അകത്തേക്ക് വീഴുന്നു, സംവിധാനം അവയെ പ്രോസസ് ചെയ്യുന്നു, എന്നാൽ വലിയൊരു ഭാഗം വീണ്ടും പുറത്തേക്ക് പോകുന്നു.”
തമോഗർത്തത്തിന്‍റെ മാറുന്ന രൂപം നിരീക്ഷിച്ചു
സ്വിഫ്റ്റ് ജെ1727.8−1613 എന്ന സംവിധാനം ഒരു തമോഗർത്തവും അതിനെ ചുറ്റിപ്പറ്റിയുള്ള വസ്‍തുക്കളുടെ ചുഴിയുന്ന ഡിസ്‍കും ചേർന്നതാണ്. നക്ഷത്രത്തിൽ നിന്ന് വലിച്ചെടുത്ത വസ്‍തുക്കൾ നേരിട്ട് തമോഗർത്തത്തിലേക്ക് വീഴാതെ ചുറ്റിക്കറങ്ങുന്ന ഈ ഘടനയെ അക്രിഷൻ ഡിസ്ക് എന്നാണ് വിളിക്കുന്നത്. തമോഗർത്തത്തിന്റെ ശക്തമായ ഗുരുത്വാകർഷണം ഈ ഡിസ്‍കിൽ വലിയ ഘർഷണവും ചൂടും സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി ഡിസ്‍ക് ശക്തമായി പ്രകാശിക്കുന്നു. ഗവേഷകർ ഈ പ്രകാശിക്കുന്ന ഡിസ്‍കിനെ കാലക്രമത്തിൽ നിരീക്ഷിച്ചതിലൂടെ തമോഗർത്തത്തിന്റെ ഭക്ഷണചക്രത്തിലെ മാറ്റങ്ങൾ രേഖപ്പെടുത്തി.
പകുതി ‘ഭക്ഷണം’ ബഹിരാകാശത്ത് നഷ്‍ടമാകാം
തമോഗർത്തത്തിന്റെ ശക്തമായ പൊട്ടിത്തെറി അവസാനിച്ചതിന് ശേഷവും സാന്ദ്രമായ വാതക പ്രവാഹങ്ങൾ തുടരുന്നതായി കണ്ടെത്തി. തമോഗർത്തം വിഴുങ്ങിയ വസ്തുക്കളുടെ അളവിന് സമാനമായ അളവ് വസ്‍തുക്കൾ ഒടുവിൽ ബഹിരാകാശത്തേക്ക് നഷ്‍ടപ്പെടാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അതായത്, നക്ഷത്രത്തിൽ നിന്നുള്ള ‘ഭക്ഷണത്തിന്റെ’ പകുതി വരെ തമോഗർത്തത്തിലെത്താതെ പുറത്തേക്ക് പോകാം. തമോഗർത്തങ്ങൾ നമ്മൾ കരുതിയതിലും കാര്യക്ഷമമല്ലാത്ത 'ഭക്ഷക'രായിരിക്കാം എന്നും ഭക്ഷണത്തിന്‍റെ വലിയൊരു ഭാഗം ഒരിക്കലും തമോഗർത്തത്തിലെത്തുന്നില്ല എന്നും സെഗുറ പറഞ്ഞു.
ബ്ലാക്ക്ങോളുകളുടെ മുഴുവൻ ഭക്ഷണചക്രവും നിരീക്ഷിക്കുന്നത് ആദ്യം
തമോഗർത്തത്തിന്റെ ആദ്യ പൊട്ടിത്തെറി മുതൽ ശക്തമായ വാതക പ്രവാഹങ്ങളോടെയുള്ള അവസാനഘട്ടം വരെ മുഴുവൻ പ്രക്രിയയും നിരീക്ഷിക്കാൻ കഴിഞ്ഞത് ശാസ്ത്രജ്ഞർക്ക് അപൂർവ അവസരമായി. തമോഗർത്തത്തിന്റെ പൊട്ടിത്തെറിയുടെ തുടക്കത്തിലെ പ്രകാശപ്രകടനങ്ങളിലാണ് സാധാരണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും എന്നാൽ അവസാനഘട്ടവും അത്രതന്നെ ശക്തമായിരിക്കാമെന്ന് ഈ നിരീക്ഷണം കാണിക്കുന്നു എന്നും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ സർവകലാശാലയിലെ ഗവേഷകനായ കൈൽ സോളമൺസ് പറഞ്ഞു.


