Min read

സുനിത വില്യംസിൻ്റെ മടങ്ങിവരവ്; ഇന്ത്യയിലും ആഘോഷം, ജന്മനാടായ ജുലാസൻ ഗ്രാമത്തിൽ പടക്കം പൊട്ടിച്ച് ആഘോഷം

Celebrations in India as Sunita Williams and her team return from space
Celebrations

Synopsis

ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കുകയാണ്. 

ദില്ലി: ബഹിരാകാശത്തുനിന്നും സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ ഇന്ത്യയിലും ആഘോഷം. സുനിത വില്യംസിന്‍റെ ജന്മനാടായ ജുലാസൻ ഗ്രാമത്തിലാണ് ആഘോഷം. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിലെത്തിയത്. 

അതേസമയം, ക്രൂ- 9 ലാൻഡിം​ഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാ​ഗൺ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവിൽ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി. സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാ​ഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെയാണ് ലാൻഡ് ചെയ്തത്. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി. 

ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്. 

കൈവീശി, ചിരിയോടെ പുറത്തേക്കിറങ്ങി സുനിത വില്യംസ്; യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos