ശ്രീഹരിക്കോട്ട: ജിഎസ്എൽവി മാ‌ർക്ക് ത്രീയുടെ വിക്ഷേപണം വിജയകരമായി പൂർത്തിയായതോടെ ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളുമായി ചാന്ദ്രയാൻ രണ്ട് തന്‍റെ യാത്ര ആരംഭിച്ചു. എല്ലാ കണക്ക് കൂട്ടലുകളും കിറു കൃത്യമായിരുന്നു 2: 43ന് തന്നെ ചന്ദ്രയാൻ രണ്ടിനെയും വഹിച്ചു കൊണ്ട് ജിഎസ്എൽവി മാ‌‌ർക്ക് ത്രീ ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയ‍‌ർന്നു. നിശ്ചയിക്കപ്പെട്ടത് പോലെ തന്നെ പതിനാറ് മിനുട്ടുകൾക്ക് ശേഷം ചന്ദ്രയാൻ രണ്ട് ജിഎസ്എൽവി മാ‌‌ർക്ക്ത്രീയിൽ നിന്ന് വേ‌ർപ്പെട്ടു. വിക്ഷേപണം വിജയകരമെന്ന ഔദ്യോഗിക അറിയിപ്പ് ഇതിന് പിന്നാലെയെത്തി

സാങ്കേതിക പ്രശ്നങ്ങളെല്ലാം കഠിന പ്രയത്നത്തിലൂടെ പരിഹരിച്ച ശാസ്ത്രജ്ഞ‌ർക്ക് ഐഎസ്ആ‌ർഒ ചെയ‌ർമാൻ ഡോ കെ ശിവൻ അഭിനന്ദനമറിയിച്ചു. പ്രതീക്ഷച്ചതിലും മികച്ച പ്രകടനമാണ് ഇന്ന് ജിഎസ്എൽവി മാർക്ക് ത്രീ കാഴ്ച വച്ചതെന്നും അദ്ദേഹം അറിയിച്ചു. മുൻ നിശ്ചയിച്ചതിലും ഒരാഴ്ച വിക്ഷേപണം വൈകിയെങ്കിലും പ്രതീക്ഷിച്ചതിലും മികച്ച ഭ്രമണപഥത്തിലാണ്  ജിഎസ്എൽവി മാർക്ക് ത്രീ എം 1  ചന്ദ്രയാൻ രണ്ടിനെ എത്തിച്ചതെന്നാണ് ഡോ കെ ശിവൻ പറഞ്ഞത്. ഇനി നടക്കാനിരിക്കുന്ന ഭ്രമണപഥ വികസനത്തിന് ഉൾപ്പെടെ ഇത് അനുകൂല ഘടകമാകും. ഇന്നത്തെ വിക്ഷേപണ വിജയത്തിലൂടെ ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്‍റെ വിശ്വസ്തതയും കൂടുകയാണ്. 

വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദനം അറിയിച്ചു. 

വിക്ഷേപണം വിജയം കൊണ്ട് ചന്ദ്രയാൻ പേടകത്തിന്റെ യാത്ര ആരംഭിക്കുന്നതേ ഉള്ളൂ, പുതുക്കിയ പദ്ധതി പ്രകാരം ഇനി 23 ദിവസം ചന്ദ്രയാൻ രണ്ട് ഭൂമിയെ ഭ്രമണം ചെയ്യും. 23 ആം ദിവസം ചന്ദ്രയാൻ ചന്ദ്രനിലേക്കുള്ള ആരംഭിക്കും, ഏഴ് ദിവസം കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഉപ​ഗ്രഹം പതിമൂന്ന് ദിവസം ചന്ദ്രനെ ഭ്രമണം ചെയ്ത ശേഷം ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റ‌ർ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തും. ഇവിടെ വച്ച് ചന്ദ്രയാൻ രണ്ടിന്റെ ഓ‌‌‌ർബിറ്ററും ലാൻഡറും വേ‌ർപിരിയും. യാത്ര തുടങ്ങി 48 ആം ദിവസം വിക്രം ലാൻ‍‍ഡ‌ർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിം​ഗ് നടത്തും, ഇനി കാത്തിരിപ്പ് ആ ദിവസത്തിനായാണ്. സെപ്റ്റംബർ ഏഴിനായിരിക്കും ആ ചരിത്ര നിമിഷമെന്നാണ് ഇപ്പോഴത്തെ കണക്ക്കൂട്ടൽ."