കൊച്ചി: ചന്ദ്രയാൻ രണ്ട് ദൗത്യം 98.5 ശതമാനം വിജയം നേടി എന്ന് പറയാനാവില്ലെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ദൗത്യം പരാജയപ്പെട്ടു എന്ന് പറയുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തിൽ ഇറക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റാനായില്ലെന്നും നമ്പി നാരായണൻ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ ഏഴിന് പുലർച്ചെയായിരുന്നു വിക്രം ലാൻഡർ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്തേണ്ടിയിരുന്നത്. എന്നാൽ, ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വരെ മുൻനിശ്ചയിച്ച പദ്ധതി പ്രകാരം സഞ്ചരിച്ച ലാൻഡറുമായി പിന്നീട് ബന്ധം നഷ്ടപ്പെടുകയായിരുന്നു. സോഫ്റ്റ് ലാൻഡിംഗിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി ബെംഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തിലെത്തിയിരുന്നു. സോഫ്റ്റ് ലാൻഡിംഗ് പാളിയെന്ന് ശാസ്ത്രജ്ഞർ അറിയിച്ച ശേഷം അവിടെ നിന്ന് പോയ പ്രധാനമന്ത്രി രാവിലെ വീണ്ടും കേന്ദ്രത്തിലെത്തുകയും ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

അതിനിടെ, ചന്ദ്രയാൻ 2 ഓർബിറ്ററിന്‍റെ ഹൈ റെസല്യൂഷൻ ക്യാമറ (OHRC) പകർത്തിയ ചന്ദ്രോപരിതലത്തിന്‍റെ കൃത്യതയാർന്ന ചിത്രങ്ങൾ ഇസ്രൊ പുറത്തുവിട്ടിരുന്നു. മികച്ച ക്വാളിറ്റിയുള്ള ഹൈ റെസല്യൂഷൻ ചിത്രങ്ങളാണ് ‌ഓർബിറ്റർ പകർത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്.

ആയിരം കോടി ചെലവിട്ട ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രദൗത്യങ്ങളിൽ ഒന്നാണ്. ഇത് വിജയിച്ചിരുന്നെങ്കിൽ അത് ബഹിരാകാശഗവേഷണ ചരിത്രത്തിലെത്തന്നെ വഴിത്തിരിവായേനെ. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത് വിജയകരമായിരുന്നെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ.

Read More:ചന്ദ്രോപരിതലത്തിന്‍റെ കൃത്യതയാർന്ന ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ - 2 ഓർബിറ്റർ

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമേ ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. മാത്രമല്ല, ഏറെ സങ്കീർണതകളുള്ള, ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമായിരുന്നു. അതേസമയം, ചന്ദ്രയാൻ ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കില്ലെന്ന് ഇസ്രൊ വ്യക്തമാക്കിയിട്ടുണ്ട്.