വാഷിങ്ടൺ: ഇന്ത്യയുടെ ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ ഇസ്റോയെ അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനുള്ള ഇസ്രോയുടെ ശ്രമം അഭിനന്ദിച്ചാണ് നാസ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചന്ദ്രയാൻ രണ്ടിന്റെ യാത്ര പ്രചോദനം നൽകുന്നതാണെന്നും ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാമെന്നും നാസ ട്വീറ്റിൽ വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട വിവരം ഇസ്റോ അറി‌യിച്ചത്. സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അകലെവച്ച് ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാകുകയായിരുന്നുവെന്നാണ് ഇസ്റോ അറിയിച്ചത്. 

ജൂലായ് 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 നാല് ലക്ഷം കിലോമീറ്ററോളം താണ്ടി ശനിയാഴ്ച പുലര്‍ച്ചെ 1.38-ന് ചന്ദ്രനില്‍നിന്ന് 30 കിലോമീറ്റര്‍ ഉയരത്തിലെത്തിയിരുന്നു. അതേസമയം, ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യം90 മുതല്‍ 95 ശതമാനം വരെ വിജയം കണ്ടെന്നും ഇസ്റോ അറിയിച്ചു.

നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലായി 7.5 വര്‍ഷം അധിക ആയുസ്സ് ഓര്‍ബിറ്ററിനുണ്ടാകും. ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യും. വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്നും അടുത്ത 14 ദിവസം ഇത്‌ തുടരുമെന്നും ഇസ്രോ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.