ബംഗളൂരു: ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂർത്തിയായി. 989 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയിൽ  നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792  കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. 

ഇന്ന് ഉച്ചയ്ക്ക് 3:12ഓടെയാണ് ഭ്രമണപഥ വികസനം പൂർത്തിയായത്. 

ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തിയ ശേഷം മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. അടുത്ത മാസം പതിനാലിനാണ് ചന്ദ്രയാൻ 2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബർ ഏഴിന് ചന്ദ്രനിൽ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്താനാകുമെന്നാണ് ഇസ്റൊയുടെ പ്രതീക്ഷ .