Asianet News MalayalamAsianet News Malayalam

രാജ്യത്തിന്റെ കണ്ണും കാതും ചന്ദ്രനിൽ; ചരിത്രദൗത്യത്തിൽ ചന്ദ്രയാൻ മൂന്നിന്റെ ലക്ഷ്യമെന്ത്? പേടകങ്ങളിലെന്തൊക്കെ?

ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ താരം ലാൻഡറാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പോകുന്ന ലാൻഡറിന്റെ വിക്ഷേപണ സമയത്തെ ഭാരം 1726 കിലോഗ്രാമായിരുന്നു. ചന്ദ്രനിൽ ഇറങ്ങുന്ന സമയത്ത് ഇത് ഏകദേശം 800 കിലോഗ്രാമായിരിക്കും. ​

Chandrayaan 3 live updates and detailed information of lander and rover prm
Author
First Published Aug 22, 2023, 8:16 PM IST

ഒരു രാജ്യം മുഴുവന്‍ ചന്ദ്രനില്‍ നോക്കിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. സത്യത്തില്‍ അതാണ് അവസ്ഥ. ചാന്ദ്രയാന്‍-രണ്ടിന്‍റെ പരാജയത്തിന് ശേഷം ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചാന്ദ്രയാന്‍-മൂന്ന് ഇനി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണുള്ളത്. റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ-25ന്‍റെ പശ്ചാത്തലത്തില്‍ ആശങ്കയോടെയാണ് ചാന്ദ്രയാന്‍-രണ്ട് ദൗത്യത്തെയും ശാസ്ത്രലോകം വീക്ഷിക്കുന്നത്. എല്ലാ വെല്ലുവിളികളും അതിജീവിച്ച് ചന്ദ്രന്‍റെ മണ്ണില്‍ ചാന്ദ്രയാന്‍ കാലുകുത്തുമെന്ന് തന്നെയാണ് രാജ്യത്തിന്‍റെ പ്രതീക്ഷ. 

ന്ദ്രനിൽ ഇറങ്ങാൻ പോകുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ പോകുന്ന റോവർ. പിന്നെ ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ. അങ്ങനെ മൂന്ന് ഘടകങ്ങൾ ചേ‍‌ർന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യം. ലാൻഡറിനെ ചാന്ദ്ര ഭ്രമണം വരെ എത്തിച്ച ശേഷം വേർപിരിഞ്ഞ പ്രൊപ്പൽഷൻ മൊഡ്യൂളിപ്പോൾ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഓർബിറ്റർ എന്ന് വിളിക്കാതിരിക്കാനുള്ള പ്രധാന കാരണം കഴിഞ്ഞ തവണത്തെ പോലെ കാര്യമായ ശാസ്ത്ര ഉപകരണങ്ങൾ ഈ പേടകത്തിൽ ഇല്ലാത്തത് കൊണ്ടാണ്.  SHAPE അഥവാ  Spectro-polarimetry of HAbitable Planet Earth (SHAPE) എന്ന ഒരേയൊരു പേ ലോഡാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഉള്ളത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം.  ജീവസാന്നിധ്യമുള്ള ഗ്രഹങ്ങൾ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എങ്ങനെയിരിക്കുന്നുവെന്ന് അറിയാനുള്ള ഒരു പരീക്ഷണമായിട്ടാണ് ഈ ഉപകരണം ഘടിപ്പിച്ചത്. ഇപ്പോൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിൽ വച്ച് എറ്റവും ശേഷിയുള്ള ഉപഗ്രഹങ്ങളിലൊന്നാണ്  ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ.  അത്  കൊണ്ടാണ് ഇക്കുറി പ്രൊപ്പൽഷൻ മൊഡ്യൂളിൽ കാര്യമായ ഉപകരണങ്ങൾ ഇല്ലാത്തത്. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ  വഴിയാണ് ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുകയും ചെയ്യുക.

ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ താരം ലാൻഡറാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പോകുന്ന ലാൻഡറിന്റെ വിക്ഷേപണ സമയത്തെ ഭാരം 1726 കിലോഗ്രാമായിരുന്നു. ചന്ദ്രനിൽ ഇറങ്ങുന്ന സമയത്ത് ഇത് ഏകദേശം 800 കിലോഗ്രാമായിരിക്കും. ​

എന്തൊക്കെയാണ് ലാൻഡറിൽ ഉള്ളത് 

നാല് പേ ലോഡുകളാണ് ലാൻഡറിലുള്ളത്. റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പ‍ർസെൻസിറ്റീവ് ഐയണോസ്ഫിയ‍‌‌‌‌ർ ആൻഡ് അറ്റ്മോസ്ഫിയ‍ർ അഥവാ രംഭ. ലാൻഡറിന്റെ മുകളിലുള്ള ദണ്ഡ് പോലെയുള്ള  വസ്തുവാണ് ഈ ഉപകരണം. ചന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയെ പറ്റി പഠിക്കാനുള്ള ഉപകരണമാണിത്. 

ചന്ദ്ര സ‍ർഴേസ് തെർമോ ഫിസിക്കൽ എക്സ്പെരിമന്റ് അഥവാ ചാസ്റ്റേ. (Chandra’s Surface Thermophysical Experiment-ChaSTE ). ചന്ദ്രന്റെ ധ്രുവ പ്രദേശത്തെ മണ്ണിലെ താപ വ്യതിയാനം പഠിക്കുകയാണ് ലക്ഷ്യം. ചന്ദ്രന്റെ ഉപരിതലത്തിൽ പത്ത് സെന്റീമീറ്റർ ഒരു കുഴിയുണ്ടാക്കി, ചന്ദന്റെ മണ്ണിലെ ചൂട് അളക്കുകയാണ് ഈ ഉപകരണം ചെയ്യുക. നാല് കിലോഗ്രാം ഭാരമാണ് ഈ ഉപകരണത്തിനുള്ളത്. 

ഇൻസ്ട്രുമെന്റ് ഫോ‌‌‌ർ ലൂണാർ സീസ്മിക് ആക്റ്റിവിറ്റ് അഥവാ ഇൽസയാണ് (Instrument for Lunar Seismic Activity -ILSA) മറ്റൊരു ഭാ​ഗം. ചന്ദ്രോപരിതലത്തിലെ കുലുക്കങ്ങൾ പഠിക്കാനുള്ള ഉപകരണമാണിത്. ചന്ദ്രോപരിതലത്തിൽ ഉൽക്കകളൊക്കെ പതിക്കുമ്പോൾ അതുണ്ടാകുന്ന പ്രകമ്പനങ്ങൾ രേഖപ്പെടുത്താൻ ഇൽസയ്ക്ക് കഴിയും.

ലേസ‍‌ർ റിട്രോറിഫ്ലക്റ്റ‍ർ അറേ (LASER Retroreflector Array -LRA) നാസയിൽ നിന്നുള്ള പേ ലോഡ്.  ദൗത്യത്തിൽ വിദേശ രാജ്യത്തുനിന്ന് ഉപയോ​ഗിക്കുന്ന ഏക ഭാ​ഗവും ഇതുതന്നെ. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം അളക്കാനുള്ള ഒരു സംവിധാനമാണിത്. 

കൂടുതൽ കരുത്തേറിയ കാലുകളും കൂടുതൽ മെച്ചപ്പെട്ട സെൻസറുകളും കൂടുതൽ കാര്യക്ഷമമായ സോഫ്റ്റ്‍വെയറുമായാണ് ഇത്തവണ ഇസ്രൊ ലാൻഡറിനെ ഒരുക്കിയിരിക്കുന്നത്. ലാൻഡറിന്റെ അടിയിലുള്ള നാല് ലിക്വിഡ് എഞ്ചിനുകളാണ് സോഫ്റ്റ് ലാൻഡിംഗ് സാധ്യമാക്കുക.
800 ന്യൂട്ടൺ ശക്തിയാണ് ഈ എഞ്ചിനുകൾക്കുള്ളത്. ലാൻഡിങ്ങിൽ സഹായിക്കാനായി കൂടതൽ മെച്ചപ്പെട്ട ഉപകരണങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളതിൽ അതിൽ പ്രധാനികൾ  തദ്ദേശീയമായി വികസിപ്പിച്ചെടുത്ത  ലേസർ ഡോപ്ലർ വെലോസിറ്റി മീറ്ററും  ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറയുമാണ്. ഇത് കൂടാതെ ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ  ക്യാമറയടക്കം  ഉപകരണങ്ങൾ വേറെയുമുണ്ട്....

ലാൻഡറിന് അകത്താണ് ഈ ദൗത്യത്തിലെ എറ്റവും ഭാരം കുറഞ്ഞതും എന്നാൽ പ്രധാനവുമായ ഭാ​ഗമുള്ളത്. ചന്ദ്രയാൻ മൂന്ന് റോവ‍ർ. വെറും 26 കിലോ മാത്രം ഭാരമുള്ള ഈ ചെറു റോബോട്ടിലുള്ളത് രണ്ട് പേ ലോഡുകളാണ്. ചന്ദ്രന്റെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ലേസ‍ർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പും ചന്ദ്രനിലെ മൂലക സാന്നിധ്യം പഠിക്കാനുള്ള ആൽഫ പാ‍‌ർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോമീറ്ററുമാണ് റോവറിന്റെ പ്രധാന ഭാ​ഗങ്ങൾ. റോവറിന്റെ പിൻ ചക്രങ്ങളിൽ അശോക സ്തംഭവും ഇസ്രൊയുടെ മുദ്രയും ആലേഖനം ചെയ്തിട്ടുണ്ട്. റോവർ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്പോൾ ഈ മുദ്രകൾ ചന്ദ്രന്റെ മണ്ണിൽ പതിയും.

ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്. അതായത് ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെയുള്ള സമയം. ഭൂമിയിലെ കണക്ക് വച്ച് നോക്കിയാൽ ഇത് 14 ദിവസമാണ്.  ലാൻഡിംഗ് വിജയകരമായി പൂ‍ർത്തിയാക്കി 14 ദിവസം ഉപകരണങ്ങളെല്ലാം പ്രഖ്യാപിച്ചാലാണ് ദൗത്യം സമ്പൂർണ വിജയമാകുക.

Read More... ഇനി മണിക്കൂറുകൾ മാത്രം, എന്താണ് ചന്ദ്രനിലെ അവസ്ഥ, സോഫ്റ്റ് ലാൻഡിങ് വെല്ലുവിളി നിറഞ്ഞത്, അറിയാം പ്രത്യേകതകൾ
 

Follow Us:
Download App:
  • android
  • ios