Asianet News MalayalamAsianet News Malayalam

ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 1448 കിലോമീറ്റര്‍ മാത്രം അകലെ; ചൈനക്കെതിരെ രൂക്ഷവിമര്‍ശനം

റോക്കറ്റിന്റെ വരവ് ലോകത്തെമ്പാടുമുള്ള വിവിധ സ്‌പേസ് ഏജന്‍സികള്‍ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഇത് ഭൂമിയില്‍ പതിച്ചത്.

Chinas rocket debris disintegrates over Indian Ocean 900 mile away from kerala
Author
Thiruvananthapuram, First Published May 9, 2021, 11:38 AM IST

തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍. ഇന്ത്യന്‍ സമയം ഇന്നു രാവിലെ എട്ടുമണിയോടടുത്താണ് റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായി ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചത്. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നു വായുമാര്‍ഗം 1448  കിലോമീറ്റര്‍ ദൂരമേയുള്ളു. യുഎസ് സ്‌പേസ് ഏജന്‍സിയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയും റോക്കറ്റ് പതിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ സ്ഥലങ്ങളാണ് പ്രവചിച്ചിരുന്നത്. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീഴുന്നതെന്നും അത് ഇന്ത്യയ്ക്ക് അരികിലാകുമെന്നും ആരും പറഞ്ഞിരുന്നില്ല. ശനിയാഴ്ച രാത്രി 11.30- നോടടുത്ത് പതിച്ചിരുന്നുവെങ്കില്‍ അത് ന്യൂയോര്‍ക്ക് പ്രാന്തപ്രദേശത്തിലാകുമായിരുന്നുവെന്നാണ് യുഎസ് വ്യോമയാന വക്താവ് അറിയിച്ചിരുന്നത്. എന്നാല്‍ റോക്കറ്റിന്റെ വേഗത പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബഹിരാകാശത്ത് അത് സെക്കന്‍ഡില്‍ നാലു മൈല്‍ വേഗതയിലാണ് പറന്നിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പുറത്തു വിട്ടിരുന്നു. 

ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്ക് അരികിലായി പതിക്കുമെന്ന കാര്യം ഇന്നു പുലര്‍ച്ചെ വരെ അവ്യക്തമായിരുന്നു. ഇന്തോനേഷ്യയ്ക്ക് സമീപം വീഴുമെന്നാണ് റഷ്യന്‍ സ്‌പേസ് ഏജന്‍സി ഇന്നലെ രാത്രിയോടെ പ്രവചിച്ചിരുന്നത്. എന്നാല്‍, റോക്കറ്റിന്റെ കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെന്നും അവശേഷിക്കുന്നത് സമുദ്രത്തില്‍ പതിക്കുമെന്നുമായിരുന്നു ചൈനീസ് വാദം. ഇപ്പോള്‍ അതാണ് ഏതാണ്ട് ശരിയായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തിനെതിരേ ചൈനയുടെ നേര്‍ക്ക് വിരല്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും വലിയ റോക്കറ്റുകളിലൊന്നാണ് ഇപ്പോള്‍ കടലില്‍ പതിച്ച ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് എന്നാണ് വിവരം. ഇതിന് 21 ടണ്ണോളം വിക്ഷേപണസമയത്ത് ഭാരമുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുമ്പോള്‍ 18 ടണ്ണായിരുന്നു ഭാരം. ഇതിലെത്ര മാത്രം കടലില്‍ പതിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. 

റോക്കറ്റിന്റെ വരവ് ലോകത്തെമ്പാടുമുള്ള വിവിധ സ്‌പേസ് ഏജന്‍സികള്‍ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഇത് ഭൂമിയില്‍ പതിച്ചത്. എന്നാല്‍ സമയം നീണ്ടു പോയിരുന്നുവെങ്കില്‍ ഇത് ഓസ്‌ട്രേലിയയുടെയോ ന്യൂസിലന്‍ഡിന്റെയോ ജനവാസമേഖലയില്‍ വീഴുമായിരുന്നുവെന്ന നിഗമനവും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മെയില്‍ സമാനമായ സംഭവം ചൈനയുടെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. അന്ന് ഭൂമിയിലേക്ക് പതിച്ച റോക്കറ്റിന്റെ അവശിഷ്ടം ഐവറി കോസ്റ്റിനു സമീപം വീണ് നിരവധി കെട്ടിടങ്ങള്‍ക്കു തകരാര്‍ വരുത്തിയിരുന്നു. ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റിന്റെ ഭൂരിഭാഗവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ കത്തിയെരിഞ്ഞതായി ചൈന മാനെഡ് സ്‌പേസ് എഞ്ചിനീയറിംഗ് ഓഫീസ് വീചാറ്റ് പോസ്റ്റില്‍ പറഞ്ഞു. എന്തെങ്കിലും അവശിഷ്ടങ്ങള്‍ ഏതെങ്കിലും രാജ്യത്ത് വീണിട്ടുണ്ടോ എന്ന് വ്യക്തമല്ല.

108 അടി ഉയരവും 40,000 പൗണ്ട് ഭാരവുമുള്ള ഈ റോക്കറ്റ് ഏപ്രില്‍ 29 ന് ഒരു പുതിയ ചൈനീസ് ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇന്ധനം തീര്‍ന്നതിനു ശേഷം ഭൂമിയുടെ ഗുരുത്വാകര്‍ഷണം വരെ അനിയന്ത്രിതമായമായി ബഹിരാകാശത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ഇത്. അന്താരാഷ്ട്ര ബഹിരാകാശ സമൂഹം അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഉപഗ്രഹങ്ങളെയും മറ്റ് വസ്തുക്കളെയും ബഹിരാകാശത്തേക്ക് ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന മിക്ക റോക്കറ്റുകളും സമുദ്രത്തെ ലക്ഷ്യം വച്ചുള്ള കൂടുതല്‍ നിയന്ത്രിത നിര്‍മ്മാണങ്ങള്‍ നടത്തുന്നു, അല്ലെങ്കില്‍ അവ ബഹിരാകാശത്തെ പരിക്രമണപഥങ്ങളില്‍ ഉപേക്ഷിക്കുന്നു, അവ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ ബഹിരാകാശത്ത് നിലനില്‍ക്കും. എന്നാല്‍ ലോംഗ് മാര്‍ച്ച് റോക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 'ഈ വലിയ ഘട്ടങ്ങളെ താഴ്ന്ന ഭ്രമണപഥത്തില്‍ ഉപേക്ഷിക്കുന്ന രീതിയിലാണ്' എന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ജോനാഥന്‍ മക്‌ഡൊവല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, ബൂസ്റ്റര്‍ എപ്പോള്‍ അല്ലെങ്കില്‍ എവിടെയെത്തുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios