ബിയജിംഗ്: ലോകത്തിനെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ഭൂമിയിൽ വീണുവെന്ന് റിപ്പോര്‍ട്ട്. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് 'ലോങ് മാര്‍ച്ച് 5 ബി' ഇന്ത്യൻ മഹാ സമുദ്രത്തിൽ മാലദ്വീപിന്‍റെ അടുത്ത് വീണുവെന്ന് അനുമാനം. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.

ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം ഭൂമിയില്‍ പതിച്ചെന്നാണ് സൂചന. 

അമേരിക്കന്‍ ഐക്യനാടുകളിലെ പെന്റഗണ്‍ മുമ്പ് ശനിയാഴ്ച രാത്രി 11.30 നോടടുത്ത് ഇത് ഭൂമിയില്‍ പതിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഏതാണ്ട് 10 മണിക്കൂറോളം കൂടുതല്‍‍ എടുത്താണ് റോക്കറ്റ് ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചത്. 

ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ മോഡുലാര്‍ എത്തിക്കുന്നതിനായാണ് റോക്കറ്റ് 21 ടണ്‍ ഭാരവുമായി കുതിച്ചത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona