രാത്രിയെ സെക്കന്‍ഡുകള്‍ പകല്‍പോലെയാക്കുന്ന തരത്തില്‍ പെടുന്നനെ വെളിച്ചവും ഞെട്ടിക്കുന്ന ശബ്ദവും ഈ ഉല്‍ക്കാജ്വല സൃഷ്ടിച്ചതായി റിപ്പോര്‍ട്ട് 

മാവോമിംഗ്: ചൈനയുടെ ആകാശത്ത് ഭീതി പരത്തി മെയ് 28ന് ഉല്‍ക്ക അഗ്നിഗോളമായി. ചൈനീസ് നഗരവും ജനവാസ മേഖലയുമായ മാവോമിംഗ് നഗരത്തിന് മുകളിലാണ് ഈ ഉല്‍ക്കാശില കത്തിയമര്‍ന്നത്. രാത്രിയെ സെക്കന്‍ഡുകള്‍ പകല്‍പോലെയാക്കുന്ന തരത്തില്‍ പൊടുന്നനെ വെളിച്ചവും ഞെട്ടിക്കുന്ന ശബ്ദവും ഈ ഉല്‍ക്കാജ്വല സൃഷ്ടിച്ചു. 'ഫയർബോൾ ഉൽക്ക'യാണിത് (fireball meteor) എന്നതിനാലാണ് സാധാരണ ഉല്‍ക്കാജ്വലനങ്ങളേക്കാള്‍ പ്രകാശം വിശാലമായ പ്രദേശത്ത് ഭൂമിയില്‍ നിന്ന് ദൃശ്യമായത് എന്നാണ് നിഗമനം. 

ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മാവോമിംഗ് നഗരത്തിന് മുകളില്‍ ബുധനാഴ്ച രാത്രി പ്രാദേശിക സമയം 9.33-ഓടെയാണ് ഉല്‍ക്ക കത്തിയമര്‍ന്നത്. ഇക്കാര്യം ചൈനീസ് നാഷണല്‍ ആസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററിയിലെ ഒരു ജ്യോതിശാസ്ത്രജ്ഞന്‍ സ്ഥിരീകരിച്ചതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ചൈന ന്യൂസ് സര്‍വീസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകാശത്ത് വലിയ പ്രകാശഗോളം കണ്ടതായി നിരവധി പേര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പങ്കിട്ടിരുന്നു. പ്രകാശഗോളത്തോടൊപ്പം വലിയ ശബ്ദവുമുണ്ടായിരുന്നു. ഇതിന് പിന്നാലെ, ഇതൊരു ഫയർബോൾ ഉൽക്കയാണെന്ന് ചൈനീസ് ജ്യോതിശാസ്ത്രജ്ഞര്‍ ഉറപ്പിക്കുകയായിരുന്നു. അതിനാല്‍തന്നെ ചൈനയിലെ ഹൈനാൻ പ്രവിശ്യയിലും ഉല്‍ക്കാജ്വാല കണ്ടതായി വിവരമുണ്ട്. 

Scroll to load tweet…

ചെറിയ കണികകൾ അല്ലെങ്കിൽ ചെറിയ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ ഘര്‍ഷണം മൂലം അവ ജ്വലിക്കും, മിക്ക ഫയർബോൾ ഉൽക്കകളും സാധാരണയായി ഭൂമിയിൽ എത്തുന്നതിനുമുമ്പ് പൂർണ്ണമായും കത്തിത്തീരാറാണ് പതിവെന്നും നാഷണല്‍ ആസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററിയിലെ ഒരു ജ്യോതിശാസ്ത്രജ്ഞന്‍ വ്യക്തമാക്കിയതായി ഗ്ലോബല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. പ്രകാശമാനമായതും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ പൊട്ടിത്തെറിക്കുന്നതുമായ ഉൽക്കയായ ഫയര്‍ബോള്‍ ഉല്‍ക്ക അഥവാ 'ബോളിഡ്' ആണ് ചൈനയില്‍ മെയ് 28ന് ദൃശ്യമായത് എന്നാണ് ഗവേഷകരുടെ അനുമാനം. ഇത് ഭൂമിയില്‍ പതിക്കും മുമ്പേ കത്തിത്തീര്‍ന്നതിനാല്‍ മറ്റ് അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മാവോമിംഗ് എമര്‍ജന്‍സി മാനേജ്‌മെന്‍റ് ബ്യൂറോ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം