18 ടണ്‍ ഭീമാകാരമായ ചൈനീസ് റോക്കറ്റിന്റെ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴുന്നതില്‍ ആശങ്കയോടെ ലോകം. ജനവാസമേഖലയില്‍ പതിക്കുമെന്നാണ് സൂചനയെങ്കിലും സ്ഥലം, സമയം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. 

അന്തരീക്ഷത്തിലേക്ക് കടന്നതിനു ശേഷമേ ഇക്കാര്യം കൃത്യമായി നിര്‍വചിക്കാനാവൂ എന്നാണ് വിവിധ സ്പേസ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ന്യൂയോര്‍ക്കിന്റെ പ്രാന്തപ്രദേശങ്ങളില്‍ വീഴുമോ എന്ന ആശങ്കയിലാണ് അമേരിക്ക. എന്തെങ്കിലും നാശനഷ്ടമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ചൈന പറയുന്നത്. അന്തരീക്ഷത്തില്‍ കടന്നാലുടന്‍ വെടിവെച്ചിടുന്നതിനെക്കുറിച്ച് യുഎസ് സൈന്യം ആലോചിച്ചിരുന്നുവെങ്കിലും പിന്നീടത് വേണ്ടെന്നു വച്ചു.

ലോംഗ് മാര്‍ച്ച് -5 ബി റോക്കറ്റ് ഏപ്രില്‍ 29 ന് ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനായാണ് വിക്ഷേപിച്ചത്. 18 ടണ്‍ ഭാരമുള്ള പ്രധാന സെഗ്മെന്റാണ് ഇപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നത്. റോക്കറ്റിന്റെ വലിയ ഭാരമാണ് ശാസ്ത്രലോകത്തെ ഉത്കണ്ഠാകുലരാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തായിരുന്നു.

പെന്റഗണ്‍ വെളിപ്പെടുത്തല്‍ അനുസരിച്ച് ശനിയാഴ്ച രാത്രിേ പതിനൊന്നു മണിയോടു കൂടി ഇത് ഭൂമിയില്‍ പതിക്കും. നിലവില്‍ സെക്കന്‍ഡില്‍ നാലു മൈല്‍വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്. ഭ്രമണപഥത്തില്‍ നിന്നും അന്തരീക്ഷത്തിലേക്ക് കടന്നാല്‍ വേഗത വര്‍ധിക്കും. 

റീ എന്‍ട്രിയില്‍ റോക്കറ്റ് ഘടകങ്ങള്‍ അന്തരീക്ഷത്തില്‍ തന്നെ കത്തി നശിക്കുമെന്ന് ചൈനീസ് അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ''റോക്കറ്റ് അല്ലെങ്കില്‍ അതിന്റെ ചില ഭാഗങ്ങള്‍ എവിടേക്കാണ് വീഴുകയെന്നതിനെക്കുറിച്ച് ചില ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും 70 ശതമാനം അതു വെള്ളത്തിലേക്കാവും പതിക്കുക. മറിച്ചൊരു സാധ്യതയും ഞങ്ങള്‍ കാണുന്നില്ല.'-ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അതേസമയം, റോക്കറ്റിന്റെ വരവിനെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് റോക്കറ്റ് സെഗ്മെന്റ് ട്രാക്കുചെയ്യുന്നുണ്ടെന്ന് പെന്റഗണ്‍ വക്താവ് മൈക്ക് ഹോവാര്‍ഡ് പറഞ്ഞു. യുഎസ് സൈന്യത്തിന് റോക്കറ്റ് ഭാഗങ്ങള്‍ വെടിവെച്ച് വീഴ്ച്ചാന്‍ പദ്ധതിയില്ലെന്ന് ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നേരത്തെ പറഞ്ഞിരുന്നു. 

ജനവാസമേഖലയില്‍ അവശിഷ്ടങ്ങള്‍ വീഴാനുള്ള സാധ്യത വളരെ കുറവാണെന്ന് പാരീസ്-പിഎസ്എല്‍ ഒബ്സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞനായ ഫ്ലോറന്റ് ഡെലിഫി പറഞ്ഞു.

2020ല്‍ മറ്റൊരു ലോംഗ് മാര്‍ച്ച് റോക്കറ്റില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഐവറി കോസ്റ്റിലെ ഗ്രാമങ്ങളില്‍ പതിക്കുകയും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്കുകളോ മരണങ്ങളോ അന്ന് സംഭവിച്ചില്ല. ഇറ്റലി ആസ്ഥാനമായുള്ള വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് പിടിച്ചെടുത്ത റോക്കറ്റിന്റെ ആദ്യ ചിത്രം വ്യാഴാഴ്ച ജ്യോതിശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരുന്നു. 

വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റിന്റെ ദൂരദര്‍ശിനിക്ക് മുകളില്‍ ബുധനാഴ്ച വൈകുന്നേരം 435 മൈല്‍ ഉയരത്തില്‍ റോക്കറ്റ് അതിവേഗം സഞ്ചരിക്കുകയായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനായി ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജന്‍സികളും ജ്യോതിശാസ്ത്രജ്ഞരും തയ്യാറെടുത്തിരിക്കുകയാണ്. ലോംഗ് മാര്‍ച്ച് 5 ബി ഭൂമിയിലേക്ക് തിരികെ വരുമ്പോള്‍ എന്തു സംഭവിക്കുന്നുവെന്നത് പഠിക്കുകയാണ് ലക്ഷ്യം.