Asianet News MalayalamAsianet News Malayalam

5ജി കാരണമോ കൊറോണ വന്നത്; അസംബന്ധ പ്രചാരണത്തിനെതിരെ ശാസ്ത്രലോകം

 കൊറോണ വൈറസ് വ്യാപിക്കുന്നതിന് കാരണം 5ജി ടെലികോം സിഗ്നലുകളും ടവറുകളും കാരണമാണെന്ന വ്യാജ സന്ദേശം ബ്രിട്ടനില്‍ പ്രശ്നം സൃഷ്ടിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 

Coronavirus Scientists brand 5G claims complete rubbish
Author
London, First Published Apr 6, 2020, 11:51 AM IST

ലണ്ടന്‍: കൊറോണ വൈറസ് വ്യാപിക്കുന്നതിന് കാരണം 5ജി ടെലികോം സിഗ്നലുകളും ടവറുകളും കാരണമാണെന്ന വ്യാജ സന്ദേശം ബ്രിട്ടനില്‍ പ്രശ്നം സൃഷ്ടിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സോഷ്യല്‍ മീഡിയ വഴി ഈ സന്ദേശം വ്യാപകമായതോടെ 5ജി ടവറുകള്‍ അഗ്നിക്കിരയാക്കുന്ന സ്ഥിരം സംഭവമാകുകയാണ് ബ്രിട്ടനില്‍. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ലിവര്‍പൂള്‍, ബെര്‍മിങ്ഹാം, മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകള്‍ക്കാണ് തീയിട്ടിട്ടുണ്ട്.

ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു വ്യാജവാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഈ പ്രചരണം തീര്‍ത്തും അസംബന്ധം എന്ന് തന്നെയാണ് ശാസ്ത്രലോകം പറയുന്നത്. വ്യാജവാര്‍ത്തയുടെ ഏറ്റവും മോശം അവസ്ഥ എന്നാണ് 5ജി കൊറോണയ്ക്ക് കാരണമാകുന്നു എന്ന വ്യാജപ്രചരണത്തെ എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവീസ് വിശേഷിപ്പിക്കുന്നത്.

ഗൂഢാലോചന സിദ്ധാന്തം

കഴിഞ്ഞ ഒരാഴ്ചയായി ശക്തമായി ബ്രിട്ടനിലെ സോഷ്യല്‍ മീഡിയയില്‍ 5ജിക്ക് എതിരായ പ്രചരണം ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ നെറ്റ്വര്‍ക്ക് സിഗ്നലുകളുടെ പുതിയ സാങ്കേതിക വിദ്യയായ 5ജി കൊറോണയ്ക്ക് കാരണമാകുന്നു എന്നാണ് ഈ സന്ദേശങ്ങളുടെ ഉള്ളടക്കം. ശരിക്കും ജനുവരി അവസാനത്തോടെ തന്നെ അമേരിക്കയിലും മറ്റും 5ജിക്കെതിരായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നുവെന്നും, ബ്രിട്ടനില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഈ സന്ദേശങ്ങള്‍ ബ്രിട്ടനില്‍ വൈറലായി തുടങ്ങിയതെന്നാണ് ബിബിസി പറയുന്നത്. പ്രധാനമായും രണ്ട് ഉള്ളടക്കങ്ങളാണ് ബ്രിട്ടനില്‍ വ്യാപകമായി വ്യാജ സന്ദേശമായി പ്രചരിച്ചത്.

1. 5ജി സിഗ്നലുകള്‍ നിങ്ങളുടെ ശരീര പ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുന്നു, ഇത് കൊവിഡിന്‍റെ വ്യാപനത്തിന് കാരണമാകുന്നു.

2. വൈറസ് വ്യാപിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നത് 5 ജി സിഗ്നലുകളെയാണ്.

എന്നാല്‍ ഈ വാദം തീര്‍ത്തും വസ്തവിരുദ്ധവും അസംബന്ധം എന്നാണ് യൂണിവേഴ്സിറ്റി ഓഫ് റീഡിംഗിലെ സെല്ലുലാര്‍ മൈക്രോ ബയോളജി പ്രഫസര്‍  ഡോ.സൈമണ്‍ ക്ലര്‍ക്ക് പറയുന്നു. 

'നിങ്ങളുടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷി, എന്ത് കാരണത്താലും ബാധിക്കപ്പെടാം. അത് ചിലപ്പോള്‍ ഒരു ദിവസത്തെ ഭക്ഷണം കുറഞ്ഞതുകൊണ്ടു നിങ്ങളുടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷിയില്‍ കുറവുണ്ടാകാം, എന്നാല്‍ ഇത്തരം പ്രതിരോധത്തിലെ വ്യതിയാനങ്ങള്‍ നിങ്ങളെ വൈറസ് ബാധിതനാക്കിയേക്കും എന്നത് സത്യമാണ്'.

കൂടിയ റെഡിയോ തരംഗങ്ങള്‍ മനുഷ്യ ശരീരത്തില്‍ ചില ശരീരിക മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ 5ജി തരംഗങ്ങള്‍ക്ക് ഇത് സാധ്യമാകില്ല. 5ജി തരംഗങ്ങള്‍ വളരെ കുറഞ്ഞ ഫ്രീക്വന്‍സി തരംഗങ്ങളാണ്. അതും സൂര്യപ്രകാശത്തേക്കാള്‍ കുറഞ്ഞ ഫ്രീക്വന്‍സിയാണ് ഇവയ്ക്ക്. അതിനാല്‍ തന്നെ ഒരു മനുഷ്യന്‍റെ ശാരീരിക സ്ഥിതിയെ സ്വദീനിക്കാനുള്ള ശേഷിയൊന്നും ഇതിനില്ല. ഇത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ലഭ്യമാണ്' - ഡോ.സൈമണ്‍ ക്ലര്‍ക്ക്  ബിബിസിയോട് പറഞ്ഞു.

Coronavirus Scientists brand 5G claims complete rubbish

രണ്ടാമത്തെ വ്യാജ സന്ദേശം 5ജി തരംഗങ്ങള്‍ വൈറസിനെ വ്യാപിപ്പിക്കുന്നു എന്നതാണ്. എന്നാല്‍ ഈ വാദം തള്ളികളയുകയാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിലെ പ്രഫസറായ ആദം ഫിന്‍. 

'ഇപ്പോഴത്തെ ആഗോള മഹാമാരി വൈറസ് മൂലം ഉണ്ടാകുന്നതാണ്, ഇത് വൈറസ് ബാധയുള്ള ആളില്‍ നിന്നാണ് മറ്റൊരാളിലേക്ക് പകരുന്നത്. വൈറസും ഇലക്ട്രോ മാഗ്നറ്റിക്ക് തരംഗങ്ങളും തീര്‍ത്തും രണ്ട് കാര്യങ്ങളാണ്. വൈറസ് ഒരു ജൈവ അവസ്ഥയിലുള്ള വസ്തുവാണ്, മാഗ്നറ്റിംഗ് തരംഗം ഒരു അജീവ വസ്തുവും. ചുള്ളാമ്പും, വെണ്ണയും പോലെ രണ്ടും രണ്ട് സംഗതികളാണ്. ഇവയ്ക്ക് ഒന്നിനെ വഹിക്കാനുള്ള ശേഷിയൊന്നും ഇല്ല.

പിന്നെ 5ജി കാരണമാണ് ഇംഗ്ലണ്ടില്‍ വൈറസ് ബാധ പടര്‍ന്നതെങ്കില്‍ ഇതുവരെ 5ജി ഇല്ലാത്ത ഇറാനില്‍ എന്തായിരിക്കും അതിന്‍റെ കാരണം. മറ്റ് രാജ്യങ്ങളിലോ. 5ജി അവതരിപ്പിക്കപ്പെടും കാലത്ത് തന്നെ ഇത് ആരോഗ്യ പ്രശ്നം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ നിരവധി പഠനങ്ങള്‍ നടക്കുകയും ഇത്തരം ആശങ്കകള്‍ തള്ളക്കളയുകയും ചെയ്തിട്ടുണ്ട്' - ആദം ഫിന്‍ പറയുന്നു.

ഇതിന് പുറമേ ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ (ICNIRP) പ്രസിദ്ധീകരിച്ച ഒരു വര്‍ഷം നീണ്ട പഠന പ്രകാരം 5ജി അടക്കമുള്ള മൊബൈല്‍ തരംഗങ്ങള്‍ ക്യാന്‍സര്‍ അടക്കം ഒരു രോഗത്തിനും കാരണമാകുന്നില്ലെന്നാണ് പറയുന്നത്.

അതേ സമയം ഇത്തരം വ്യാജ സന്ദേങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് ടെലികോം വകുപ്പ് തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. 5ജി ടവറുകള്‍ അഗ്നിക്കിരയാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

5ജി കൊറോണയ്ക്ക് കാരണമാകുമെന്ന് പ്രചരണം പ്രചാരണം വ്യാജമാണെന്നും, അപകടകരമായ വിഡ്ഢിത്തമാണെന്നും ബ്രിട്ടീഷ്  മന്ത്രി മിഷേല്‍ ഗോവ് പ്രസ്താവിച്ചു. ർ

കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നീങ്ങുന്ന രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന തരത്തിലാണ് ഈ വ്യാജപ്രചരണം നടക്കുന്നതെന്ന് ബിബിസിയോട് ബ്രിട്ടീഷ് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീവന്‍ പോവിസ് പ്രതികരിച്ചു.

മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സര്‍വ്വീസുകളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളുടെ സഹായത്തോടെയാണ്. ഈ സാഹചര്യത്തില്‍ സാമീഹിക വിരുദ്ധ പ്രവൃത്തി ശരിക്കും സാമൂഹ്യദ്രോഹം തന്നെയാണെന്ന് മെഡിക്കല്‍ ഡയറക്ടര്‍ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios