കേള്‍ക്കുമ്പോള്‍ ഇത് ഏതോ ഫിക്ഷന്‍ സിനിമയിലെ കാര്യമാണെന്നു തോന്നുന്നുണ്ടോ? ഇത് സത്യമാണ്. റോബോട്ടുകള്‍ വരുന്നു, അവര്‍ പിസ്സ കൊണ്ടുവരുന്നു. ഈ ആഴ്ച, ഡൊമിനോസ് പിസ തങ്ങളുടെ ഡെലിവറിക്കായി യുഎസിലെ ഹ്യൂസ്റ്റണിലെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അണിനിരത്തിയത് ഒരു റോബോട്ടിനെയായിരുന്നു. അതും വെറുമൊരു റോബോട്ട് അല്ല, ഒരു റോബോട്ട് കാര്‍! ഇത്തരമൊരു ഡെലിവറി സേവനം ആരംഭിച്ചതായി ഡൊമിനോസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

ഹ്യൂസ്റ്റണിലെ വുഡ്‌ലാന്റ് ഹൈറ്റ്‌സ് പരിസരത്തുള്ള ഉപഭോക്താക്കള്‍ക്ക് റോബോട്ട് ഡെലിവറി തിരഞ്ഞെടുക്കാനും കാറിന്റെ ലൊക്കേഷനെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ടെക്സ്റ്റ് സ്വീകരിക്കാനും കഴിയും. കാര്‍ വീടിന്റെ വാതില്‍ക്കല്‍ എത്തിക്കഴിഞ്ഞാല്‍, ഉപഭോക്താവ് റോബോട്ടിന്റെ ടച്ച്‌സ്‌ക്രീനില്‍ നമ്പര്‍ നല്‍കണം. അതോടെ ഒരു ഒടിപി സന്ദേശം മൊബൈലില്‍ കോഡ് ആയി ലഭിക്കുന്നു. ഇത് നല്‍കിയാല്‍ ഭക്ഷണം ശേഖരിച്ചു വച്ചിരിക്കുന്ന കാറിന്റെ വാതിലുകള്‍ തുറക്കുന്നു. കഴിഞ്ഞ വര്‍ഷം യുഎസ് ഗതാഗത വകുപ്പില്‍ നിന്ന് റെഗുലേറ്ററി അംഗീകാരം ലഭിച്ച ആദ്യത്തെ സ്വയംഭരണവും മനുഷ്യരഹിതവുമായ ഓണ്‍റോഡ് ഡെലിവറി വാഹനമാണ് ന്യൂറോയുടെ റോബോട്ട് കാര്‍, ഡൊമിനോസ് പറഞ്ഞു.

സ്വയംഭരണ ഡെലിവറികളിലേക്കുള്ള ഡൊമിനോയുടെ ആദ്യ കടന്നുകയറ്റമല്ല ഇത്. 2017 ല്‍, മിഷിഗണ്‍ ആസ്ഥാനമായുള്ള കമ്പനി ഓട്ടോമാറ്റിക്ക് ഡ്രൈവിംഗ് ഫോര്‍ഡ് ഫ്യൂഷന്‍ ഹൈബ്രിഡ് ഉപയോഗിച്ച് മിഷിഗനിലെ ആന്‍ അര്‍ബറിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പിസ്സ വിതരണം ചെയ്തു. 2013 ല്‍, ഡൊമിനോ യുണൈറ്റഡ് കിംഗ്ഡത്തിലെ ഡ്രോണ്‍ വഴി പിസ്സ ഡെലിവറി പരീക്ഷിച്ചു.
പുതുമ കണ്ടെത്തുമ്പോഴും ബ്രാന്‍ഡ് ഉയര്‍ത്താനുമുള്ള ഡൊമിനോസ് പിസയുടെ പുതിയ നേട്ടമായി ഇതിനെ വിലയിരുത്തുന്നു.

എന്നാല്‍, ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ പിസ്സ ശൃംഖലയല്ല ഡൊമിനോസ്. ടൊയോട്ടയുമായി ചേര്‍ന്നു പൂര്‍ണ്ണമായും ഓട്ടോമാറ്റിക്ക് ഡെലിവറി വാഹനം പുറത്തിറക്കാന്‍ 2018 ല്‍ പിസ്സ ഹട്ട് തീരുമാനിച്ചിരുന്നു. എന്നാല്‍ ഓട്ടോമാറ്റിക്കായി ഓടിക്കുന്ന വാഹനങ്ങള്‍ മുഖ്യധാരയില്‍ നിന്ന് ഇപ്പോഴും വളരെ അകലെയാണ്. വര്‍ഷങ്ങളായി, സ്വയം ഡ്രൈവിംഗ് കാര്‍ കമ്പനികള്‍ അവരുടെ സാങ്കേതികവിദ്യയും നിലവിലെ റോഡ് ഇന്‍ഫ്രാസ്ട്രക്ചറും മതിയാകുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഡ്രൈവര്‍ ഇല്ലാത്ത ഇത്തരം കാറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ബുദ്ധിമുട്ടാണെന്നാണ് ഡൊമിനോസ് പറയുന്നത്.