ജിഎസ്എല്‍വി-എഫ്15/എന്‍വിഎസ്-02 വിക്ഷേപണത്തോടെ ഇസ്രൊ ഒരിക്കല്‍ക്കൂടി രാജ്യത്തിന് അഭിമാനമുയര്‍ത്തിയതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 'ശ്രീഹരിക്കോട്ടയിലെ ചരിത്ര നേട്ടത്തിന് അഭിനന്ദനങ്ങള്‍. ജിഎസ്എല്‍വി-എഫ്15/എന്‍വിഎസ്-02 വിക്ഷേപണത്തോടെ ഇസ്രൊ ഒരിക്കല്‍ക്കൂടി രാജ്യത്തിന് അഭിമാനം സമ്മാനിച്ചു. വിക്രം സാരാഭായും സതീഷ് ധവാനും മറ്റ് ചുരുക്കമാളുകളും ചേര്‍ന്ന് തുടക്കമിട്ട അവിസ്‌മരണീയ യാത്രയുടെയും കുതിപ്പിന്‍റെയും കഥയാണ് ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണ വിജയം വ്യക്തമാക്കുന്നത്' എന്നും ഡോ. ജിതേന്ദ്ര സിംഗ് എക്‌സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു. 

രാജ്യത്തിന്‍റെ ബഹിരാകാശ ഗവേഷണ രംഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന പിന്തുണയ്ക്കും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് നന്ദി പറഞ്ഞു. 

Scroll to load tweet…

നൂറ് മാര്‍ക്കുമായി ശ്രീഹരിക്കോട്ട

അഭിമാനത്തിന്‍റെ നെറുകയിൽ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണം സമ്പൂര്‍ണ വിജയമായി. നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-02വിനെ ചരിത്ര ദൗത്യത്തില്‍ ജിഎസ്എല്‍വി-എഫ്15 ലോഞ്ച് വെഹിക്കിള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു എന്‍വിഎസ്-02വിന്‍റെ വിക്ഷേപണം. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 സാറ്റ്‌ലൈറ്റ്. മലയാളിയായ തോമസ് കുര്യനായിരുന്നു GSLV-F15/NVS-02 മിഷന്‍ ഡയറക്ടര്‍. ബഹിരാകാശ രംഗത്ത് രാജ്യം നല്‍കുന്ന പിന്തുണയ്ക്ക് ഐഎസ്ആര്‍ഒ നന്ദി പറഞ്ഞു. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യം കൂടിയാണ് ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നടന്നത്.

1979ലായിരുന്നു ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇസ്രൊയുടെ ആദ്യ വിക്ഷേപണം. അന്നത്തെ കന്നി ദൗത്യം പരാജയമായെങ്കില്‍ ഐഎസ്ആര്‍ഒ ഫീനിക്സ് പക്ഷിയെ പോലെ പിന്നീട് കുതിച്ചുയരുന്ന കാഴ്ചയാണ് ലോകം കണ്ടത്. 

Read more: ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണം നൂറുമേനി വിജയം; എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ, ഐഎസ്ആര്‍ഒയ്ക്ക് അഭിമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം