ഭൂമി ഈ പ്രതിഭാസം തുടര്‍ന്നാല്‍ 2029 ആകുമ്പോഴേക്കും ചരിത്രത്തിൽ ആദ്യമായി ആറ്റോമിക് ക്ലോക്കുകളിൽ ഒരു ലീപ്പ് സെക്കൻഡ് കുറയ്ക്കേണ്ടിവരുമെന്ന് പ്രവചനം

വാഷിംഗ്‌ടണ്‍: ഒരേ പാതയിൽ ഒരേ താളത്തില്‍ സ്വയം കറങ്ങുകയും ഒപ്പം സൂര്യനെ വലംവെക്കുകയും ചെയ്യുന്ന ഗ്രഹം. ഇതായിരുന്നു ഭൂമിയെ കുറിച്ച് നാം പലരുടെയും പൊതു സങ്കല്‍പം. എന്നാൽ, ഭൂമി ഇപ്പോള്‍ പതിവിലും അല്‍പം വേഗത്തിൽ കറങ്ങുന്നുണ്ടെന്നും, ഇത് ദിവസങ്ങളുടെ ദൈര്‍ഘ്യം കുറച്ച് മില്ലിസെക്കൻഡ് കുറയ്ക്കുന്നുണ്ട് എന്നുമാണ് ശാസ്ത്ര ലോകത്തിന്‍റെ പുതിയ കണ്ടെത്തൽ. 2020 മുതലാണ് ഈ മാറ്റം ദൃശ്യമായിത്തുടങ്ങിയത്. ഭൂമിയുടെ ഭ്രമണവേഗതയില്‍ വരുന്ന മാറ്റം എന്ത് സ്വാധീനമാണ് നമ്മുടെ ഗ്രഹത്തില്‍ സൃഷ്‌ടിക്കുക?

ലീപ്പ് സെക്കൻഡ് കുറയും!

ഭൂമിയുടെ ഭ്രമണവേഗത്തില്‍ സംഭവിക്കുന്ന നേരിയ മാറ്റങ്ങള്‍ പോലും ആഗോള സമയസൂചനാ സംവിധാനങ്ങളിൽ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്നതാണ് യാഥാര്‍ഥ്യം. പൊതുവെ, ഭൂമിയുടെ മന്ദഗതിയിലുള്ള ഭ്രമണവുമായി പൊരുത്തപ്പെടാന്‍ ലീപ്പ് സെക്കൻഡുകൾ ആറ്റോമിക് ക്ലോക്കുകളിൽ ചേർക്കാറുണ്ട്. എന്നാൽ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വേഗമാര്‍ന്ന ഭ്രമണം തുടർന്നാൽ, 2029 ആകുമ്പോഴേക്കും ചരിത്രത്തിൽ ആദ്യമായി ആറ്റോമിക് ക്ലോക്കുകളിൽ ഒരു ലീപ്പ് സെക്കൻഡ് കുറയ്ക്കേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. വാഷിംഗ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ എര്‍ത്ത് റൊട്ടേഷന്‍ ആന്‍ഡ് റഫറന്‍സ് സിസ്റ്റംസ് സര്‍വീസ് (IERS) ആണ് ഇക്കാര്യം പ്രവചിക്കുന്ന ഒരു ഏജന്‍സി. 

അതേസമയം, timeanddate.com-ന്‍റെ പഠനം ഈ വർഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള സൂചന നൽകുന്നു. ജൂലൈ 9, ജൂലൈ 22, ഓഗസ്റ്റ് 5 എന്നിവയായിരിക്കും ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങള്‍ എന്നാണ് പ്രവചനം. ഇവയില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനം ഓഗസ്റ്റ് 5 ആയിരിക്കുമെന്ന് കണക്കാക്കുന്നു. ഭൂമിയില്‍ സാധാരണയായുള്ള 24 മണിക്കൂറിനേക്കാള്‍ ഏകദേശം 1.51 മില്ലിസെക്കന്‍ഡ് ദൈര്‍ഘ്യം ഓഗസ്റ്റ് 5-ന് കുറവായിരിക്കും എന്നാണ് ഗവേഷകരുടെ അനുമാനം. 

ഒരു പുത്തന്‍ പ്രതിഭാസമേയല്ല

ഭൂമിയിലെ ഒരു ദിവസത്തിന്‍റെ ദൈര്‍ഘ്യത്തിലുണ്ടാകുന്ന മാറ്റം ആദ്യമായി സംഭവിക്കുന്ന പ്രതിഭാസമല്ല. ഈ മാറ്റങ്ങള്‍ നമ്മുടെ ഗ്രഹത്തിന്‍റെ പ്രചീന കാലം മുതലേയുള്ളതുമാണ്. ദിനോസറുകള്‍ വസിച്ചിരുന്നത് ഭൂമിയിലെ ഒരു ദിനത്തിന് 23 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സമയത്തായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. വെങ്കലയുഗത്തില്‍ ഭൂമിയിലെ ഒരു ദിവസത്തിന് ഇന്നത്തേക്കാള്‍ ഏകദേശം അര സെക്കന്‍ഡ് കുറവായിരുന്നു എന്നുമോര്‍ക്കുക. മാത്രമല്ല, 200 ദശലക്ഷം വര്‍ഷം കഴിയുമ്പോള്‍ ഭൂമിയിലെ ഒരു ദിവസം ഏകദേശം 25 മണിക്കൂര്‍ ആയി ഉയരുമെന്ന് ഗവേഷകര്‍ ഇതിനകം പ്രവചിച്ചിട്ടുണ്ട്.

2020 മുതലാണ് ഭൂമി സാധാരണയേക്കാള്‍ അൽപ്പം കൂടുതല്‍ വേഗത്തിൽ കറക്കം തുടങ്ങിയത്. ഈ പ്രതിഭാസം തുടരുന്നതിനാലാണ് ചരിത്രത്തിൽ ആദ്യമായി ഒരു ലീപ്പ് സെക്കൻഡ് കുറക്കേണ്ടിവരുന്നത്. ഭൂമിയുടെ ക്രമരഹിതമായ ഭ്രമണവുമായി പൊരുത്തപ്പെടുന്നതിനായി ആറ്റോമിക് ക്ലോക്കുകളിൽ ഇടയ്ക്കിടെ ചേർക്കുന്ന ഒരു സെക്കൻഡ് ക്രമീകരണമാണ് ലീപ്പ് സെക്കൻഡ്. ഭൂമിയുടെ കറക്കം ആറ്റോമിക് സമയവുമായി പൂർണ്ണമായും സമന്വയിപ്പിച്ചിട്ടില്ലാത്തതിനാൽ, ഇതുവരെയും ആ വിടവ് നികത്താൻ ലീപ്പ് സെക്കൻഡുകളാണ് ഉപയോഗിക്കുന്നത്.

കാരണം എന്ത്?

എന്നാല്‍, ഇതുവരെ ഭൂമിയുടെ കറക്കത്തിലെ വേഗക്കുറവിനും വേഗ വര്‍ധനവിനും പിന്നിലെ കാരണം കൃത്യമായി രേഖപ്പെടുത്താന്‍ ഭൗമശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ഭൂകമ്പങ്ങള്‍, ഭൂമിയുടെ കാമ്പിലെ മാറ്റങ്ങൾ, ഹിമാനിയുടെ തിരിച്ചുവരവ്, അന്തരീക്ഷ മർദ്ദത്തിലും സമുദ്രപ്രവാഹങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയൊക്കെയാണ് കാരണമായി അനുമാനിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വരുംനാളുകളിലുണ്ടാകും. ഇപ്പോള്‍ ഭൂമിയുടെ കറക്കിന് വേഗം കൂടുതലാണെങ്കിലും കാലക്രമേണ ഭ്രമണം സാവധാനത്തിലാകുമെന്നും ഗവേഷകർ പറയുന്നു.

Asianet News Live | Malayalam News | Kerala News | ഏഷ്യാനെറ്റ് ന്യൂസ്