ഭൂമിയിൽനിന്നും ഏകദേശം 40 പ്രകാശ വർഷങ്ങൾക്ക് അപ്പുറമുള്ള ട്രാപ്പിസ്റ്റ് 1 ഗ്രഹവ്യവസ്ഥയുടെ ഭാഗമാണ് ട്രാപ്പിസ്റ്റ്-1 ഇ (TRAPPIST-1 e) എന്ന ഈ എക്‌സോപ്ലാനറ്റ്. ഭൂമിയിലെ അന്തരീക്ഷത്തിന് സമാനമായ അന്തരീക്ഷം ട്രാപ്പിസ്റ്റ്-1 ഇയ്ക്ക് ഉണ്ടാവാന്‍ സാധ്യത.
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിലൂടെ ലഭിച്ച പ്രാഥമിക നിരീക്ഷണങ്ങൾ സത്യമെങ്കിൽ ഭൂമിയിലെ അന്തരീക്ഷത്തിന് സമാനമായ അന്തരീക്ഷമുള്ള അന്യഗ്രഹത്തെ ചരിത്രത്തിലാദ്യമായി സ്ഥിരീകരിക്കാന്‍ ജ്യോതിശാസ്ത്രജ്ഞർക്ക് സാധിച്ചേക്കുമെന്ന് സൂചന. ഭൂമിയിൽനിന്നും ഏകദേശം 40 പ്രകാശ വർഷങ്ങൾക്ക് അപ്പുറമുള്ള ട്രാപ്പിസ്റ്റ് 1 (TRAPPIST-1 star) എന്ന ഗ്രഹവ്യവസ്ഥയുടെ ഭാഗമാണ് ട്രാപ്പിസ്റ്റ്-1 ഇ (TRAPPIST-1 e) എന്ന ഈ എക്‌സോപ്ലാനറ്റ്. 2016-ൽ ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞരാണ് ട്രാപ്പിസ്റ്റ് 1 എന്ന ഗ്രഹവ്യവസ്ഥ കണ്ടെത്തിയത്. ഇതിന് ശേഷം ട്രാപ്പിസ്റ്റ്-1 ഇ-യെ പറ്റി നിരവധി പഠനങ്ങൾ പിന്നീട് നടന്നുവരികയാണ്.
ട്രാപ്പിസ്റ്റ്-1 ഇ
ഒരു ഗ്രഹവ്യവസ്ഥ എന്ന നിലയ്ക്ക് ട്രാപ്പിസ്റ്റ് അറിയുംതോറും ഏറെ വിചിത്രമാണെന്ന് ബാൾടിമോറിലെ സ്‌പേസ് ടെലിസ്‌കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞനായ നെസ്റ്റർ എസ്‌പിനോസ പറഞ്ഞു. ഏകദേശം പാറകള്‍ നിറഞ്ഞ ഏഴ് ഗ്രഹങ്ങൾ വ്യാഴത്തിന്‍റെ വലുപ്പമുള്ള ഈ കുഞ്ഞു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നുണ്ടെന്നും അതിൽ മൂന്നെണ്ണം വാസയോഗ്യമായ മേഖലയിലാണെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്‌ച 'ദ അസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സി'ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എസ്‌പിനോസയും സഹപ്രവർത്തകരും ഈ നക്ഷത്രവ്യവസ്ഥയിലെ ട്രാപ്പിസ്റ്റ്-1 ഇ എന്ന നാലാമത്തെ ഗ്രഹത്തിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. 2023-ൽ ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ച് നടത്തിയ നാല് നിരീക്ഷണങ്ങൾ പ്രകാരം, ഈ ഗ്രഹത്തിന് അന്തരീക്ഷമില്ലെന്ന് പൂർണമായും തള്ളിക്കളയാൻ സാധിച്ചിട്ടില്ല എന്നത് വലിയ പ്രതീക്ഷ നല്‍കുന്നു. ഈ ഗ്രഹത്തിന് ഒരു അന്തരീക്ഷമുണ്ടാകാനുള്ള സാധ്യത ഇപ്പോളും തള്ളിക്കളയാൻ സാധ്യമല്ലാത്തതിനാൽ, അന്തരീക്ഷമുണ്ടാവാം എന്ന പ്രതീക്ഷ ഇപ്പോഴും സജീവമാണെന്ന് എസ്‌പിനോസ പറഞ്ഞു. ട്രാപ്പിസ്റ്റ്-1 ഇയില്‍ 15 നിരീക്ഷണങ്ങൾ കൂടി നടത്താനുള്ള നീക്കത്തിന് ഇത് വളരെ ആവേശം പകരുന്നതായും എസ്‌പിനോസ പറഞ്ഞു. നക്ഷത്രത്തിന് ഏറ്റവും അടുത്തുള്ള ട്രാപ്പിസ്റ്റ്-1 ബി എന്ന ഗ്രഹത്തിൽ അന്തരീക്ഷമില്ലെന്ന് വെബ് ദൂരദർശിനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അവശേഷിക്കുന്ന ആറ് ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പൂർണമായിട്ടില്ല. ഇതിൽ, ദ്രാവക രൂപത്തിലുള്ള ജലം ഉണ്ടാകാൻ ഏറ്റവും സാധ്യതയുള്ള ഗ്രഹങ്ങളിൽ ഒന്നായിട്ടാണ് ട്രാപ്പിസ്റ്റ്-1 eയെ ഗവേഷകര്‍ കണക്കാക്കുന്നത്. മൂന്നുവർഷം മുൻപ് ജെയിംസ് വെബ് ദൂരദര്‍ശിനി വിക്ഷേപിക്കുന്നത് വരെ ഇത്തരം പഠനങ്ങൾ കേവലം സയൻസ് ഫിക്ഷൻ ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ല, അതിനാൽട്രാപ്പിസ്റ്റ്-1 ഇയുടെ അന്തരീക്ഷം എപ്രകാരമുള്ളതാണെന്ന് കണ്ടെത്താൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എസ്‌പിനോസ പറഞ്ഞു.
ട്രാപ്പിസ്റ്റ്-1 ഇ വലുപ്പത്തിൽ ഭൂമിയോടു സാദൃശ്യമുള്ള ഗ്രഹമാണെങ്കിലും ഭൂമിയെക്കാൾ വേഗത്തിലാണ് ഇത് അതിന്‍റെ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നത്. കേവലം ആറു ദിവസമാണ് ഭ്രമണപഥം പൂർത്തിയാക്കാൻ ട്രാപ്പിസ്റ്റ്-1 ഇയ്ക്ക് ആവശ്യം. ട്രാപ്പിസ്റ്റ്-1 ഇയുടെ നക്ഷത്രം സൂര്യനെക്കാൾ ചെറുതായതിനാലും ബാക്കിയുള്ള ഗ്രഹങ്ങളെല്ലാം അടുത്തായതിനാലുമാണ് ഇത് സാധ്യമാവുന്നത്.
അന്തരീക്ഷം കണ്ടെത്താനായി ജ്യോതിശാസ്ത്രജ്ഞർ ഒരു ഗ്രഹം അതിന്‍റെ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നത് നിരീക്ഷിക്കുകയാണ് ചെയ്യാറ്. ഈ സമയത്ത് നക്ഷത്രപ്രകാശം ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിലൂടെ അരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പഠന വിധേയമാക്കുകയാണ് അതിന്‍റെ രാസഘടന മനസിലാക്കുന്നത്.
TRAPPIST-1 e-ക്ക് ഹൈഡ്രജൻ നിറഞ്ഞ പ്രാഥമിക അന്തരീക്ഷമില്ലെന്ന് 2023-ലെ നാല് നിരീക്ഷണങ്ങളിൽ വെബ് കണ്ടെത്തിയിരുന്നു. നക്ഷത്രത്തിൽ നിന്നുള്ള ശക്തമായ വികിരണങ്ങളാകാം ഇതിന് കാരണം. ഭൂമിക്കും അതിന്‍റെ പ്രാഥമിക അന്തരീക്ഷം നഷ്ടപ്പെട്ട ശേഷം രണ്ടാമതൊന്ന് രൂപംകൊണ്ടിരുന്നു. ട്രാപ്പിസ്റ്റ്-1 ഇയ്‌ക്കും അതുപോലെ ഒരു രണ്ടാംനിര അന്തരീക്ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ കരുതുന്നു. ആസ്ട്രോ ഫിസിക്കൽ ലെറ്റേഴ്‌സിൽ കഴിഞ്ഞ ആഴ്‌ച പ്രസിദ്ധീകരിച്ച രണ്ടാമത്തെ പഠനത്തിൽ ഇത് കൂടുതൽ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഈ ഗ്രഹത്തിന് ശുക്രനെയോ ചൊവ്വയെയോ പോലെ കാർബൺ ഡയോക്സൈഡ് കൂടുതലുള്ള ഒരു അന്തരീക്ഷം ഉണ്ടാവാനുള്ള സാധ്യത കുറവാണെന്നും പകരം നൈട്രജൻ കൂടുതലുള്ള ഭൂമിയുടേതോ ശനിയുടെ ഉപഗ്രഹമായ ടൈറ്റന്‍റെ അന്തരീക്ഷത്തിനോ സമാനമായി ഒരു അന്തരീക്ഷമാണെന്നും പഠനം പറയുന്നു.
ട്രാപ്പിസ്റ്റ്-1 ഇ വാസയോഗ്യം?
ട്രാപ്പിസ്റ്റ്-1 ഇ ഇപ്പോഴും പഠനവിധേയമായ, വാസയോഗ്യമായ ഗ്രഹങ്ങളിൽ ഒന്നാണെന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്ലാനറ്ററി സയൻസ് പ്രൊഫസറും രണ്ട് പഠനങ്ങളുടെയും സഹ-രചയിതാവുമായ സാറാ സീഗർ പറഞ്ഞു. തങ്ങളുടെ 25 നിരീക്ഷണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും പൂർത്തിയായിക്കഴിഞ്ഞുവെന്നും, ഈ വർഷം അവസാനത്തോടെ ഇത് പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്നും എസ്‌പിനോസ പറഞ്ഞു. അന്തരീക്ഷമുണ്ടെന്ന് വ്യക്തമായ സൂചനകൾ ലഭിച്ചാൽ, ഭൂമിയിലെ ജീവനുമായി ബന്ധപ്പെട്ട മീഥേൻ പോലുള്ള വാതകങ്ങളുടെ രാസഘടന കണ്ടെത്താനായി കൂടുതൽ നിരീക്ഷണങ്ങൾ ജെയിംസ് വെബ് ടെലിസ്കോപ്പ് നടത്തേണ്ടിവരും.
ട്രാപ്പിസ്റ്റ്-1 ഇ എക്‌സോപ്ലാനറ്റില്‍ അന്തരീക്ഷത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കാനായാൽ അതൊരു വലിയ മുന്നേറ്റമായിരിക്കും. ചുവപ്പുകുള്ളൻ നക്ഷത്രങ്ങൾക്ക് (red dwarf) ചുറ്റുമുള്ള ഗ്രഹങ്ങൾക്ക് അന്തരീക്ഷം നിലനിർത്താൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള വലിയ സംവാദത്തിന് അതോടെ തീരുമാനമാകും. പ്രപഞ്ചത്തിലെ ഭൂരിഭാഗം നക്ഷത്രങ്ങളും ചുവപ്പുകുള്ളന്മാരാണ്. അതിനാൽ, ഇവിടെ അത് സാധ്യമാണെങ്കിൽ, എവിടെയും അത് സംഭവിക്കാമെന്നത് ജീവന്‍റെ സാധ്യതകൾ വർധിപ്പിക്കുമെന്ന് എസ്‌പിനോസ പറഞ്ഞു.
എന്നാൽ, അന്തരീക്ഷമില്ലെന്ന് കണ്ടെത്തിയാലും അത് ആവേശകരമായ ഒരു ഫലമായിരിക്കും കാരണം, അത് ഭൂമിയിലെ ജീവനെ കൂടുതൽ സവിശേഷമാക്കും. അതോടൊപ്പം, ജെയിംസ് വെബിനേക്കാള്‍ കൂടുതൽ ശേഷിയുള്ളതും ആസൂത്രണ ഘട്ടത്തിലുള്ളതുമായ ദൂരദർശിനികൾ ഉപയോഗിച്ച് സൂര്യനെപ്പോലെയുള്ള മഞ്ഞക്കുളളൻ നക്ഷത്രങ്ങളെ (yellow dwarf) ചുറ്റുന്ന സൗരയൂഥേതര ഗ്രഹങ്ങളെക്കുറിച്ച് (exoplanets) ഭാവിയിൽ ഗവേഷണം നടത്താനുള്ള വഴി തുറക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.



