Asianet News MalayalamAsianet News Malayalam

ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ 15 പ്രദേശങ്ങളില്‍ 11 എണ്ണം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്

രാജസ്ഥാനിലെ ചുരുവാണ് ഏറ്റവും കൂടുതല്‍ താപ നില രേഖപ്പെടുത്തിയിരിക്കുന്നത്. 48.9 ഡിഗ്രി സെലഷ്യസാണ് തിങ്കളാഴ്ച ഈ സ്ഥലത്തെ താപനില എന്നാണ് ഇന്ത്യന്‍ കാലവസ്ഥ വകുപ്പ് പറയുന്നത്. 

Eleven Of World's 15 Hottest Places In Last 24 Hours In India: Report
Author
India, First Published Jun 3, 2019, 8:03 PM IST

ദില്ലി: കഴിഞ്ഞ 24 മണിക്കൂറില്‍ ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ 15 പ്രദേശങ്ങളില്‍ 11 എണ്ണം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. കാലവസ്ഥ നിരീക്ഷണ വെബ് സൈറ്റ് എല്‍ ഡോറാഡോയാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. ബാക്കിവരുന്ന 4 സ്ഥലങ്ങള്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്ഥാനിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജസ്ഥാനിലെ ചുരുവാണ് ഏറ്റവും കൂടുതല്‍ താപ നില രേഖപ്പെടുത്തിയിരിക്കുന്നത്. 48.9 ഡിഗ്രി സെലഷ്യസാണ് തിങ്കളാഴ്ച ഈ സ്ഥലത്തെ താപനില എന്നാണ് ഇന്ത്യന്‍ കാലവസ്ഥ വകുപ്പ് പറയുന്നത്. എന്നാല്‍ കാലവസ്ഥ നിരീക്ഷണ വെബ് സൈറ്റ് എല്‍ ഡോറാഡോയുടെ കണക്കില്‍ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് 50.3 ഡിഗ്രി സെലഷ്യസാണ്.

ചുരുവില്‍ ഇതിനകം തന്നെ ഉഷ്ണതരംഗം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. താര്‍ മരുഭൂമിയിലേക്കുള്ള കവാടം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ഇവിടുത്തെ ആശുപത്രികളില്‍ സൂര്യഘാതം എല്‍ക്കുന്നവര്‍ക്കായി പ്രത്യേക എയര്‍ കണ്ടീഷന്‍ വാര്‍ഡുകള്‍ തുറന്നിരിക്കുകയാണ് എന്ന് ഇവിടുത്തെ ജില്ല മജിസ്ട്രേറ്റ് രാം രത്തന്‍ സോന്‍കരിയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ചുരുവിലെ റോഡുകള്‍ ഇടയ്ക്കിടയ്ക്ക് വെള്ളം ഒഴിച്ച് നനയ്ക്കുന്നുണ്ട്. ഇത് മൂലം റോഡിലെ ടാര്‍ ചൂടിനാല്‍ ഉരുകുന്നത് തടയാന്‍ സാധിക്കും. അത്യവശ്യത്തിനുള്ള ജലവും, മരുന്നും ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ല മജിസ്ട്രേറ്റ് വ്യക്തമാക്കുന്നു. അതേ സമയം രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഇന്നലെ താപനില 44.6 ഡിഗ്രി സെലഷ്യസ് തൊട്ടു. ഭക്ഷണ വിതരണ കമ്പനിയായ സോമാറ്റോ തങ്ങളുടെ ഡെലിവറി എത്തിക്കുന്നവര്‍ക്ക് ആവശ്യപ്പെട്ടാല്‍ വെള്ളം നല്‍കണം എന്ന് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച മധ്യപ്രദേശ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. അതേ സമയം ജൂണ്‍ 6ന് മണ്‍സൂണ്‍ എത്തുന്നതോടെ ഇപ്പോഴത്തെ അവസ്ഥയില്‍ മാറ്റം വരുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. സ്കൈമെറ്റിന്‍റെ നിരീക്ഷണ പ്രകാരം മെയ് 31 കഴിഞ്ഞ 65 കൊല്ലത്തിനിടയില്‍ ഇന്ത്യയിലെ ഏറ്റവും വരണ്ട ദിവസമാണെന്നാണ് പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios