പിഎസ്എല്‍വിയുടെ അറുപത്തിരണ്ടാം ദൗത്യത്തിൽ (PSLV-C62 / EOS-N1 Mission) അന്വേഷയ്‌ക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ളതടക്കം പതിനഞ്ചിലധികം ചെറു ഉപഗ്രഹങ്ങളും ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്.
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഡിആര്‍ഡിഒയുടെ അന്വേഷ (Anvesha) ഉപഗ്രഹം അടക്കം 16 പേലോഡുകളുമായാണ് പിഎസ്എല്‍വി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഇന്ന് രാവിലെ 10.17-നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ കഴിഞ്ഞ വർഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യം എന്ന നിലയിലും 2026-ലെ ആദ്യ വിക്ഷേപണം എന്ന നിലയിലും ഇസ്രോയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1-യുടെ ലോഞ്ച്.
പിഎസ്എല്‍വി റിട്ടേണ്‍സ്
കഴിഞ്ഞ വർഷം നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷം ഇതാദ്യമായാണ് വിശ്വസ്‌ത വിക്ഷേപണം വാഹനമായ പിഎസ്എല്‍വി ഒരു ദൗത്യത്തിന് ഐഎസ്ആർഒ ഉപയോഗിച്ചത്. പിഎസ്എൽവി-സി62 ദൗത്യത്തില്‍ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷയടക്കം പതിനാറ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയച്ചു. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ (DRDO) ആണ് ഭൗമനിരീക്ഷണത്തിനുള്ള ഹൈപ്പർ സ്പെക്‌ട്രല്‍ ഇമേജിംഗ് ഉപഗ്രഹമായ അന്വേഷ നിര്‍മ്മിച്ചിരിക്കുന്നത്. ഇഒഎസ്-എൻ1 എന്നൊരു പേര് കൂടിയുണ്ട് അന്വേഷ ഉപഗ്രഹത്തിന്.
പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 ദൗത്യ പേലോഡുകള്‍
അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്‌പാനിഷ് സ്റ്റാർട്ടപ്പായ ഓർബിറ്റൽ പാരഡൈമിന്‍റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്. ഇന്ത്യൻ കമ്പനിയായ ഓർബിറ്റ് എയിഡിന്‍റെ ആയുൽസാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ദൗത്യത്തിന്‍റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യം. ഇത് വിജയിച്ചാൽ അതും ചരിത്രമാകും. ധ്രുവ സ്പേസ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പിന്‍റെ അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി-സി62 ബഹിരാകാശത്ത് എത്തിക്കും.
2025 മേയ് മാസം പതിനെട്ടാം തീയതിയായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി-സി61 വിക്ഷേപണം. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്‌നമായിരുന്നു അന്ന് ദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ വില്ലനായത്. ഇന്നത്തെ വിക്ഷേപണത്തിന് പിഎസ്എൽവിയുടെ രണ്ട് ചെറു സ്ട്രാപ്പോണുകളുള്ള ഡിഎൽ പതിപ്പാണ് ഐഎസ്ആര്‍ഒ ഉപയോഗിച്ചത്.



