Asianet News MalayalamAsianet News Malayalam

43,000 കോടി രൂപ മൂല്യമുള്ള 6 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ, വിശദാംശങ്ങളിങ്ങനെ!

ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി കപ്പല്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്ന സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് (എസ്പി) മോഡലിന് കീഴില്‍ ഏറ്റെടുക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് 75 (ഐ).

Govt issues tender to Indian companies to construct 6 submarines
Author
New Delhi, First Published Jul 21, 2021, 7:04 AM IST

ദില്ലി: സര്‍ക്കാര്‍ പുതിയതായി 6 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. 43000 കോടി രൂപയുടെ ടെന്‍ഡര്‍ മസഗണ്‍ ഡോക്യാര്‍ഡ്‌സ് ലിമിറ്റഡിനും ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയ്ക്കും നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. പ്രോജക്ട് 75 ഇന്ത്യയ്ക്ക് കീഴില്‍ ഇന്ത്യന്‍ നാവികസേനയ്ക്കായാണ് ഈ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. രണ്ട് ഇന്ത്യന്‍ കമ്പനികളും ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു പങ്കാളിയെ വീതം തിരഞ്ഞെടുക്കും. ഈ അന്തര്‍വാഹിനികള്‍ ഇന്ത്യന്‍ നാവികസേനയുടെ ശേഷി വര്‍ദ്ധിപ്പിക്കും. ചെനീസ് നാവികസേനയുടെ ഭീഷണിയെ അതിജീവിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി കപ്പല്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്ന സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് (എസ്പി) മോഡലിന് കീഴില്‍ ഏറ്റെടുക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് 75 (ഐ). 2021 ജൂണില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലാണ് ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിന് ആര്‍എഫ്പിക്ക് അംഗീകാരം നല്‍കിയത്. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രോജക്റ്റുകളില്‍ ഏറ്റവും മൂല്യമേറിയ കരാര്‍ ഇതായിരിക്കും. ഇന്ത്യയില്‍ അന്തര്‍വാഹിനി നിര്‍മാണത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് ഇതു സഹായിക്കും. തദ്ദേശീയമായ വികസിപ്പിക്കുന്ന നിര്‍മ്മാണ സാമഗ്രികളായിരിക്കും അന്തര്‍വാഹിനികള്‍ക്കായി ഉപയോഗിക്കുന്നത്. 

അന്തര്‍വാഹിനി നിര്‍മ്മാണത്തില്‍ കഴിവ് നേടുന്നതിനും ഇന്ത്യന്‍ വ്യവസായത്തിന് സ്വതന്ത്രമായി അന്തര്‍വാഹിനികള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പരിപാടി കൂടിയാണിത്. ഇത് വൈകാതെ അന്തര്‍വാഹിനി നിര്‍മാണത്തില്‍ വൈദഗ്ധ്യം കൈവരിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കും. യുഎസ് നാവികസേനയില്‍ നിന്ന് രണ്ട് എംഎച്ച് 60 ആര്‍ സീഹോക്ക് സമുദ്ര ഹെലികോപ്റ്ററുകളും യുഎസ് നാവികസേനയില്‍ നിന്ന് പി 8 പോസിഡോണ്‍ സമുദ്ര നിരീക്ഷണ വിമാനവും ഇന്ത്യയ്ക്ക് ലഭിച്ചു. 2.4 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവില്‍ യുഎസില്‍ നിന്ന് 24 എംഎച്ച് 60 ആര്‍ മള്‍ട്ടിറോള്‍ ഹെലികോപ്റ്ററുകള്‍ വാങ്ങാനും കേന്ദ്ര മന്ത്രിസഭ പ്രതിരോധവകുപ്പിന് അനുമതി നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios