850,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യ പൂർവ്വികർ കുട്ടികളെ ശിരഛേദം ചെയ്‌ത് ഭക്ഷിച്ചിരുന്നു എന്നതിന് അറ്റപ്യൂർക്ക ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ നിന്ന് തെളിവുകള്‍

നരഭോജികളായിരുന്ന മനുഷ്യരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ വർഷങ്ങള്‍ക്ക് മുമ്പ് പിഞ്ചുകുഞ്ഞുങ്ങളെ ഭക്ഷണമാക്കിയിരുന്ന പൂർവ്വിക മനുഷ്യരെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്ന നിഗമനത്തിലേക്ക് എത്തുകയാണ് ഇപ്പോള്‍ ഗവേഷകരെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 850,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യ പൂർവ്വികർ കുട്ടികളെ ശിരഛേദം ചെയ്‌ത് ഭക്ഷിച്ചിരുന്നു എന്നതിന്‍റെ സൂചനകള്‍ വിശകലനം ചെയ്യുകയാണ് സ്‌പാനിഷ് പുരാവസ്തു ഗവേഷകർ. വടക്കൻ സ്പെയിനിലെ അറ്റപ്യൂർക്ക ആര്‍ക്കിയോളജിക്കല്‍ സൈറ്റിലെ ഗ്രാൻ ഡോളിന ഗുഹയില്‍ നിന്ന് ഗവേഷകര്‍ കണ്ടെടുത്ത അസ്ഥിശകലങ്ങളാണ് ഈ സൂചനയിലേക്ക് നയിക്കുന്നത്. ഇവിടെ നിന്ന് ലഭിച്ച രണ്ട് മുതൽ നാല് വയസ് വരെ പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ കഴുത്തിലെ അസ്ഥിയിലാണ്, അക്കാലത്ത് കുട്ടികള്‍ ശിരഛേദം ചെയ്യപ്പെട്ടിരുന്നു എന്നതിന്‍റെ അടയാളങ്ങളുള്ളത്.

കറ്റാലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ പാലിയോഇക്കോളജി ആൻഡ് സോഷ്യൽ എവല്യൂഷൻ (ഐപിഎച്ച്ഇഎസ്) യിലെ ഗവേഷക സംഘം ആണ് ഗ്രാൻ ഡോളിനയിലെ ഈ പഠനത്തിനു പിന്നിൽ. ഗ്രാൻ ഡോളിനയിലെ ഖനനത്തില്‍ ലഭിച്ച അസ്ഥിശകലങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, കുട്ടിയുടെ തല വേര്‍പ്പെടുത്തുകയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ഹോമാസാപ്പിയന്‍സിന്‍റെയും നിയാന്‍ഡ്രത്താലിന്‍റെയും പൊതുവായ പൂര്‍വികരില്‍പ്പെടുന്ന വിഭാഗത്തിലുള്ള ഒരു കുട്ടിയുടെ അവശിഷ്‌ടമാണ് ഇതെന്നാണ് ഗവേഷകരുടെ നിഗമനം."കുട്ടിയുടെ പ്രായം മാത്രമല്ല, മുറിവുകളുടെ കൃത്യതയും ഈ കേസ് വ്യത്യസ്‍തമാക്കുന്നു"- എന്നാണ് ഗ്രാൻ ഡോളിന ഖനനത്തിന്‍റെ സഹ-ഡയറക്‌ടർ പാൽമിറ സലാഡി പ്രസ്താവനയിൽ വ്യക്തമാക്കിയത്. "മറ്റേതൊരു ഇരയെയും പോലെ കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം മറവുചെയ്തിരുന്നു എന്നതിന്‍റെ തെളിവാണ് ഇപ്പോൾ കണ്ടെത്തിയതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഗ്രാൻ ഡോളിന കേവില്‍ നിന്ന് ഈ മാസം ഗവേഷണ സംഘം 10 അസ്ഥിശകലങ്ങള്‍ കണ്ടെത്തി. അവയിൽ പലതിലും, മനുഷ്യ പൂര്‍വ്വികര്‍ കൊന്ന് ഭക്ഷിച്ച മൃഗങ്ങളുടെ അസ്ഥികളിൽ കാണപ്പെടുന്ന അതേ മുറിവുകളും ഒടിവുകളും ഉണ്ടെന്നതാണ്, അക്കാലത്ത് കുട്ടികളെയും സമാനമായി കൊലപ്പെടുത്തിയിരുന്നു എന്ന അനുമാനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.

മൂന്ന് പതിറ്റാണ്ടുകളായി ഗ്രാൻ ഡോളിനയിൽ നടക്കുന്ന ഉൽഖനനത്തിൽ നരഭോജനത്തിന്‍റെ രണ്ട് ഡസനിലധികം ഉദാഹരണങ്ങൾ ഇതിനകം വെളിപ്പെട്ടിട്ടുണ്ട്. ഇതുവരെ ഗുഹയിൽ നിന്ന് കണ്ടെത്തിയ ഏകദേശം 30% അസ്ഥികളിലും ആദ്യകാല മനുഷ്യർ കൊല ചെയ്യപ്പെട്ട് ഭക്ഷണമാക്കപ്പെട്ടിരുന്നതായി തെളിയിക്കുന്ന മുറിവുകളുടെ അടയാളങ്ങളുണ്ട്. എന്നാൽ അക്കാലത്ത് കുഞ്ഞുങ്ങളെയും സമാനമായി ആഹാരമാക്കുകയോ ഇരയാക്കുകയോ ചെയ്‌തിരുന്നുവെന്നത് ഗവേഷകര്‍ക്ക് പുത്തനറിവാണ്. 1.2 ദശലക്ഷത്തിനും 800,000 വര്‍ഷങ്ങള്‍ക്കും ഇടയിലാണ് ഭക്ഷണമാക്കപ്പെട്ട ഈ കുട്ടിയുടെ മനുഷ്യവര്‍ഗം ഭൂമിയിലുണ്ടായിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. ഇവരുടെ തലച്ചോറിന്‍റെ വലിപ്പം 1000-1150 ക്യുബിക്ക് സെന്‍റീമീറ്ററിന് ഇടയിലാണ്. അതായത്, അവ ഇന്നത്തെ മനുഷ്യരെക്കാള്‍ ചെറുതാണ്. ഗ്രാന്‍ ഡോളിനയിലെ ഓരോ കണ്ടത്തലും നമ്മുടെ പൂര്‍വികര്‍ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നും, അവരുടെ മരണം എപ്രകാരമായിരുന്നുവെന്ന് മനസിലാക്കുന്നതിനും സഹായകമാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

"അസ്ഥികളിലെ മുറിവുകളുടെ പാടുകൾ ഒറ്റപ്പെട്ടതായി കാണപ്പെടുന്നില്ല. അസ്ഥികളിൽ മനുഷ്യന്‍റെ കടിയേറ്റ പാടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്‌ടങ്ങള്‍ യഥാർഥത്തിൽ മനുഷ്യന്‍ ദഹിപ്പിക്കപ്പെട്ടതാണെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ്"- എന്ന് ഗവേഷകർ പറയുന്നത്. ആദിമ മനുഷ്യർ തങ്ങളുടെ സഹജീവികളെ ഭക്ഷണ സ്രോതസ്സായും, ഒരുപക്ഷേ പ്രദേശം നിയന്ത്രിക്കാനുള്ള ഒരു മാർഗമായും ഉപയോഗിച്ചിരുന്നു എന്ന പഴയ അനുമാനങ്ങളെ പുതിയതായി കണ്ടെത്തിയ അസ്ഥികൂടങ്ങൾ ശക്തിപ്പെടുത്തുന്നുവെന്ന് ഗവേഷകർ പറയുന്നു.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News l Malayalam News