നിരവധി യൂണിറ്റുകളായാണ് ഈ മദ്യനിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. നാര്‍മര്‍ രാജാവായിരുന്ന കാലത്താവാം ഈ മദ്യനിര്‍മ്മാണ ശാല പൂര്‍ണസജ്ജമായിരുന്നതെന്നും ഗവേഷകര്‍

കെയ്റോ: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മദ്യ നിര്‍മ്മാണ ശാല കണ്ടെത്തി. 5000 വര്‍ഷത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിലയിരുന്നു മദ്യനിര്‍മ്മാണശാല തെക്കന്‍ ഈജിപ്തിലാണ് കണ്ടെത്തിയത്. രണ്ട് നിരകളിലായി സ്ഥാപിച്ച നാല്‍പത് വലിയ മണ്‍ഭരണികളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. ഈജിപ്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള പുരാവസ്തു ഗവേഷകര്‍ ഒന്നിച്ച് നടത്തിയ തെരച്ചിലിലാണ് നേട്ടം. 

ഈജിപ്തിലെ സൊഹാഗിലെ വടക്കന്‍ അബിഡോസിലാണ് ഈ മദ്യനിര്‍മ്മാണശാല. നിരവധി യൂണിറ്റുകളായാണ് ഈ മദ്യനിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. നാര്‍മര്‍ രാജാവായിരുന്ന കാലത്താവാം ഈ മദ്യനിര്‍മ്മാണ ശാല പൂര്‍ണസജ്ജമായിരുന്നതെന്നും ഗവേഷകര്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതാവാം ഈ മദ്യനിര്‍മ്മാണശാലയെന്നാണ് ഈജിപ്തിലെ സുപ്രീം കൌണ്‍സില്‍ ഓഫ് ആന്‍റിക്വിറ്റീസ് ആയ മൊസാഫ വസ്റി പറയുന്നത്. 

രണ്ടായിക്കിടന്നിരുന്ന ഈജിപ്തിനെ ഒരു സാമ്രാജ്യമായി ഏകോപിപ്പിച്ചത് നാര്‍മര്‍ ആണെന്നാണ് വിലയിരുത്തുന്നത്. ഇത്തരമൊരു മദ്യ നിര്‍മ്മാണ ശാലയേക്കുറിച്ചുള്ള സൂചനകള്‍ 20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബ്രിട്ടീഷുകാരായ പുരാവസ്തു ഗവേഷകര്‍ നല്‍കിയിരുന്നു. എങ്കിലും ഇത് കൃത്യമായി എവിടെയാണെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. ബിയറാണ് ഇവിടെ വലിയ തോതില്‍ നിര്‍മ്മിച്ചിരുന്നതെന്നാണ് ഗവേഷകരുടെ പ്രതികരണം. ധാന്യങ്ങളും ജലവും ഉപയോഗിച്ചുള്ളതായിരിക്കും നിര്‍മ്മാണമെന്നും ഗവേഷകര്‍ വിശദമാക്കുന്നു. ഉയര്‍ത്താന്‍ സാധിക്കുന്ന ലിവറുകളിലാണ് മണ്‍കലങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. 

22400 ലിറ്റര്‍ മദ്യം വരെ ഒറ്റതവണ നിര്‍മ്മിക്കാന്‍ കഴിയുന്നവയായിരുന്നു ഇവയെന്നും പുരാവസ്തു ഗവേഷകനായ മാത്യു ആഡംസ് പറയുന്നു. ആചാരങ്ങളുടെ ഭാഗമായി ബിയര്‍ ബലിയായി നല്‍കിയിരുന്നോയെന്നും സംശയിക്കുന്നുണ്ട്. പുരാതന ക്ഷേത്രങ്ങള്‍ അടക്കമുള്ളവയാണ് അബിഡോസില്‍ നിന്ന് ഖനനം ചെയ്ത് എടുത്തിട്ടുണ്ട്.