രാജീവ് ഗാന്ധിയുടെ എഴുപത്തഞ്ചാം ജന്മദിനത്തിൽ  ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കംപ്യൂട്ടറായ 
'പരം 8000' ന്റെ വികസനവുമായി  ബന്ധപ്പെട്ടുള്ള രസകരമായ ഒരോർമ്മ പുതുക്കാം. 

 സി ഡാക് അഥവാ സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കമ്പ്യൂട്ടിങ്ങ് എന്നത് ഇന്ന് ഇന്ത്യയിൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ ഗവേഷണസ്ഥാപനങ്ങളിൽ ഒന്നാണ്.  ഹൈസ്പീഡ് കമ്പ്യൂട്ടറുകളും മറ്റും നിർമിക്കുന്ന, റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് രംഗത്തെ എല്ലാവിധ കമ്പ്യൂട്ടിങ്ങ് ആവശ്യങ്ങളും നിറവേറ്റുന്ന, കാലാവസ്ഥാപ്രവചനം, മിസൈൽ സിമുലേഷൻ തുടങ്ങിയ പലരംഗത്തും ഇന്ത്യൻ പ്രതീക്ഷകൾക്ക് മിഴിവേകുന്ന, ഇന്ന് ഇന്ത്യൻ ഗവണ്മെന്റിന്റെ മർമ്മപ്രധാനമായ പല കമ്പ്യൂട്ടർ ശൃംഖലകളുടെയും പിന്നിൽ പ്രവർത്തിക്കുന്ന ഈ ശ്രേഷ്ഠസ്ഥാപനം പിറന്നുവീഴുന്നത് ഒരു വാശിയുടെ പേരിലാണ്. ആ വാശി ഉള്ളിൽ തോന്നിയത് എൺപതുകളുടെ അവസാനം ഇന്ത്യ ഭരിച്ച രാജീവ് ഗാന്ധി എന്ന പ്രധാനമന്ത്രിക്കും. ഇത് അമേരിക്ക എന്ന രാജ്യത്തിന്റെ ധാർഷ്ട്യത്തിന് ഇന്ത്യൻ ശാസ്ത്രസാങ്കേതിക സമൂഹം നൽകിയ ചുട്ട മറുപടിയുടെ കഥയാണ്. 'പരം' എന്ന ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കംപ്യൂട്ടറിന്റെ പിറവിയുടെ കഥയാണ്. 

സൂപ്പർ കമ്പ്യൂട്ടറുകളെ സൂപ്പറാക്കി മാറ്റുന്നത് 'പാരലൽ കമ്പ്യൂട്ടിങ്' എന്ന സാങ്കേതിക വിദ്യയാണ്. എൺപതുകളുടെ അവസാനത്തോടെയാണ് ഇന്ത്യ സൂപ്പർ കംപ്യൂട്ടറുകളെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. സാങ്കേതികവിദ്യാ വിപണിയിൽ വര്ധിച്ചുവന്ന കിടമത്സരങ്ങൾക്കൊടുവിൽ അമേരിക്ക തങ്ങളുടെ സൂപ്പർ കമ്പ്യൂട്ടിങ് ഉത്പന്നമായ 'ക്രേ' ( Cray)യുടെ കയറ്റുമതി നിരോധിച്ചതോടെയാണ് ഇന്ത്യ ഒരു ബദൽ സംവിധാനത്തെപ്പറ്റി ആദ്യമായി ചിന്തിക്കുന്നത്. എൺപതുകളുടെ തുടക്കത്തിൽ തന്നെ യൂറോപ്യൻ രാജ്യങ്ങളിൽ പലതും, അമേരിക്കയും ഒക്കെ സൂപ്പർ കമ്പ്യൂട്ടർ സാങ്കേതികത വികസിപ്പിച്ചെടുത്തുകഴിഞ്ഞിരുന്നു. എന്നാൽ ഇന്ത്യ ആ സാങ്കേതികവിദ്യ ആയുധ ഗവേഷണങ്ങൾക്ക് ഉപയോഗിച്ചുകളയുമോ എന്ന ഭയത്താൽ അമേരിക്ക അത് ഇന്ത്യയ്ക്ക് നൽകാൻ തയ്യാറായില്ല. 

അക്കാലത്ത് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സാങ്കേതികവിദ്യാ സ്ഥാപനത്തിന്റെ പേര് ഡിപ്പാർട്ടുമെന്റ് ഓഫ് ഇലക്ട്രോണിക്സ് (ഇന്നത്തെ ഡിപ്പാർട്ടുമെന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി) എന്നായിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതിയുടെ നിർദ്ദേശപ്രകാരം  DoEന്റെ ഒരു സയന്റിഫിക് സൊസൈറ്റി എന്ന പോലെയാണ് സി-ഡാക് ആദ്യമായി തുടങ്ങുന്നത്. പ്രസ്തുത സ്ഥാപനത്തിന്റെ ആദ്യ പ്രോജക്റ്റ് തന്നെ ഒരു സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കുക എന്നതായിരുന്നു. 

സാങ്കേതിക വിദ്യ തരില്ലെന്ന് അമേരിക്കൻ പ്രസിഡന്റ്  റീഗൻ തറപ്പിച്ചു പറഞ്ഞതോടെ രാജീവിന് വാശിയായി. എങ്ങനെയും തദ്ദേശീയമായിത്തന്നെ ഒരു സൂപ്പർ കമ്പ്യൂട്ടർ  വികസിപ്പിച്ചെടുക്കും എന്നദ്ദേഹം ഉറപ്പിച്ചു. അതിന് അദ്ദേഹം കണ്ടെത്തിയതും ഒരു വല്ലാത്ത മനുഷ്യനെയായിരുന്നു വിജയ് പാണ്ഡുരംഗ് ഭട്‌കര്‍. അദ്ദേഹം ഐഐടി ദില്ലിയിൽ നിന്നും ഡോക്ടറേറ്റ് കഴിഞ്ഞ്, ഇന്ത്യൻ കമ്പ്യൂട്ടർ ഗവേഷണങ്ങളുടെ തലപ്പത്തെത്തിയ ഒരു അസാമാന്യപ്രതിഭയായിരുന്നു.  ഒരൊറ്റ കുഴപ്പം മാത്രം. ഇന്നുവരെ അദ്ദേഹം ഒരു സൂപ്പർ കമ്പ്യൂട്ടർ നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല. 

നേരിൽ കണ്ടപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും  വിജയ് ഭട്‌കറും തമ്മിൽ നടന്നത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരു സംഭാഷണമായിരുന്നു. മൂന്നേ മൂന്നു ചോദ്യം, അതിനുള്ള ഉത്തരം. അത്രയും കഴിയുമ്പോഴേക്കും ഇരുവരും ചേർന്ന്  'പരം 8000' എന്നപേരിൽ ചരിത്രത്തിലിടം നേടിയ ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കുക എന്ന സ്വപ്നസമാനമായ പ്രോജക്റ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. 

ആ സംഭാഷണം ചുവടെ : 

രാജീവ് ഗാന്ധി : " ഭട്‌കര്‍ , പറയൂ, നമ്മളെക്കൊണ്ട് അത് സാധ്യമാകുമോ..? "

ഭട്‌കര്‍  :  " അമേരിക്ക നമുക്ക് സാധനം വിൽക്കാൻ ഇതുവരെ തയ്യാറാകാത്തതുകൊണ്ട് ഇന്നുവരെ ഞാൻ ഒരു സൂപ്പർ കമ്പ്യൂട്ടർ നേരിൽ കണ്ടിട്ടില്ല. ക്രേയുടെ ചിത്രം മാത്രമാണ് ഞാൻ ഇന്നോളം ആകെ കണ്ടിട്ടുള്ളത്. ചോദ്യത്തിനുള്ള ഉത്തരമാണെങ്കിൽ, യെസ് വി കാൻ.." 

രാജീവ് ഗാന്ധി : " അതിന് എത്രകാലം വേണ്ടിവരും..? " 

ഭട്‌കര്‍  :  " അത് നമുക്ക് വിൽക്കാൻ അമേരിക്കയെ പറഞ്ഞുസമ്മതിപ്പിച്ച്, ആ സാധനം അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യാൻ വേണ്ടതിലും കുറച്ചുസമയം മാത്രം മതിയാകും.. "

രാജീവ് ഗാന്ധി : " എന്ത് ചെലവുവരും എല്ലാം കൂടി..? "

ഭട്‌കര്‍  :  " എല്ലാം കൂടി.. ഐ മീൻ എല്ലാം കൂടി.. അതായത് ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതും, അവിടെ ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതും, കമ്മീഷൻ ചെയ്യുന്നതും, ഇൻസ്റ്റാൾ ചെയ്യുന്നതും അടക്കം, എല്ലാമടക്കം ക്രേ വാങ്ങുന്ന അത്ര തന്നെ ചെലവേ വരൂ."

അങ്ങനെ പ്രധാനമന്ത്രി ഭട്ട്കറിന് പ്രോജക്ടിനുവേണ്ട അനുമതി നൽകി. അദ്ദേഹം രാജ്യത്തെ സകല കമ്പ്യൂട്ടർ ശാസ്ത്രജ്ഞരെയും ഒന്നിച്ചുകൂട്ടി പുണെയ്ക്കടുത്ത് ഒരു ഗവേഷണ സ്ഥാപനം, സി ഡാക് സ്ഥാപിച്ചു. മൂന്നേ മൂന്നു വർഷം കൊണ്ട് അവർ വിജയം കണ്ടു. ഭട്ട്കർ പറഞ്ഞപോലെ  ആകെ ചെലവായത് ക്രേയുടെ അന്നത്തെ വിലയായിരുന്ന 30  കോടി രൂപ മാത്രമാണ്. 

ആദ്യപ്രോട്ടോടൈപ്പ് പുറത്തിറങ്ങുന്നത് 1990-ലാണ്. സൂറിച്ചിൽ നടന്ന സൂപ്പർകമ്പ്യൂട്ടിങ് ഷോയിൽ അത് 'ബെഞ്ച് മാർക്കിങ്ങിന്' വിധേയമാക്കപ്പെട്ടു. ഒരു കംപ്യൂട്ടറിന്റെ പ്രകടനത്തെ ചില സോഫ്റ്റ്‌വെയറുകൾ റൺ ചെയ്തുകൊണ്ട് പരിശോധിക്കുന്ന പ്രക്രിയയാണ് ബെഞ്ച് മാർക്കിങ്. ആ പരീക്ഷണത്തിൽ പരം ആ ഷോയിൽ പങ്കെടുത്ത മറ്റെല്ലാ സൂപ്പർ കംപ്യൂട്ടറുകളെയും തോൽപ്പിച്ച് 'ക്രേ'യ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 

1991 -ൽ സിഡാക് ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കംപ്യൂട്ടറായ 'പരം 8000'  പുറത്തിറക്കി. ആദ്യമോഡലിനു ശേഷം നിരവധി മോഡലുകൾ പിന്നിട്ട് പരം യുവ II, പരം നെറ്റ് 3 തുടങ്ങിയ ഏറ്റവും പുതിയ മോഡലുകളിൽ എത്തി നിൽക്കുകയാണ്.