ആദ്യമായി ബഹിരാകാശത്ത് പോയ വനിതയാരെന്ന ചോദ്യത്തിന് നമ്മുക്കെല്ലാവർക്കും ഉത്തരമുണ്ട്. വാലൻ്റീന തെരഷ്കോവ. 1963 ജൂൺ 16ന് വോസ്തോക് 6 പേടകത്തിലായിരുന്നു ആ യാത്ര. പക്ഷേ അതും കഴിഞ്ഞ് 20 വർഷം വേണ്ടി വന്നു രണ്ടാമതൊരു വനിത ബഹിരാകാശത്തെത്താൻ
തിരുവനന്തപുരം: വീണ്ടുമൊരു ലോക ബഹിരാകാശ വാരം എത്തുകയാണ്. എല്ലാ വർഷവും ഒക്ടോബർ നാല് മുതൽ 11 വരെയാണ് ബഹിരാകാശ വാരാഘോഷം നടക്കുന്നത്. ഇത്തവണ ബഹിരാകാശ രംഗത്തെ വനിതകൾക്കുള്ള ആദരമാണ് വാരാഘോഷം. അപ്പോഴൊരു ചോദ്യം. ശരിക്കും എത്ര വനിതകൾ ബഹിരാകാശത്ത് പോയിട്ടുണ്ട് ?
"
ആദ്യമായി ബഹിരാകാശത്ത് പോയ വനിതയാരെന്ന ചോദ്യത്തിന് നമ്മുക്കെല്ലാവർക്കും ഉത്തരമുണ്ട്. വാലൻ്റീന തെരഷ്കോവ. 1963 ജൂൺ 16ന് വോസ്തോക് 6 പേടകത്തിലായിരുന്നു ആ യാത്ര. പക്ഷേ അതും കഴിഞ്ഞ് 20 വർഷം വേണ്ടി വന്നു രണ്ടാമതൊരു വനിത ബഹിരാകാശത്തെത്താൻ. 1982ലായിരുന്നു ആ രണ്ടാം യാത്ര, അതും സോവിയറ്റ് യൂണിയൻ്റെ കോസ്മോനോട്ടായിരുന്നു സ്വെത്ലാന സവിത്സ്കായ. ഒരോ വളവിലും യുഎസ്എസ്ആറിനെ പിന്നിലാക്കാൻ കിണഞ്ഞ് പരിശ്രമിച്ച അമേരിക്ക അവരുടെ ആദ്യ വനിതാ ആസ്ട്രനോട്ടിനെ ബഹിരാകാശത്തേക്കയച്ചത് ഇതും കഴിഞ്ഞ് 1983ൽ മാത്രം. ആ ചരിത്ര നിയോഗം സാലി റൈഡിനായിരുന്നു.
തെരഷ്കോവയ്ക്കും സാലിക്കും പിന്നെ ഒരുപാട് പിൻഗാമികളുണ്ടായി. ഇന്ത്യൻ വംശജരായ കൽപ്പന ചൗളയും സുനിത വില്യംസുമെല്ലാം ബഹിരാകാശ യാത്ര നടത്തി, ചരിത്രത്തിന്റെ ഭാഗമായി. പക്ഷേ ഇന്ന് വരെ ബഹിരാകാശത്ത് പോയ മനുഷ്യരുടെ ആകെ കണക്ക് നോക്കിയാൽ പത്ത് ശതമാനത്തോളം മാത്രമേ അതിൽ സ്ത്രീകളുള്ളൂ. 2021 മാർച്ച് വരെയുള്ള കണക്കിൽ 65 സ്ത്രീകളാണ് ബഹിരാകാശ യാത്ര നടത്തിയത്, അതിൽ ഭൂരിഭാഗവും അമേരിക്കക്കാർ. 570തിലധികം മനുഷ്യർ ഇത് വരെ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ടെന്നതും ചേർത്ത് വായിക്കുക. ഭൂമിയിൽ നിന്ന് എത്ര ദൂരം ഉയരെ സഞ്ചരിച്ചാലാണ് അത് ബഹിരാകാശയാത്രായി കണക്കാക്കുക എന്നതിൽ ഭിന്നാഭിപ്രായമുള്ളതിനാൽ അടുത്തിടെ നടന്ന ബഹിരാകാശ വിനോദയാത്രകളെ ഉൾപ്പെടുത്താതെയുള്ള കണക്കാണ് ഇത്.
ചന്ദ്രനിലും ഇത് വരെ ഒരു വനിത കാൽവച്ചിട്ടില്ല. അമേരിക്കയുടെ ആർട്ടിമിസ് ദൗത്യം ഒരു സ്ത്രീയെ ചന്ദ്രനിലിറക്കുമെന്നാണ് ഇപ്പോഴത്തേ പ്രഖ്യാപനം.
അന്താരാഷ്ട്ര തലത്തിൽ ശാസ്ത്ര സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന നൂറ് പേരിൽ 29 പേർ മാത്രമാണ് സ്ത്രീകൾ. നേതൃസ്ഥാനങ്ങൾ വഹിക്കുന്നത് മൂന്ന് ശതമാനം സ്ത്രീകൾ മാത്രം. ശാസ്ത്ര വിഷയങ്ങളിൽ അടിസ്ഥാന ബിരുദ പഠനം പൂർത്തിയാക്കുന്ന പെൺകുട്ടികളിൾക്ക് ഈ മേഖലയിൽ പല കാരണങ്ങൾകൊണ്ടും തുടരാനാകുന്നില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ബോധവത്കരണവും കൂടുതൽ വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കലിനുമൊപ്പം പഠനം പൂർത്തിയാവർക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുക കൂടി വേണം. കൂടുതൽ വനിതകൾക്ക് ബഹിരാകാശമടക്കമുള്ള മേഖലകളിലേക്ക് കടന്നുവരാനുള്ള പ്രചോദനമാകട്ടെ ഈ അന്താരാഷ്ട്ര ബഹിരാകാശ വാരം.
