നാളെ പുലര്‍ച്ചെ 2:00 ന് ശേഷം ഉച്ചസ്ഥായിയിലെത്തും. ഒരു മണിക്കൂറില്‍ ഏകദേശം 80 ഉല്‍ക്കകള്‍ വരെ കത്തിജ്വലിക്കുന്നത് കാണാന്‍ കഴിയും.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇന്ന് ബഹിരാകാശത്ത് നിന്ന് പൂരവെടിക്കെട്ടിന് സമാനമായ ഉല്‍ക്കാവര്‍ഷം (Quadrantid meteor shower) നടക്കും. ഇത് നാളെ പുലര്‍ച്ചെ 2:00 ന് ശേഷം ഉച്ചസ്ഥായിയിലെത്തും. ഒരു മണിക്കൂറില്‍ ഏകദേശം 80 ഉല്‍ക്കകള്‍ വരെ കത്തിജ്വലിക്കുന്നത് കാണാന്‍ കഴിയും. നാസയുടെ (NASA) കണക്കനുസരിച്ച്, ഉല്‍ക്കാവേഗത സെക്കന്‍ഡില്‍ 41 കിലോമീറ്ററാണ്.

എല്ലാ വര്‍ഷവും ഡിസംബര്‍ 28 മുതല്‍ ജനുവരി 12 വരെ ഏറ്റവും തിളക്കമുള്ള ഉല്‍ക്കാവര്‍ഷങ്ങളില്‍ (Annual meteor showers) ഒന്നായ ക്വാഡ്രാന്റിഡ്‌സ് ആണ് ഇന്നു സജീവമാകുന്നത്. ക്വാഡ്രാന്റിഡ് ഉല്‍ക്കാവര്‍ഷത്തെ ഗംഭീരമാക്കുന്നത് എന്താണ് എന്ന് ചോദ്യമെങ്കില്‍ സംഗതി ഇതാണ്. ഭൂരിഭാഗം ഉല്‍ക്കാവര്‍ഷങ്ങളും ധൂമകേതുക്കളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്, എന്നാല്‍ ക്വാഡ്രാന്റിഡുകള്‍ ഉത്ഭവിക്കുന്നത് 2003 EH1 എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണ്. ഛിന്നഗ്രഹം നമ്മുടെ സൂര്യനെ ചുറ്റാന്‍ 5.52 വര്‍ഷമെടുക്കും, ഈ ഛിന്നഗ്രഹം അവശേഷിപ്പിച്ച കണികകളിലൂടെ ഭൂമി കടന്നുപോകുമ്പോള്‍, നാം ഉല്‍ക്കമഴ കാണുന്നു. ഈ അവശിഷ്ട പാതകള്‍ നമ്മുടെ അന്തരീക്ഷവുമായി കൂട്ടിയിടിക്കുമ്പോള്‍ അവ ശിഥിലമാകുകയും ആകാശത്ത് നാം കാണുന്ന തീജ്വാലകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ക്വാഡ്രന്‍സ് (മ്യൂറല്‍ ക്വാഡ്രന്റ്) നക്ഷത്രസമൂഹത്തില്‍ നിന്നാണ് ഉല്‍ക്കാവര്‍ഷത്തിന് ഈ പേര് ലഭിച്ചത്. ഈ കത്തിജ്വലിക്കുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, അത് ഈ നക്ഷത്രസമൂഹത്തില്‍ നിന്ന് പ്രസരിക്കുന്നതായി കാണപ്പെട്ടു. ഇത് ഇപ്പോള്‍ ബൂട്ട്‌സ് നക്ഷത്രസമൂഹത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു പ്രവര്‍ത്തനരഹിതമായ നക്ഷത്രസമൂഹമാണ്.

ഉല്‍ക്കമഴ എങ്ങനെ കാണും?

നിങ്ങളുടെ നഗരങ്ങളിലെ പ്രകാശ മലിനീകരണത്തില്‍ നിന്ന് അകന്ന് സുരക്ഷിതമായ ശൂന്യമായ വയലോ വീടിന്റെ ടെറസോ കണ്ടെത്തുക. ഇരുട്ടുമായി പൊരുത്തപ്പെടാന്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് ഏകദേശം 20 മുതല്‍ 30 മിനിറ്റ് വരെ ആവശ്യമാണ്, അതിനാല്‍ നേരത്തെ എത്തുക. ഈ ശൈത്യകാല രാത്രിയില്‍ സുഖമായിരിക്കാന്‍ ഒരു പുതപ്പ് എടുക്കാന്‍ മറക്കരുത്. ഈ കാഴ്ച കാണാനായി നിങ്ങള്‍ക്ക് പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. ആകാശത്തിന്റെ വടക്കുകിഴക്ക് ഭാഗത്തേക്ക് അഗ്‌നിഗോളങ്ങള്‍ക്കായി നോക്കുക. വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് 2.0 ഉപയോഗിച്ച് ഇന്റര്‍നെറ്റിലും ലൈവായി സംഗതി കാണാം. നാളെ രാവിലെ 5:15 IST ന് തത്സമയ സ്ട്രീം പ്രവര്‍ത്തിപ്പിക്കും. അവര്‍ റോമില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കാണിക്കുക എന്നു മാത്രം.