Asianet News MalayalamAsianet News Malayalam

ബ്രഹ്മോസില്‍ ചൈനയ്ക്ക് വെല്ലുവിളിയാകുന്ന നിര്‍ണ്ണായക അപ്ഡേഷന് ഒരുങ്ങി ഇന്ത്യ

സെപ്റ്റംബറിൽ നടത്തിയ 400 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ, ഡിആര്‍ഡിഒ വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ മിസൈലുകളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് മൂന്ന് സേനാവിഭാഗങ്ങളുമായും ചർച്ച നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

India now working on 1500 km range BrahMos supersonic cruise missile
Author
New Delhi, First Published Nov 25, 2020, 4:31 PM IST

ദില്ലി: ഇന്ത്യയിടെ ക്രൂസ് മിസൈലില്‍ ബ്രഹ്മോസില്‍ നിര്‍ണ്ണായക പരീക്ഷണങ്ങളാണ് കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ നടത്തിയത്.  ഇപ്പോഴിതാ ഈ  മിസൈന്റെ പരിധി വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കര, കടൽ, വായുവിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന 1,500 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസിന്റെ പണിപ്പുരയിലാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷകർ. ചൈന അടക്കമുള്ള ശത്രുരാജ്യങ്ങളിലെ കൂടുതൽ നഗരങ്ങൾ ഇന്ത്യയുടെ മിസൈൽ പരിധിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ബ്രഹ്മോസിന്റെ ഈ അപ്ഡേറ്റ്.

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ (2.8 മാക്) പറക്കുന്ന സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന് നിലവിൽ 290 കിലോമീറ്ററാണ് പരിധി. എന്നാൽ ഇത് 800 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.  ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും 290 കിലോമീറ്റർ ദൂരെയുള്ള ബ്രഹ്മോസിന്റെ നിരവധി പരീക്ഷണങ്ങൾ നടത്തി. നാവികസേനയും വ്യോമസേനയും ഈ ആഴ്ച തന്നെ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ സാധ്യതയുണ്ട്. 

സെപ്റ്റംബറിൽ നടത്തിയ 400 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ, ഡിആര്‍ഡിഒ വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ മിസൈലുകളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് മൂന്ന് സേനാവിഭാഗങ്ങളുമായും ചർച്ച നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അടുത്ത വർഷം 800 കിലോമീറ്റർ ദൂരെയുള്ള ബ്രഹ്മോസ് പരീക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് പ്രതിരോധ വൃത്തങ്ങൾ പറയുന്നു. ഇതോടൊപ്പം തന്നെ 1,500 കിലോമീറ്റർ പരിധിയുള്ള മിസൈൽ നിർമാണത്തിനും ടീം പ്രവർത്തിക്കുന്നുണ്ട്. തുടക്കത്തിൽ ഇത് കര അടിസ്ഥാനമാക്കിയുള്ള മിസൈലായിരിക്കുമെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. 

എന്നാൽ സിസ്റ്റം വിജയിച്ചു കഴിഞ്ഞാൽ  വായുവിൽ നിന്നും വെള്ളത്തിൽ നിന്നും പതിപ്പുകളിൽ ചില മാറ്റങ്ങൾ വരുത്തി പരീക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2017 ജൂണില്‍ ഇന്ത്യയ്ക്ക് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയ്ഷിമിൽ ‍(എംടിസിആര്‍) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വര്‍ധിപ്പിക്കുന്നത് സാധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപ്പെടല്‍ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടുള്ള 34 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എംടിസിആര്‍. 

500 കിലോഗ്രാം വരെ ഭാരമുള്ളതും 300 കിലോമീറ്റര്‍ വരെ പരിധിയുള്ളതുമായ മിസൈലുകളും ഡ്രോണുകളും പരിശോധിക്കുകയും സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നതിന് എംടിസിആര്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നു. എംടിസിആറില്‍ അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. റഷ്യ നേരത്തെ തന്നെ എംടിസിആറില്‍ അംഗമായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററില്‍ കുറയുകയായിരുന്നു. ഈ പ്രതിബന്ധമാണ് അംഗത്വം ലഭിച്ചതോടെ ഇന്ത്യ തന്ത്രപരമായി മറികടന്നത്. എംടിസിആറില്‍ അംഗമായതോടെ ഇന്ത്യയ്ക്കും റഷ്യക്കും സംയുക്തമായി ബ്രഹ്മോസിന്റെ വില്‍പന നടത്താനാകുന്നുണ്ട്.

സുഖോയ് 30 ജെറ്റ് വിമാനങ്ങളില്‍ നിന്നും ബ്രഹ്മോസ് പരീക്ഷിച്ചു വിജയിച്ചതാണ്. 3600 കിലോമീറ്റർ ദൂരം വരെ പറന്ന് ബ്രഹ്മോസ് മിസൈൽ തൊടുക്കാനാകും. സുഖോയ് 30 യുടെ ദൂരപരിധി 3600 കിലോമീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാന്‍ ശേഷിയുള്ള സുഖോയ് 30 ജെറ്റ് വിമാനങ്ങള്‍ പരിഷ്കരിച്ചാണ് പരീക്ഷണം നടത്തിയത്.
 

Follow Us:
Download App:
  • android
  • ios