രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം ലോഞ്ച് പാ‍ഡിൽ നിന്നാണ് വിക്ഷേപിച്ചത്

ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം ലോഞ്ച് പാ‍ഡിൽ നിന്നാണ് വിക്ഷേപിച്ചത്. മിഷൻ ആഗമൻ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. റോക്കറ്റ് വിക്ഷേപിക്കുന്നതിന് തൊട്ട് മുൻപ് കൗണ്ട്ഡൗൺ നിർത്തിവെച്ചിരുന്നു. 5 മിനിട്ട് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നിർത്തിയത്. മുൻകരുതൽ നടപടി എന്നായിരുന്നു സ്‌കൈറൂട്ട് വിശദീകരണം.

ഇൻസ്പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം. പൂ‌‌ർണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 22 മീറ്റ‌ർ ഉയരമുള്ള റോക്കറ്റിന്റെ താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം ഭാരമയക്കാൻ കഴിയുമെന്നാണ് അവകാശവാദം. ആദ്യ ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 450 കിലോമീറ്റ‌ർ അകലെ എത്താനാണ് റോക്കറ്റ് ലക്ഷ്യമിടുന്നത് ആദ്യ പരീക്ഷണ ദൗത്യമായതിനാൽ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയക്കുന്നില്ല. 15 മിനുട്ടും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും. നാല് പ്രധാന പേ ലോഡുകളാണ് ദൗത്യത്തിലുള്ളത്. ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് ത്രീ, മറ്റൊരു സ്റ്റാർട്ടപ്പ് കോസ്മോസെർവ് സ്പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ കൈ, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് സാറ്റ് എന്നിവയാണ് അതിൽ പ്രധാനികൾ.

ജർമ്മൻ കമ്പനി ഡിക്യൂബ്ഡ് സ്പേസിന്റെ ചെറു സാങ്കേതിക വിദ്യ പരീക്ഷണവും ദൗത്യത്തിൻറെ ഭാഗമാണ്. അതിന് പുറമേ വിക്രം സാരാഭായ്‍യുടെയും, സിവി രാമന്റെയും ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെയും ഇത്തിരിക്കുഞ്ഞൻ പ്രതിമകളും ബഹാരാകാശത്തേക്ക് അയക്കുന്നുണ്ട്. ഒരു അരിമണിയേക്കാൾ ചെറുതാണ് ശിൽപ്പങ്ങൾ. ലാബ് നി‌ർമ്മിത ഡൈമണ്ട് ആഭരണവും പിന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം ആശംസ കാ‌ർഡുകളും കൂടി റോക്കറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഐഎസ്ആർഒയിൽ നിന്ന് രാജിവെച്ച പവൻ കെ.ചന്ദനയും ഭരത് ഡാക്കയും ചേർന്ന് 2018ലാണ് സ്കൈറൂട്ട് എയറോസ്പേസ് സ്ഥാപിച്ചത്. രാജ്യത്താദ്യമായി ഒരു സ്വകാര്യ റോക്കറ്റ് നിർമ്മിച്ച് പരീക്ഷച്ചതും സ്കൈറൂട്ടാണ്. 2022 നവംബർ 18നായിരുന്നു മിഷൻ പ്രാരംഭ് എന്ന് പേരിട്ട ദൗത്യം നടന്നത്. വിക്രം എസ് എന്ന ചെറു റോക്കറ്റാണ് അന്ന് വിക്ഷേപിച്ചത്. പേ ലോഡുകൾ ബഹിരാകാശത്തേക്ക് അയക്കാത്ത സബ് ഓർബിറ്റൽ ദൗത്യമായിരുന്നു അത്. വിക്രം ഒന്ന് വിജയിച്ചാൽ ഐഎസ്ആർഒയ്ക്ക് പുറത്ത് ഉപഗ്രഹ വിക്ഷേപണത്തിനുള്ള കെൽപ്പ് നേടുന്ന ആദ്യ സ്ഥാപനമാകും സ്കൈറൂട്ട്.

വിക്ഷേപണ വിജയത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്കൈറൂട്ട് സ്ഥാപകരെ നേരിട്ട് ഫോണിൽ വിളിച്ചു. ദൗത്യ വിജയത്തിന് അഭിനന്ദനമറിയിച്ച മോദി, സ്കൈറൂട്ട് രാജ്യത്തെ യുവാക്കൾക്കാകെ പ്രചോദനമാണെന്ന് പറഞ്ഞു. ഐഎസ്ആ‌ർഒയ്ക്കും ഇൻസ്പേസിനും നന്ദി പറഞ്ഞ് പവൻ കുമാ‌ർ ചന്ദനയും രം​ഗത്തെത്തി. വിക്രം സാരാഭായ് സ്പേസ് സെൻ്ററും സതീഷ് ധവാൻ സ്പേസ് സെൻ്ററും നൽകിയ പിന്തുണ വലുതാണെന്നും ലോകത്തിലെ എറ്റവും മികച്ച റെഗുലേറ്ററാണ് ഇൻസ്പേസ് എന്നും അദ്ദേഹം പറഞ്ഞു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News