ദില്ലി: അന്തരീക്ഷ മലിനീകരണത്തിന് ഹേതുവാകുന്ന സള്‍ഫര്‍ ഡൈയോക്‌സൈഡ് പുറന്തള്ളലില്‍ നാല് വര്‍ഷത്തിനിടെ ഇത് ആദ്യമായി ഇന്ത്യയില്‍ കുറവെന്ന് റിപ്പോര്‍ട്ട്. 2019ലെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2018നെ അപേക്ഷിച്ച് 2019 ല്‍ ആറ് ശതമാനം കുറവ് ഉണ്ടായതായാണ് അന്താരാഷ്ട്ര പഠനത്തില്‍ ചുണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയില്‍ സള്‍ഫര്‍ ഡൈയോക്‌സൈഡ് പുറന്തള്ളലില്‍ കുറവ് രേഖപ്പെടുത്തുന്നത്. സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍, ഗ്രീന്‍പീസ് എന്നിവ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ സള്‍ഫര്‍ ഡൈയോക്‌ഡൈസ് പുറംതള്ളലില്‍ കുറവ് കാണിക്കുന്നത്.

ഇക്കാലയളവില്‍ ലോകത്ത് ആകമാനം സമാനമായ രീതിയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജ ഉത്പാദനം കുറഞ്ഞതാണ് ഇതിന് കാരണമായതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ആഗോള തലത്തില്‍ സള്‍ഫര്‍ ഡൈയോക്‌സൈഡിന്‍റെ 21 ശതമാനവും പുറന്തള്ളുന്നത് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജ പ്ലാന്റഒുകളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

അന്തരീക്ഷ വായുവില്‍ സള്‍ഫര്‍ ഡൈയോക്‌സൈഡിന്‍റെ സാന്നിധ്യം ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ക്ക് വലിയ തോതില്‍ കാരണമാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.