ബംഗലൂരു: ചന്ദ്രനില്‍ മനുഷ്യനും മറ്റും താമസിക്കാന്‍ ഉതകുന്ന നിര്‍മ്മിതികള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഇന്ത്യന്‍ ശാസ്ത്രകാരന്മാര്‍. ഐഐഎസ്‌സി, ഐഎസ്ആർഒ എന്നിവർ സംയുക്തമായി രൂപംനൽകിയ ഒരു പദ്ധതിയാണ് ഇത്. ഇത് പ്രകാരം ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാർ ബീൻസ് എന്നിവയെല്ലാം ഉപയോഗിച്ച് നിര്‍മ്മാണത്തിന് ആവശ്യമായ കട്ടകൾ നിർമിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഈ പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ മൂത്രത്തിൽ നിന്നാണ് എടുക്കുന്നത്. സീമൻിന് പകരം ഗുവാർ ഗം ഉപയോഗിക്കുന്നതിനാൽ കാർബൺ ഫൂട്ട്പ്രിന്‍റും കുറവായിരിക്കും.

ജീവശാസ്ത്രവും മെക്കാനിക്കൽ എഞ്ചിനിയറിംഗും സമന്വയിക്കുന്ന ഈ പദ്ധതി വളരെ ആവേശം നൽകുന്നതാണെന്ന് ഐഐഎസ്‌സിയിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അലോക് കുമാർ അവകാശപ്പെടുന്നു. ഇത് സംബന്ധിച്ച പഠനങ്ങള്‍ അടുത്തിടെ സെറാമിക്സ് ഇന്‍റര്‍നാഷണല്‍, പിഎല്‍ഒഎസ് വണ്‍ എന്നിവയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

ബഹിരാകാശ പരിവേഷണങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടുമുതല്‍ കാര്യമായി മുന്നേറ്റം നടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ബഹിരാകാശത്ത് വാസസ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് മനുഷ്യന്‍. അതിനായി ഇതര ഗ്രഹങ്ങളില്‍ എങ്ങനെ നിര്‍മ്മിതികള്‍ ഉണ്ടാക്കാം എന്നതും പ്രസക്തമാണ്. ഇതേ സമയം ഭൂമിയില്‍ നിന്നും ഒരു പൌണ്ട് വസ്തു ശൂന്യാകാശത്ത് എത്തിക്കണമെങ്കില്‍ ഇപ്പോഴത്തെ ചിലവ് 7.5 ലക്ഷം രൂപയാണ്.

അതിനാല്‍ പുതിയ ഗ്രഹത്തില്‍ വാസസ്ഥലം ഉണ്ടാക്കുവാന്‍ ഭൂമിയില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാനുള്ള ചിലവ് നിയന്ത്രിക്കാനും ഈ പരീക്ഷണ ഫലത്തിലൂടെ സാധിക്കും എന്നാണ് ശാസ്ത്രലോകം കരുതുന്നത്.