ഇന്‍റ്യൂറ്റീവ് മെഷീൻസ് നാസയുമായി ചേര്‍ന്ന് ചന്ദ്രനിലേക്ക് അയച്ച അഥീന ലാന്‍ഡറിന് അന്ത്യം, അഥീന ലാന്‍ഡര്‍ ഇറങ്ങിയത് മുന്‍ നിശ്ചയിച്ച സ്ഥലത്തല്ലെന്നും ചാര്‍ജിംഗ് ശ്രമം എന്നന്നേക്കുമായി അവസാനിപ്പിച്ചെന്നും സ്ഥിരീകരണം

ടെക്സസ്: ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ചരിത്ര ജലവേട്ടയ്ക്കായി നാസയുമായി ചേര്‍ന്ന് സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഇന്‍റ്യൂറ്റീവ് മെഷീൻസ് അയച്ച രണ്ടാമത്തെ പേടകത്തിന്‍റെ ലാന്‍ഡിംഗും പരാജയം. പതിറ്റാണ്ടുകള്‍ക്ക് ശേഷം ചന്ദ്രനെ മനുഷ്യനിലിറക്കാനുള്ള ആര്‍ട്ടെമിസ് ദൗത്യത്തിന് നിര്‍ണായക വിവരങ്ങള്‍ സംഭാവന നല്‍കുമെന്നും കരുതിയ അഥീന ലാന്‍ഡറിന് അന്ത്യം സംഭവിച്ചതായി ഇന്‍റ്യൂറ്റീവ് മെഷീൻസ് സ്ഥിരീകരിച്ചു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ മുന്‍നിശ്ചയിച്ചതിലും 400 മീറ്റര്‍ അകലെ ഗര്‍ത്തത്തില്‍ ലാന്‍ഡ് ചെയ്ത അഥീന ലാന്‍ഡറിന്‍റെ ചാര്‍ജിംഗ് ശ്രമം എന്നന്നേക്കുമായി അവസാനിപ്പിച്ചതായി നാസ അറിയിച്ചു. ലാന്‍ഡിംഗിന് ശേഷം ഒരു ദിവസം കൂടിയേ അഥീന പേടകം ചന്ദ്രനില്‍ ജീവിച്ചുള്ളൂ. 

ടെക്സസ് ആസ്ഥാനമായുള്ള സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഇന്‍റ്യൂറ്റീവ് മെഷീൻസാണ് അഥീന പേടകത്തിന്‍റെ നിര്‍മാതാക്കള്‍. നാസ 2025 ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് അഥീനയെ ബഹിരാകാശത്തേക്ക് അയച്ചത്. ഐഎം-2 എന്നായിരുന്നു ദൗത്യത്തിന്‍റെ വിളിപ്പേര്. ആറ് കാലുകളുള്ള ലാന്‍ഡറായിരുന്നു അഥീന. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 160 കി.മീ ദൂരത്തായിരുന്നു അഥീനയുടെ ലാന്‍ഡിംഗ് സ്ഥലം നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് ആറിന് ഇന്ത്യൻ സമയം രാത്രി 11:01ന് പേടകം ചന്ദ്രനില്‍ ഇറങ്ങി. എന്നാല്‍ നിശ്ചയിച്ചതിലും 400 മീറ്റര്‍ അകലെയായിപ്പോയി അഥീനയുടെ ലാന്‍ഡിംഗ്. ഇതിന് ശേഷം പേടകം സിഗ്നലുകള്‍ ഭൂമിയിലേക്ക് അയച്ചെങ്കിലും വീണ്ടും ചാര്‍ജ് ചെയ്യാന്‍ കഴിയാതെ വന്നതോടെ അഥീന ദൗത്യത്തിന് അന്ത്യം സംഭവിച്ചതായി ഇന്‍റ്യൂറ്റീവ് മെഷീൻസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 

ചന്ദ്രനിലെ ദക്ഷിണധ്രുവത്തിന് സമീപം ഏതോ ഗര്‍ത്തത്തിലാണ് അഥീന അബദ്ധത്തില്‍ ഇറങ്ങിയത്. സൂര്യന്‍റെ ദിശയും സോളാര്‍ പാനലുകളുടെ സജ്ജീകരണവും ഗര്‍ത്തത്തിലെ അതിശൈത്യവും കണക്കിലെടുക്കുമ്പോള്‍ അഥീനയെ വീണ്ടും ചാര്‍ജ് ചെയ്യാനാവുമെന്ന് കരുതുന്നില്ലെന്ന് വാര്‍ത്താക്കുറിപ്പിലൂടെ ഇന്‍റ്യൂറ്റീവ് മെഷീൻസ് അറിയിച്ചു. 15 അടി അഥവാ 4.6 മീറ്റർ ഉയരമുള്ള ബഹിരാകാശ പേടകം ചരിഞ്ഞാണ് ലാന്‍ഡ് ചെയ്തത് എന്നും കമ്പനി സ്ഥിരീകരിച്ചു. ദൗത്യം അവസാനിച്ചെങ്കിലും അഥീന ചന്ദ്രനില്‍ ഇറങ്ങും വരെ ശേഖരിച്ച വിവരങ്ങള്‍ നാസയും ഇന്‍റ്യൂറ്റീവ് മെഷീൻസും പരിശോധിച്ചുവരികയാണ്. 

ജലസാന്നിധ്യം കണ്ടെത്താനാവാതെ...

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിനടക്കം 11 പേലോഡുകളും ശാസ്ത്രീയ ഉപകരണങ്ങളുമാണ് അഥീനയിലുള്ളത്. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കുമെന്നായിരുന്നു നാസ കണക്കുകൂട്ടിയിരുന്നത്. ചന്ദ്രോപരിതലത്തില്‍ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിള്‍ ശേഖരിക്കാനും ശേഷിയുള്ള ഉപകരണമാണിത്. ആകെ മൂന്ന് ലാന്‍ഡറുകളും ഒരു ഹോപ്പറും അഥീനയിലുണ്ടായിരുന്നു. 

ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ തന്നെ ആദ്യ ചാന്ദ്ര ലാൻഡറായ ഒഡീസിയസ് കഴിഞ്ഞ വര്‍ഷം സമാന പ്രതിസന്ധിൽപ്പെട്ട് ലാന്‍ഡിംഗ് പരാജയമായിരുന്നു. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും ഒഡീസിയസ് ലാന്‍ഡിംഗ് കാലുകള്‍ തകര്‍ന്ന് അന്ന് മറിഞ്ഞുവീഴുകയായിരുന്നു. ഏതാണ്ട് സമാനമായ അന്ത്യമാണ് അഥീന ലാന്‍ഡറിനും ചന്ദ്രനില്‍ സംഭവിച്ചിരിക്കുന്നത്. ചന്ദ്രനിലെ വളരെ സങ്കീര്‍ണമായ ദക്ഷിണധ്രുവത്തിലെ ലാന്‍ഡിംഗ് പരാജയപ്പെട്ടെങ്കിലും ഭാവി പര്യവേഷണങ്ങള്‍ ഇവിടെ തുടരും എന്നാണ് ഇന്‍റ്യൂറ്റീവ് മെഷീൻസ് നല്‍കുന്ന സൂചന. സൂര്യപ്രകാശത്തിന്‍റെ കുറവും ഭൂമിയുമായുള്ള ആശയവിനിമയത്തിലെ പരിമിതിയും അഗാധ ഗര്‍ത്തങ്ങളും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ലാന്‍ഡിംഗിന് പ്രതികൂല ഘടകങ്ങളാണ്. 

ഇക്കഴിഞ്ഞ മാർച്ച് രണ്ടാം തീയതി മറ്റൊരു സ്വകാര്യ അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയിരുന്നു. നാല് ദിവസത്തിനുള്ള മറ്റൊരു ലാന്‍ഡര്‍ കൂടി വിജയകരമായി ഇറങ്ങി ചന്ദ്രന്‍റെ കൂടുതല്‍ നിഗൂഢതകളുടെ ചുരുളഴിക്കും എന്നായിരുന്നു നാസയുടെ പ്രതീക്ഷ. സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ശാസ്ത്ര പരീക്ഷണങ്ങളുമായി ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎൽപിഎസ് പദ്ധതിയുടെ ഭാഗമാണ് അഥീനയും ബ്ലൂ ഗോസ്റ്റും. 

Read more: ഇന്‍റ്യൂറ്റീവ് മെഷീൻസ്, നിങ്ങളുടെ ഹീറോ ഇപ്പോള്‍ എവിടെയാണ്? ചന്ദ്രനില്‍ ഇറങ്ങിയ അഥീന ലാന്‍ഡറിന് എന്ത് സംഭവിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം