ദില്ലി: ഇന്ത്യയുടെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലേക്ക് മൂന്ന് ഇസ്രായേലി വിദ്യാര്‍ഥികള്‍ വരുന്നത് ചര്‍ച്ചയാകുന്നു. അടുത്തയാഴ്ചയോടെയാണ് ഇസ്രായേലിലെ ഷാര്‍ ഹാ നാഗേവ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളായ അലോന്‍ അബ്രമോവിച്ച്, മെത്തിയാവ് അസുലിന്‍, ഷമുവല്‍ അവിവ് ലെവി എന്നിവരാണ് അധ്യാപകനൊപ്പം വരുന്നത്. മൂവര്‍ക്കും പ്രായം 17 വയസ്സ് മാത്രം. ഐഎസ്ആര്‍ഒയുടെ പദ്ധതികള്‍ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലേക്ക് ഈ കുട്ടികള്‍ എത്തുന്നത് പഠന യാത്രയോ അക്കാദമിക് പ്രൊജക്ടിന്‍റെ ഭാഗമായോ അല്ല എന്നതാണ് ശ്രദ്ധേയം.

സ്വന്തമായി നിര്‍മിച്ച ഉപഗ്രഹം വിക്ഷേപിക്കാനാണ് മൂന്ന് മിടുക്കന്മാര്‍ എത്തുന്നത്. വിദ്യാര്‍ഥികള്‍ നിര്‍മിച്ച ദചിഫാറ്റ്-3 എന്ന ഉപഗ്രഹമാണ് പിഎസ്എല്‍വി സി48ല്‍ ആകാശത്തേക്ക് കുതിക്കുന്നത്. ഡിസംബര്‍ 11നാണ് ഉപഗ്രഹ വിക്ഷേപണം. വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളും ഹെര്‍സ്‍ലിയ സയന്‍സ് സെന്‍ററും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. ഭൂമിയെക്കുറിച്ച് ബഹിരാകാശത്തുനിന്ന് പഠിക്കാനാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.  

വായുമലിനീകരണം, ജലമലിനീകരണ, വനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. 2.3 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം. രണ്ടര വര്‍ഷമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 60 വിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഭാഗമായി. വിക്ഷേപണം കാണാനായി ഇംഗ്ലണ്ടില്‍ നിന്നും രാജ്യത്തുനിന്നും വിദ്യാര്‍ഥികളും ശാസ്ത്രജ്ഞരും എത്തും.