ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണമെന്നാൽ നൂറാമത്തെ ഉപഗ്രഹ വിക്ഷേപണ ദൗത്യമല്ല. അതെന്തുകൊണ്ടാണങ്ങനെയെന്നറിയാൻ ഈ കണക്കുകൾ കൂടി അറിയാം
നൂറാം റോക്കറ്റ് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് ശ്രീഹരിക്കോട്ടയിൽ. ജിഎസ്എൽവി എഫ് 15 സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽ വിക്ഷേപണത്തിന് തയ്യാറായി നിൽക്കുന്നു. ഈ ദൗത്യം ഒരു ഓർമ്മപ്പെടുത്തലാണ്. എസ്എൽവി മുതൽ എൽവിഎം 3 വരെ ഇസ്രൊ പിന്നിട്ട വഴികളെക്കുറിച്ചും ഇതിലും ഇനിയും മെച്ചപ്പെട്ടേ തീരൂ എന്ന യാഥാർത്ഥ്യത്തിന്റെയും. ആ നൂറ് വിക്ഷേപണങ്ങളുടെ കഥയും കണക്കും കൂടുതലറിയാം.

ആദ്യ ശ്രമം പരാജയം, തളരാതെ കലാമും ധവാനും
വർഷം 1979, ആഗസ്റ്റ് മാസം പത്താം തീയതി. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയെന്ന ദ്വീപിൽ തയ്യാറാക്കിയ ചെറിയ വിക്ഷേപണത്തറയിൽ നിന്ന് 22 മീറ്റർ ഉയരമുള്ളൊരു റോക്കറ്റ് കുതിച്ചുയർന്നു. ഒരു ഉപഗ്രഹത്തെ സ്വന്തം റോക്കറ്റുപയോഗിച്ച് ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം. ആ റോക്കറ്റിന്റെ പേര് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ. ദൗത്യം പരാജയമായിരുന്നു. വിക്ഷേപണം കഴിഞ്ഞ് 317ആം സെക്കൻഡിൽ റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിച്ചു.

എസ്എൽവി മിഷൻ ഡയറക്ടർ എ.പി.ജെ അബ്ദുൾ കലാം, അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ഡോ.സതീഷ് ധവാൻ. പരാജയത്തിൽ അവർ തളർന്നില്ല. പ്രശ്നങ്ങൾ പരിഹരിച്ച് എസ്എൽവി വീണ്ടും ലോഞ്ച് പാഡിലെത്തി. 1980 ജൂലൈ പതിനെട്ടിന് എസ്എൽവി ത്രീയുടെ എക്സ്പെരിമെന്റ് നന്പർ 2. മുപ്പത്തിയഞ്ച് കിലോഗ്രാം ഭാരമുള്ള രോഹിണി ആർഎസ് 1 എന്ന ചെറു ഉപഗ്രഹത്തെ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ സ്ഥാപിച്ച് ഇസ്രൊ ചരിത്രമെഴുതി. എസ്എൽവി എന്ന റോക്കറ്റ് അതിന് ശേഷം രണ്ട് വട്ടം കൂടി പറന്നു. എസ്എൽവിക്ക് ശേഷം എഎസ്എൽവി എന്ന കുറച്ച് കൂടി കരുത്തേറിയ വിക്ഷേപണ വാഹനമെത്തി. 150 കിലോഗ്രാം താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കെത്തിക്കാൻ കെൽപ്പുള്ള റോക്കറ്റായിരുന്നുവത്.
രണ്ട് തുടർ പരാജയങ്ങൾക്കും ഒരു ഭാഗിക വിജയത്തിനും ശേഷം എഎസ്എൽവി അതിന്റെ അവസാനത്തെ ദൗത്യത്തിൽ വിജയമറിഞ്ഞു. അപ്പോഴേക്കും ഇസ്രൊയുടെ സ്വപ്നങ്ങൾ വലുതായിരുന്നു. ഫ്രാൻസിൽ പോയി പഠിച്ച പാഠങ്ങളിലൂടെ ദ്രവ ഇന്ധനമുപയോഗിക്കുന്ന വികാസ് എഞ്ചിൻ ഇസ്രൊ യാഥാർത്ഥ്യമാക്കി. ആ എഞ്ചിന്റെ കരുത്തോടെ പിഎസ്എൽവി എന്ന ഇസ്രൊയുടെ താരം 1994ൽ ആദ്യമായി വിക്ഷേപണത്തറയിലെത്തി. ആദ്യ ദൗത്യം പരാജയം. പക്ഷേ പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഒരു ബഹിരാകാശ ശക്തിയാക്കി മാറ്റി.

ക്രയോജനിക് സാങ്കേതിക വിദ്യയെന്ന സ്വപ്നം
സ്വപ്നങ്ങൾ വലുതായി. ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള കഠിന പരിശ്രമം, റഷ്യൻ ക്രയോജനിക് എഞ്ചിനും അതിന്റെ ചുവടുപിടിച്ച് വികസിപ്പിച്ച സ്വന്തം ക്രയോജനിക് എഞ്ചിനും ഇസ്രൊ പരീക്ഷിച്ച് പഠിച്ച ജിഎസ്എൽവിയായിരുന്നു അടുത്ത ഇന്ത്യൻ ബഹിരാകാശ വിക്ഷേപണ വാഹനം. കാലം മുന്നോട്ട് നീങ്ങി. എൽവിഎം 3 എന്ന കരുത്തനായ റോക്കറ്റിലൂടെ അടുത്ത ചുവടുവയ്പ്പ്. ചെലവുകുറഞ്ഞ കുഞ്ഞൻ റോക്കറ്റ് എസ്എസ്എൽവി കൂട്ടത്തിലെ എറ്റവും പുതിയ എൻട്രി.
ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണമെന്നാൽ നൂറാമത്തെ ഉപഗ്രഹ വിക്ഷേപണ ദൗത്യമല്ല. അതെന്തുകൊണ്ടാണങ്ങനെയെന്നറിയാൻ കണക്കുകൾ ഒന്ന് കൂടി നോക്കണം. നാല് എസ്എൽവി, നാല് എഎസ്എൽവി, അറുപത്തിരണ്ട് പിഎസ്എൽവി, പതിനാറ് ജിഎസ്എൽവി, ഏഴ് എൽവിഎം 3, മൂന്ന് എസ്എസ്എൽവി... അങ്ങനെയാകെ 96 വിക്ഷേപണങ്ങൾ... ആർഎൽവി പരീക്ഷണത്തിന്റെ ആദ്യ പടിയായ ആർഎൽവി ഹെക്സ് വിക്ഷേപണവും, ഗഗൻയാന്റെ ഭാഗമായ പാഡ് അബോർട്ട് ടെസ്റ്റ്, ടെസ്റ്റ് വെഹിക്കിൾ എക്സ്പെരിമെന്റ് എന്നിവ കൂടി ചേർത്താൽ എണ്ണം 99. ജിഎസ്എൽവി എഫ് 15 കണക്ക് നൂറാക്കും. ഏഴ് എൽവിഎം ത്രീ ദൗത്യങ്ങളിൽ ആദ്യത്തെതും ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് അയക്കാനായിരുന്നില്ല. ക്രൂ മൊഡ്യൂൾ പരീക്ഷണത്തിനായുള്ളതായിരുന്നു.
| വിക്ഷേപണ വാഹനം | ലോഞ്ചുകളുടെ എണ്ണം | |
| SLV-3 | 4 | |
| ASLV | 4 | |
| PSLV | 62 | |
| GSLV | 16 | |
| LVM 3 | 7 | |
| SSLV | 3 | |
| RLV HEX | 1 | |
| Test Vehicle (TV D1) | 1 | |
| PAT (Pad Abort Test) | 1 | |
| ആകെ | 99 |
വലിയ നേട്ടങ്ങളിലേക്ക് ഇസ്രൊ
കരുത്തുറ്റ വിക്ഷേപണ വാഹനങ്ങളിലുടെ വലിയ നേട്ടങ്ങൾ ഇസ്രൊ എത്തിപ്പിടിച്ചു, ചന്ദ്രയാനും മാഴ്സ് ഓർബിറ്റർ മിഷനും മുതൽ ആദിത്യ എൽ 1 വരെ ഗ്രഹാന്തര ദൗത്യങ്ങൾ. ഗതിനിർണയ, ഭൗമ നിരീക്ഷണ, വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ ശൃംഖല. അധികം വൈകാതെ യാഥാർത്ഥ്യമാകാൻ പോകുന്ന മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ. കുതിപ്പ് മുന്നോട്ട് തന്നെ.

എട്ടായിരം കിലോഗ്രാം ഭാരം താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കയക്കാൻ ഇപ്പോൾ ഇസ്രൊയ്ക്ക് കെൽപ്പുണ്ട്. ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് നാലായിരം കിലോഗ്രാമും. പക്ഷേ പുതിയ കാലത്ത് അത് പോര. കരുത്തിനിയും കൂട്ടണം. നൂറിന്റെ നിറവിൽ നിൽക്കുന്പോഴും മാറിയ ആഗോള ബഹിരാകാശ രംഗം ഇസ്രൊയ്ക്ക് മുന്നിലുണ്ട്. സ്പേസ് എക്സ് അടക്കം സ്വകാര്യ കന്പനികൾ വിക്ഷേപണ വാഹനങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ തന്നെ മാറ്റിമറിച്ചുകഴിഞ്ഞു. കരുത്തുറ്റ എഞ്ചിനുകൾ, വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകൾ. ഒരു വർഷം നൂറിലധികം വിക്ഷേപണങ്ങളാണ് സ്പേസ് എക്സ് നടത്തുന്നത്. സ്റ്റാർഷിപ്പ് എന്ന ഭീമൻ റോക്കറ്റ് കൂടി പ്രവർത്തന സജ്ജമായി ദൗത്യങ്ങൾ ഏറ്റെടുത്ത് തുടങ്ങിയാൽ ബഹിരാകാശ പര്യവേഷണത്തിന്റെ അടുത്ത കാലഘട്ടത്തിന് തുടക്കമാകും.
ചൈനയും ഈ രംഗത്ത് അതിവേഗം മുന്നേറുന്നു. വിക്ഷേപണങ്ങളുടെ എണ്ണം കൊണ്ടും റോക്കറ്റുകളുടെ കരുത്തു കൊണ്ടും അമേരിക്കയ്ക്കുള്ള എതിരാളി ചൈന മാത്രമാണിപ്പോൾ. അമേരിക്കയിൽ തന്നെ കൂടുതൽ സ്വകാര്യ കമ്പനികൾ സ്വന്തം വിക്ഷേപണ വാഹനങ്ങളുമായി രംഗപ്രവേശം ചെയ്തുകഴിഞ്ഞു. ഇസ്രൊയെ ഇവരുമായി താരതമ്യം ചെയ്യുന്നതിൽ അഭംഗിയുണ്ട്, ഇസ്രൊയുടെ വാർഷിക ബജറ്റിനെക്കാൾ വലിയ തുകയാണ് ഈ കമ്പനികൾ പക്ഷേ മാറുന്ന കാലത്തെ അംഗീകരിക്കാതെ മുന്നോട്ട് പോകുക സാധ്യമല്ല, അത് ഇസ്രൊയ്ക്കും നന്നായി അറിയാം.
സെമി ക്രയോജനിക് എഞ്ചിൻ എന്ന ദീർഘകാല സ്വപ്നത്തിനായുള്ള ജോലി പുരോഗമിക്കുകയാണ്. ന്യൂ ജനറേഷൻ ലോഞ്ച് വെഹിക്കിളിലൂടെ പുനരുപയോഗിക്കാവുന്ന കരുത്തേറിയ റോക്കറ്റിന്റെ വികസനത്തിലേക്ക് ഇസ്രൊ കടന്നു കഴിഞ്ഞു. സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കാനുള്ള ശ്രമവും മറ്റൊരു വശത്ത് പുരോഗമിക്കുന്നു. ഒന്നിൽ നിന്ന് നൂറിലേക്കെത്താൻ വേണ്ടി വന്നത് നാൽപ്പത്തിയാറ് വർഷം വേണ്ടി വന്നു. അടുത്ത നൂറ് വിക്ഷേപണങ്ങൾക്ക് അത്രയും സമയം എന്തായാലും വേണ്ടി വരില്ല.

