Asianet News MalayalamAsianet News Malayalam

ശത്രുരാജ്യങ്ങളുടെ റഡാർ കണ്ടുപിടിക്കാനുള്ള ഉപഗ്രഹവുമായി ഇന്ത്യ

മിഷൻ ശക്തിയെന്ന പേരിൽ നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിന്‍റെ വിജയത്തിന് തൊട്ടുപിന്നാലെയാണ് മറ്റൊരു നേട്ടം കൈവരിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്

Isro begins PSLV C45/Emisat mission
Author
India, First Published Apr 1, 2019, 6:43 AM IST

ശ്രീഹരിക്കോട്ട: എ സാറ്റ് പരീക്ഷണത്തിന് പിന്നാലെ ശത്രുരാജ്യങ്ങളുടെ റഡാർ കണ്ടുപിടിക്കാനുള്ള പ്രത്യേക ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. ഡിആര്‍ഡിഒയ്ക്ക് വേണ്ടിയുള്ള എമിസാറ്റിന്റെ വിക്ഷേപണമാണ് ഇന്ന് നടക്കുക. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 28 ഉപഗ്രഹങ്ങൾ കൂടി പിഎസ്എൽവി ഭ്രമണപഥത്തിലത്തിക്കും.

തിങ്കളാഴ്ച രാവിലെ 9.27നാണ് 29 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 45 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിക്കുക. മിഷൻ ശക്തിയെന്ന പേരിൽ നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിന്‍റെ വിജയത്തിന് തൊട്ടുപിന്നാലെയാണ് മറ്റൊരു നേട്ടം കൈവരിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. 436 കിലോ ഭാരമുള്ള എമിസാറ്റിനെ ഭൂമിയിൽ നിന്ന് 749 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് പിഎസ്എൽവി സി 45 റോക്കറ്റ് എത്തിക്കുക. ശത്രുരാജ്യങ്ങളുടെ റഡാർ നീക്കം മനസ്സിലാക്കലാണ് എമിസാറ്റിന്റെ ലക്ഷ്യം. 

ഇതിനുശേഷം അമേരിക്ക, സ്വിറ്റ്സർലാന്റ് , ലിത്വാനിയ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 28 ഉപഗ്രഹങ്ങളെ പിഎസ്എൽവി സി 45 ഭ്രമണപഥത്തിലെത്തിക്കും. 504 കലോമീറ്ററാണ് ഈ ഭ്രമണപഥത്തിലേക്ക് ഭൂമിയിൽ നിന്നുള്ള ദൂരം. തുടർന്ന് മറ്റൊരു ഭ്രമണപഥത്തിൽ അതായത് ഭൂമിയിൽ നിന്ന് 485 കിലോമീറ്റ‌ അകലെ റോക്കറ്റിന്‍റെ അവശേഷിച്ച ഭാഗം നിലയുറപ്പിക്കും. 

ചുരുക്കത്തിൽ ഒറ്റ വിക്ഷേപണത്തിൽ മൂന്ന് ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ എത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് പിഎസ്എൽവി സി 45 വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ഏറ്റെടുത്തിരിക്കുന്നത്. ഇതാദ്യമായി പൊതുജനങ്ങൾക്ക് വിക്ഷേപണം കാണാനുള്ള അവസരവും ശ്രീഹരിക്കോട്ടയിൽ ഒരുക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios