തോൽവിയറിയാതെ തുടർച്ചയായ ഇരുന്നൂറാം വിക്ഷേപണം. ഇസ്രൊയുടെ ഇപ്പോഴുപയോഗത്തിലുള്ള റോക്കറ്റുകളിലെ കാരണവരാണ് ആർഎച്ച് 200 എന്ന രോഹിണി 200.

തിരുവനന്തപുരം: രോഹിണി 200 സൗണ്ടിംഗ് റോക്കറ്റിന്റെ തുടർച്ചയായ ഇരുന്നൂറാം വിക്ഷേപണം വിജയം. തുമ്പയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും രാവിലെ 11.50നായിരുന്നു വിക്ഷേപണം. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിക്ഷേപണം കാണാനായി വിഎസ്എസ്‍സിയിൽ എത്തിയിരുന്നു.

തുമ്പയുടെ കടൽത്തീരത്ത് നിന്ന് ഒരു വട്ടം കൂടി രോഹിണി 200 കുതിച്ചുയർന്നു. തോൽവിയറിയാതെ തുടർച്ചയായ ഇരുന്നൂറാം വിക്ഷേപണം. ഇസ്രൊയുടെ ഇപ്പോഴുപയോഗത്തിലുള്ള റോക്കറ്റുകളിലെ കാരണവരാണ് ആർഎച്ച് 200 എന്ന രോഹിണി 200. ഇത് വരെ 541 വട്ടം ഈ മൂളക്കത്തോടെ ആർഎച്ച് 200 തീരുവനന്തപുരത്തിന്‍റെ ആകാശത്തെ കീറിമുറിച്ച് പറന്നിട്ടുണ്ട്. രാജ്യത്തെ ആദ്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം നടന്ന കടൽത്തീരത്ത് നിന്നുള്ള 2439ആം റോക്കറ്റ് വിക്ഷേപണം കൂടിയായിരുന്നു ഇന്നത്തേത്.

സ്വന്തം റോക്കറ്റെന്ന ഇന്ത്യൻ സ്വപ്നം യാഥാർത്ഥ്യമാക്കിയ രോഹിണി 75 ആദ്യം പറന്നത് 1967 സെപ്റ്റംബർ 20നാണ്. കൂടുതൽ കരുത്തയായ ആർഎച്ച് 200ന്‍റെ ആദ്യ വിക്ഷേപണം 1979 ജനുവരി ഒന്നിനായിരുന്നു. രോഹിണി 200, രോഹിണി 300, രോഹിണി 560 എന്നിങ്ങനെ മൂന്ന് സൗണ്ടിംഗ് റോക്കറ്റുകളാണ് ഇപ്പോൾ പ്രയോഗത്തിലുള്ളത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിലെ ഒരു നാഴികക്കല്ലിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രതികരിച്ചു. വിക്ഷേപണം കാണാനെത്തുന്ന കുട്ടികളുടെ മനസിന്‍റെ സന്തോഷം കൂടി പ്രധാനമാണന്ന് ഇസ്രൊ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.

YouTube video player

ഇന്നത്തെ വമ്പൻ വിക്ഷേപണ വാഹനങ്ങളുടെയെല്ലാം സാങ്കേതിക വിദ്യ ഇസ്രൊ പഠിച്ച് തുടങ്ങുന്നത് കാലാവസ്ഥ പഠനത്തിനുപയോഗിക്കുന്ന ഈ രോഹണി റോക്കറ്റുകളിലൂടെയാണ്. എല്ലാത്തിനും തുടക്കം കുറിച്ച തുമ്പ ഇക്വിറ്റോറിയൽ ലോഞ്ച് സ്റ്റേഷന്റെ അറുപതാം വാർഷികം കൂടിയാണ് ഈ വർഷം.