Asianet News MalayalamAsianet News Malayalam

വരുന്നൂ പുനരുപയോഗിക്കാവുന്ന വിക്ഷേപണവാഹനം, ആർഎൽവി പരീക്ഷണം ഉടൻ

ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനങ്ങൾ മാത്രമാണ് ഇസ്രൊയുടെ പക്കൽ ഇപ്പോഴുള്ളത്. ആർഎൽവി യാഥാർത്ഥ്യമാകുന്നതോടെ കുറഞ്ഞ ചെലവിൽ വിക്ഷേപണങ്ങൾ നടത്താൻ ഇസ്രൊയ്ക്കാവും

ISRO to conduct RLV Landing Experiment soon
Author
Trivandrum, First Published May 9, 2022, 4:33 PM IST

തിരുവനന്തപുരം: ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിൽ നിർണ്ണായകമായ ഒരു പരീക്ഷണത്തിനൊരങ്ങുകയാണ് ഐഎസ്ആർഒ. ആർഎൽവിയുടെ (റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ) ലാൻഡിംഗ് പരീക്ഷണം വൈകാതെ കർണാടകയിൽ വച്ച് നടക്കും. തിരുവനന്തപുരം വിഎസ്എസ്ലിയിലെ പ്രത്യേക സംഘമാണ് ആർഎൽവി വികസനത്തിന് പിന്നിൽ. 

ആർഎൽവി ലെക്സ് - റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ ലാൻഡിംഗ് എക്സ്പെരിമെൻ്റ്
ഒരു ഹെലികോപ്റ്ററിൻ്റെ സഹായത്തോടെ പരീക്ഷണ വാഹനത്തെ രണ്ടര കിലോമീറ്റർ ഉയരത്തിലെത്തിക്കും. ലാൻഡിംഗ് പാഡിൽ നിന്ന് മൂന്നര കിലോമീറ്റർ ദൂരെ വച്ച് ഈ ഉയരത്തിൽ നിന്ന് പേടകത്തെ ഹെലികോപ്റ്റർ താഴേക്കിടും. താഴേക്ക് വീഴുന്ന പേടകം സ്വയം സഞ്ചാര ദിശ നിയന്ത്രിച്ച് കൃത്യമായി ലാൻഡിംഗ് പാഡിൽ ഇറക്കുകയാണ് ലക്ഷ്യം.

ഹെലികോപ്റ്റർ പേടകത്തെ മോചിപ്പിച്ചു കഴിഞ്ഞാൽ ലാൻഡിംഗ് സ്ട്രിപ്പ് എവിടെയെന്ന് കണ്ടെത്തി ദിശാ ക്രമീകരണം നടത്തുകയാണ് ആദ്യ പടി, വേഗത കൃത്യമായി നിയന്ത്രിച്ച് ഒരു വിമാനം എങ്ങനെ ലാൻഡ് ചെയ്യുന്നോ അതുപോലെ പറന്നിറങ്ങണം.റൺവേയിൽ പേടകത്തിന്റെ ചക്രങ്ങൾ തൊടുന്നതിന് പിന്നാലെ ബ്രേക്ക് ചെയ്യുന്നതിനായ ഒരു പാരച്യൂട്ട് വിടരും. അമേരിക്കയുടെ സ്പേസ് ഷട്ടിലുകളും ലാൻഡ് ചെയ്തതിന് ശേഷം റൺവേയിൽ വേഗത കുറയ്ക്കാനായി പാരച്യൂട്ടുകൾ ഉപയോഗിച്ചിരുന്നു.

ISRO to conduct RLV Landing Experiment soon
 
ഹെലികോപ്റ്ററിൽ നിന്ന് പേടകത്തെ മോചിപ്പിക്കുന്നത് മുതൽ ലാൻഡിംഗ് വരെയുള്ള കാര്യങ്ങൾ അമ്പത് സെക്കൻഡ് കൊണ്ട് പൂർത്തിയാകും. കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ വച്ചാണ് നിർണ്ണായക പരീക്ഷണം നടത്തുന്നത്. ഡിആർഡിഒയുടെ എയിർസ്ട്രിപ്പാണ് പരീക്ഷണം നടത്താനായി തെരഞ്ഞെടുത്തിരുക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററാണ് പേടകത്തെ കൊണ്ടുപോകാൻ ഉപയോഗിക്കുക.

വേണം പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ
ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന റോക്കറ്റുകളാണ് ഇപ്പോൾ ഇസ്രൊ ഉപയോഗിക്കുന്ന എല്ലാം. അതിന് പകരമായി വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഒരു വിക്ഷേപണ വാഹനം  വികസിപ്പിക്കാനായുള്ള ശ്രമങ്ങൾ പത്ത് വർഷത്തിലധികമായി ഇസ്രൊ തുടങ്ങിയിട്ട്. ആർഎൽവിയുടെ രണ്ടാമത്തെ പരീക്ഷണമാണ് ചിത്രദുർഗയിൽ വച്ച് നടക്കുന്ന ലാൻഡിംഗ് എകസ്പെരിമൻ്റ്.  ആകെ അഞ്ച് പരീക്ഷണങ്ങളാണ് ഈ ശ്രേണിയിൽ പൂർത്തിയാക്കേണ്ടതായിട്ടുള്ളത്. 

ISRO to conduct RLV Landing Experiment soon

ആദ്യ പരീക്ഷണം 2016 മേയ് 23ന് നടന്ന ആർഎൽവി ഹെക്സ് ( ഹൈപ്പർ സോണിക് ഫ്ലൈറ്റ് എക്സ്പെരിമെൻ്റ്) ആയിരുന്നു. പിഎസ്എൽവിയുടെ ബൂസ്റ്റർ റോക്കറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി, അതിന് മുകളിൽ ആർഎൽവി പേടകത്തെ ബന്ധിപ്പിച്ചായിരുന്നു ഈ വിക്ഷേപണം. ഭൂമിയിൽ നിന്ന് 65 കിലോമീറ്റർ വരെ ഉയരത്തിൽ എത്തിയ പരീക്ഷണ വാഹനം 450 കിലോമീറ്റർ ദൂരം താണ്ടി മുൻനിശ്ചയിച്ചത് പോലെ ബംഗാൾ ഉൾക്കടലിൽ ഇടിച്ചിറങ്ങി. ഈ പരീക്ഷണം കഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇസ്രൊ ലാൻഡിംഗ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. 2021ൽ നിശ്ചയിച്ചിരുന്ന ദൌത്യം കൊവിഡ് മൂലം വൈകുകയായിരുന്നു. 

ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയാൽ ആർഎൽവി വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇസ്രോയ്ക്ക് ധൈര്യമായി കടക്കാം. റിട്ടേൺ ഫ്ലൈറ്റ് എക്സ്പെരിമെൻ്റാണ് ഈ ശ്രേണിയിൽ അടുത്തത്. അതിന് ശേഷം സ്ക്രാം ജെറ്റ്  പ്രൊപൽഷൻ എക്സ്പെരിമെൻ്റും.  രണ്ട് ഘട്ടങ്ങളുള്ള പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമെന്ന സ്വപ്നമാണ് ഇസ്രൊ കാണുന്നത്.  ഇതിലേക്കുള്ള ചവിട്ടുപടികളാണ് ഈ നടക്കുന്ന പരീക്ഷണങ്ങളെല്ലാം. 


 
 

Follow Us:
Download App:
  • android
  • ios